മേലുദ്ധ്യോഗസ്ഥരുടെ ധിക്കാരപരമായ നിലപാടില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സമരം നടത്തുന്നത് അപൂര്‍വ്വം: എം.പി.രാജീവന്‍

Monday 14 December 2015 10:19 pm IST

കണ്ണൂര്‍: മേലുദ്യോഗസ്ഥരുടെ ധിക്കാരപരമായ നിലപാടില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സമരം നടത്തുന്ന കാഴ്ച അപൂര്‍വ്വമാണെന്നും കണ്ണൂര്‍ ഹെഡ്‌പോസ്‌റ്റോഫീസിലെ ജീവനക്കാര്‍ക്ക് ഇത്തരമൊരു ദുരവസ്ഥ വന്നുവെന്നും ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷണല്‍ സൂപ്രണ്ടിനെതിരെ ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ കണ്ണൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച തുടര്‍ പ്രക്ഷോഭസമരം 3-ാം ഘട്ട റിലേ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ അനഭാവപൂര്‍വ്വം കണ്ടറിഞ്ഞ് ചെയ്യാന്‍ മേലുദ്യോഗസ്ഥന്‍ തയ്യാറാകുന്നില്ല. എന്നുമാത്രമല്ല ജീവനക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അദ്ദേഹം ത്യാറാകുന്നില്ല. ജീവനക്കാരുടെ ആനുകൂല്ല്യങ്ങള്‍ പലതും നിഷേധിക്കുന്നു. ഇത് ജീവനക്കാരെ അസ്വസ്ഥരാക്കുകയും സമരങ്ങള്‍ക്ക് പ്രേരിപ്പിക്കുകയുമാണ്. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ശക്തമായ സമരമുറകള്‍ തന്നെ നടപ്പിലാക്കും. ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ പ്രബല ട്രേഡ്‌യൂണിയന്‍ നേതാക്കള്‍ മേലുദ്ധ്യോഗസ്ഥരുമായി ഒത്തുകളിച്ച് അവരുടെ ആവശ്യങ്ങള്‍ മാത്രം നേടിയെടുക്കുന്നതായും എം.പി.രാജീവന്‍ കുറ്റപ്പെടുത്തി. കണ്ണൂര്‍ വിമാനത്താവള നിര്‍മാണം ആരംഭിച്ചപ്പോള്‍ അവിടെ പണിയെടുക്കുന്ന ആളുകള്‍ക്ക് മാന്യമായ വേതനം നല്‍കാന്‍ നിര്‍മാണ കമ്പനികള്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ നിര്‍മാണ കമ്പനികളുമായി ചര്‍ച്ച നടത്തിയ സ്ഥലം എംഎല്‍എ പാര്‍ട്ടിഫണ്ടിലേക്ക് സംഭാവനയും വാങ്ങി മടങ്ങുകയാണ് ഉണ്ടായത്. പ്രബല ട്രേഡ്യൂണിയനുകളെല്ലാം ഈ നിലപാട് സ്വീകരിച്ചപ്പോള്‍ ബിഎംഎസ് പ്രശ്‌നത്തില്‍ ഇടപെടുകയും അവിടെ പണിയെടുക്കുന്നവര്‍ക്ക് മാന്യമായ വേതനം ഉറപ്പുവരുത്തുകയുമാണുണ്ടായത്. ജീവനക്കാരുടെ 34 ഇന ആവശ്യങ്ങള്‍ അംഗീകരിക്കുക, പേസ്റ്റല്‍ സൂപ്രണ്ട് നീതിപാലിക്കുക എന്നീ ആവശങ്ങളുന്നയിച്ചാണ് സമരം ആരംഭിച്ചത്. കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനില്‍ സൂപ്രണ്ടിന്റെ അനാസ്ഥ ഒന്നുകൊണ്ടുമാത്രം കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി ജീവനക്കാരുടെ 34 ഇന ആവശ്യങ്ങളാണ് പരിഹരിക്കാതെ കിടക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിച്ചു. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ വാസയോഗ്യമല്ലാത്ത അവസ്ഥയാണ്. ഇത് വാസയോഗ്യമാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാരുടെ ഒരുമണിക്കൂര്‍ ജോലിക്ക് 24 രൂപയാണ് നിലവില്‍ ലഭിക്കുന്നത്. ഓഫീസ് വലിയ കട്ടെിടത്തിലേക്ക് മാറ്റിയിട്ടും പഴയ വേതനം മാത്രമാണ് ഇന്നും ഇവര്‍ക്ക് ലഭിക്കുന്നത്. ഇത് തികച്ചും നീതിനിഷേധമാണ്. ജീവനക്കാരുടെ പ്രതിനിധികളോടും മാന്യമായി പെരുമാറുക തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാര്‍ ഉന്നയിച്ചു. ജീവിനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ സെപ്റ്റംബര്‍ 18ന് പോസ്റ്റല്‍ സൂപ്രണ്ടിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. ഇതില്‍ തീരുമാനമാകാതെ വന്നതോടെ രണ്ടാം ഘട്ടമെന്ന നിലക്ക് സെപ്റ്റംബര്‍ 29ന് ഏകദിന കൂട്ടധര്‍ണ്ണ നടത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സൂപ്രണ്ട് അനുകൂല നിലപാടെടുത്തെങ്കിലും ഒന്നരമാസം പിന്നിട്ടിട്ടും നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് മൂന്നാം ഘട്ടം എന്ന നിലക്ക് അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന റിലേധര്‍ണ്ണ ആരംഭിക്കാന്‍ ജീവനക്കാരെ പ്രേരിപ്പിച്ചത്. ഇതിലും നടപടിയഒുണ്ടായില്ലെങ്കില്‍ നാലാംഘട്ടം അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ജീവനക്കാര്‍ അറിയിച്ചു. സമരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ബിപിഇയു ക്ലാസ്സ്-3 ജില്ലാ പ്രസിഡന്റ് ടി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രടട്‌റി പി.കെ.സദാനന്ദന്‍ സ്വാഗതം പറഞ്ഞു. ബിഎംഎസ് ജില്ലാ സെക്രടട്‌റി സി.വി.തമ്പാന്‍, എ.കെ.രാമകൃഷ്ണന്‍, എം.പി.ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന സമരം എന്‍ടിയു ജില്ലാ പ്രസിഡന്റ് എം.ടി.സുരേഷ് ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന സമരം ബിപിഇയു ഓള്‍ ഇന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.നാരായണനും, 17ന് സി.വി.രാജേഷും 18ന് എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എം.ടി.മധുസൂദനനും ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.