തിരുവങ്ങൂര്‍: കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച കലാ ഉത്സവ് 2015 ല്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത തിരുവങ്ങൂര്‍ എച്ച്എസ് എസിന് നാടന്‍ പാട്ട് വിഭാഗത്തില്‍ ദേശീയാംഗീകാരം.
തൃശൂരില്‍ നടന്ന സം സ്ഥാന തല മത്സരത്തില്‍ വിജയികളായാണ് ഡല്‍ഹിയില്‍ നടന്ന കലാ ഉത്സവില്‍ പങ്കെടുക്കാന്‍ ഇവര്‍ ആര്‍ഹത നേടിയത്.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടന്‍ പാട്ടില്‍ ഒന്നാം സ്ഥാനം നേടിയത് തിരുവങ്ങൂര്‍ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളായിരുന്നു. സ്കൂള്‍ മ്യൂസിക് ക്ലബിലെ പത്ത് പ്രതിഭകളാണ് സംഘത്തിലുണ്ടായിരുന്നത്.
സ്കൂള്‍ സംഗീതാധ്യാപകനായ അനീശന്‍, നാടന്‍പാട്ട് കലാകാരനായ മജീഷ് കാരയാട് എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ നാടന്‍ പാട്ട് അഭ്യസിച്ചത്.
കലാകാരന്മാര്ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാവിലെ കൊയിലാണ്ടി പൗരാവലി വരവേല്‍പ്പ് നല്കി.
കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്മാന് അഡ്വ. കെ. സത്യന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന് കോട്ട്, സ്കൂള്‍ ഹെഡ്മാസ്റ്റര് ഇ.കെ. അശോകന്, പി. ടി. എ പ്രസിഡന്റ് മാടഞ്ചേരി സത്യനാഥന്, സ്റ്റാഫ് സെക്രട്ടറി ടി. പി അജയന്, ജനപ്രതിനിധികള്‍ അധ്യാപകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: