കേരളത്തില്‍ ഇനി മൂന്നാം ശക്തി: നരേന്ദ്രമോദി

Tuesday 15 December 2015 12:22 pm IST

ജനമുന്നേറ്റം… തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ എന്നിവര്‍ സമീപം

തൃശൂര്‍: കേരളജനത രാഷ്ട്രീയ പരിവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന്റെ വികസനത്തിന് ഇവിടുത്തെ രാഷ്ട്രീയ സാഹചര്യം മാറണമെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു. കേരളത്തെ കൊള്ളയടിക്കുന്ന രണ്ട് മുന്നണികളാണ് വികസനത്തിന് തടസ്സം. കേരള ജനത ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞു. ബിജെപി നേതൃത്വം നല്‍കുന്ന മൂന്നാം ശക്തി കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തുമെന്നും ഇത് കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് അനിവാര്യമാണെന്നും മോദി പറഞ്ഞു. തൃശൂരില്‍ സംഘടിപ്പിച്ച വന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

മുന്നണികളെ മാറിമാറി പരീക്ഷിച്ചതുകൊണ്ട് ഫലമില്ലെന്ന് കേരള ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. അനീതികളെയും അഴിമതിയേയും ഇല്ലാതാക്കുന്ന പാപത്തെ ഇല്ലാതാക്കുന്ന ശങ്കരന്റെ മൂന്നാം തൃക്കണ്ണ് പോലെയാണ് ബിജെപി നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണി. അത് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞതായും മോദി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിട്ടുള്ളത് കേരളത്തിനാണ്. ഐടി മേഖലയില്‍ കേരളത്തിന് വലിയ വളര്‍ച്ചാസാധ്യതയുണ്ട്.

മത്സ്യബന്ധന രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കും. മത്സ്യം കയറ്റുമതി ചെയ്യുന്നതിന് അവസരം ഒരുക്കും. സ്റ്റാര്‍ട്ടപ്പ് പദ്ധതികളില്‍ വനിതകള്‍ക്കും പിന്നോക്കക്കാര്‍ക്കും മുന്‍ഗണന നല്‍കും. ബാങ്കുകളുടെ ഒന്നേകാല്‍ലക്ഷം ബ്രാഞ്ചുകളോട് ഒരു വനിതക്കും ഒരു പിന്നോക്കക്കാരനും സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കായി നിര്‍ബന്ധമായും വായ്പ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുവഴി രണ്ടരലക്ഷം പദ്ധതികള്‍ക്ക് തുടക്കമാകും. കേരളത്തിന്റെ സാമ്പത്തിക രംഗത്തെ നെടുംതൂണായ ചെറുകിട വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ പദ്ധതിയൊരുക്കും. 2022ഓടെ എല്ലാവര്‍ക്കും വീട്, വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിവരികയാണ്. സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വായ്പകള്‍ നല്‍കണമെന്ന് ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. റബ്ബര്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. റബ്ബറിനെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കി മാറ്റുമെന്നും നരേന്ദ്രമോദി പറഞ്ഞു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ദരിദ്രരായ കുട്ടികള്‍ക്ക് പഠിക്കാന്‍ ഉദാരമായ വായ്പകള്‍ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപജീവനത്തിനായി ഉറ്റവരെ വിട്ട് വിദേശത്ത് തൊഴില്‍ ചെയ്യേണ്ടിവരുന്നവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരള യുവാക്കള്‍ക്ക് ഈ നാട്ടില്‍ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം. അതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.

ഭാരതത്തിലെ യുവാക്കളുടെ കര്‍മ്മശേഷിയിലുള്ള വിശ്വാസമാണ് വിദേശനിക്ഷേപത്തിലെ വര്‍ദ്ധനവിന് കാരണം. ഒരു വര്‍ഷം മുമ്പ് വ്യാവസായിക വളര്‍ച്ചാനിരക്ക് -2 ശതമാനമായിരുന്നു. ഇന്നത് 9.08 ശതമാനമാണ്. ഉത്പാദനമേഖലയില്‍ വളര്‍ച്ചാനിരക്ക് ഒരുവര്‍ഷം മുമ്പ് -5.6 ശതമാനമായിരുന്നു. ഇപ്പോഴത് 10.6 ശതമാനമാണ്. 15 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉത്പാദനമേഖലയില്‍ രേഖപ്പെടുത്തി. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തെ ഏത് ഭാഗത്ത് ജീവിക്കുന്ന ഭാരതീയരുടേയും ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്.

കേരളത്തില്‍ നിന്ന് ഗള്‍ഫ്‌മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസി മലയാളികളുടെ ലേബര്‍ ക്യാമ്പില്‍ താന്‍ സന്ദര്‍ശനം നടത്തിയ കാര്യവും മോദി അനുസ്മരിച്ചു. 2022ഓടെ ഭാരതത്തെ സമ്പന്ന ക്ഷേമരാഷ്ട്രമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളുടേയും ഒരുപോലെയുള്ള പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗ്രാമ നഗര ഭേദമില്ലാതെ വികസനം എത്തണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കരുതുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍, ദേശീയ സെക്രട്ടറി എച്ച്.രാജ, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവരും പ്രസംഗിച്ചു.

ജനങ്ങള്‍ ബിജെപിയെ അനുഗ്രഹിച്ചുതുടങ്ങി

കേരളത്തിലെ ജനങ്ങളും ബിജെപിയെ അനുഗ്രഹിക്കാന്‍ തുടങ്ങിയതാണ് കഴിഞ്ഞ മാസം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നമുക്ക് ലഭിച്ച നേട്ടം. ഈ അംഗീകാരത്തിന് ഞാന്‍ കേരളത്തിലെ ജനങ്ങളോട് നന്ദി പറയുകയാണ്.ദുബായിലെയും അബുദബിയിലെയും ലേബര്‍കോളനിയില്‍ ഞാന്‍ പോയി അവിടുത്തെ സാഹചര്യങ്ങള്‍ മനസിലാക്കി. അവരുടെ കഷ്ടപ്പാടുകള്‍ കണ്ടു. ജനലക്ഷങ്ങളാണ് ഇവിടെ നിന്ന് പോയി ജോലി നോക്കുന്നത്. ഇന്നത്തെ സര്‍ക്കാര്‍ അവരുടെ ക്ഷേമം അന്വേഷിക്കുന്നുണ്ട്.

ഭീകര പ്രവര്‍ത്തനം നടക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഭാരതീയരുണ്ട്. അവിടെ നിന്ന് ഭീകരതയുടെ വാര്‍ത്ത വരുമ്പോള്‍ നാം അവരെ ഓര്‍ത്തുപോകും. അവിടങ്ങളില്‍ വസിക്കുന്ന ഭാരതീയരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്റെ സര്‍ക്കാര്‍ നിരവധി നടപടികളാണ് എടുത്തിരിക്കുന്നത്.

തൃശ്ശിവപേരൂര്‍ കാവിക്കടല്‍; അലമാലകളായി ജനപ്രവാഹം

തൃശൂര്‍: വാനിലുയര്‍ന്നു പറക്കുന്ന ആയിരമായിരം കാവിക്കൊടികള്‍ വടക്കുന്നാഥക്ഷേത്ര മൈതാനിയെ കാവിക്കടലാക്കി. ജനലക്ഷങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ആവേശപൂര്‍വ്വമുയര്‍ന്ന ഭാരത് മാതാ കീ ജയ് ഘോഷം നഗരഹൃദയത്തില്‍ മാറ്റൊലികളായി അലയടിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറിയ മഹാസമ്മേളനം തൃശൂരില്‍ പുതിയൊരു പൂരം വിരിയിച്ചു.

ആവേശഭരിതരായ പ്രവര്‍ത്തകര്‍ കൂട്ടംകൂട്ടമായി തിരമാലകള്‍പോലെ വന്നണഞ്ഞപ്പോള്‍ സമ്മേളനനഗരി തിരക്കില്‍ വീര്‍പ്പുമുട്ടി. ഇന്നലെ ഉച്ചമുതല്‍ നാടും നഗരവും ഇളകിമറിഞ്ഞ് ഒഴുകിയെത്തുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍. രണ്ടരലക്ഷത്തോളം പ്രവര്‍ത്തകര്‍ സമ്മേളനത്തിനെത്തിയതായാണ് കണക്കാക്കുന്നത്. വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രധാനമന്ത്രി വേദിയിലെത്തുക എന്ന് അറിയിച്ചിരുന്നുവെങ്കിലും ഉച്ചക്ക് മൂന്നുമണിയോടെതന്നെ സമ്മേളന നഗരി നിറഞ്ഞു.

സ്ത്രീകളുടെ സാന്നിദ്ധ്യം അത്ഭുതപ്പെടുത്തുന്നതായി. വൈകിയെത്തിയവര്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ പോലുമാകാത്തവിധം മൈതാനി നിറഞ്ഞു. രാവിലെ മുതല്‍ ഗ്രൗണ്ടിന്റെ പ്രധാന കവാടങ്ങളില്‍ പ്രവേശനം കാത്ത് പ്രവര്‍ത്തകര്‍ കാത്തുനിന്നു. സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കി വൈകിട്ട് രണ്ടുമണിയോടെയാണ് ഗ്രൗണ്ടിലേക്ക് ആളുകളെ പ്രവേശിപ്പിച്ചുതുടങ്ങിയത്. മൂന്ന് ഭാഗത്തും സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറുകളിലൂടെയായിരുന്നു പ്രവേശനം.

രണ്ടുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന മൈതാനം, ഒരു മണിക്കൂര്‍കൊണ്ട് പൂര്‍ണമായും നിറഞ്ഞു. പ്രത്യേകം ക്ഷണിച്ച വിശിഷ്ടാതിഥികള്‍ക്കായി തയ്യാറാക്കിയ പതിനായിരത്തോളം കസേരകളും ഈ സമയം പൂര്‍ണമായും നിറഞ്ഞിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് കൃത്യസമയത്തുതന്നെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സമ്മേളന നഗരിയിലെത്തി. ഇതോടെ കാത്തുനിന്ന ജനലക്ഷങ്ങളുടെ ആവേശം അണപൊട്ടിയൊഴുകി. ഭാരത് മാതാ കീ ജയ്, നരേന്ദ്രമോദീ കീ ജയ് വിളികളാല്‍ അന്തരീക്ഷം പ്രകമ്പനം കൊണ്ടു. ഒരു മണിക്കൂര്‍ നീണ്ട പ്രധാനമന്ത്രിയുടെ പ്രസംഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ പരിഭാഷപ്പെടുത്തി.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അവിടങ്ങളിലെ ധാരാളം നഴ്‌സുമാര്‍ പ്രശ്‌നത്തില്‍ പെട്ടു. അവരില്‍ ഒരാള്‍ക്കു പോലും ഒരു പോറല്‍ പോലുമില്ലാതെ എത്തിക്കാന്‍ കഴിഞ്ഞു. യെമനില്‍ യുദ്ധം ഉണ്ടായപ്പോള്‍ അയ്യായിരത്തിലധികം പേരെയാണ് നാം മടക്കിക്കൊണ്ടുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.