കോമളപുരം സ്പിന്നിങ് മില്‍ ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും

Tuesday 15 December 2015 8:38 pm IST

ആലപ്പുഴ: കോമളപുരം സ്പിന്നിങ്-വീവിങ് മില്ലില്‍ പഴയ തൊഴിലാളികളെ വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമിക്കും. കളക്ടര്‍ എന്‍. പത്മകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. സ്പിന്നിങ് മില്ല് ജനുവരി അവസാന ആഴ്ച പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പഴയതൊഴിലാളികളെ വ്യവസ്ഥകള്‍ക്കു വിധേയമായി ജോലിക്കെടുക്കും. വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ പഴയ തൊഴിലാളികളായ 202 പേരാണ് അപേക്ഷ നല്‍കിയത്. 115 പേരെയാണ് ആദ്യഘട്ടത്തില്‍ ആവശ്യമുള്ളത്. അപേക്ഷകരില്‍ 55 പേര്‍ സ്ഥിരംജീവനക്കാരും 147 പേര്‍ ബദലി വിഭാഗത്തില്‍പ്പെടുന്നവരുമാണെന്ന് ടെക്‌സ്റ്റൈല്‍ കോര്‍പറേഷന്‍ എംഡി എം. ഗണേഷ് അറിയിച്ചു. 56 വയസില്‍ താഴെപ്രായമുള്ള പഴയ ജീവനക്കാരെയാണ് നിയമനത്തിനു പരിഗണിക്കുക. ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷമെങ്കിലും സര്‍വീസ് ഉണ്ടായിരിക്കണം. സ്ഥിരം-ബദലി തൊഴിലാളികളെ ഉള്‍പ്പെടുത്തി റാങ്ക് പട്ടിക തയാറാക്കി അതില്‍നിന്ന് സര്‍വീസ് സീനിയോറിട്ടിയോടൊപ്പം കായികക്ഷമതയും കഴിവും വിലയിരുത്തുന്ന ടെസ്റ്റ് നടത്തി നിയമനം നല്‍കും. ടെസ്റ്റിനായി സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും. ഏജന്‍സിയുടെ പ്രതിനിധി, എല്ലാ തൊഴിലാളി യൂണിയനുകളുടെയും പ്രതിനിധികള്‍, മാനേജ്‌മെന്റ് പ്രതിനിധി, സ്‌പെഷല്‍ ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന. സ്ഥിരംതൊഴിലാളികളെ പരിഗണിച്ചുകഴിഞ്ഞാല്‍ ബദലിയില്‍ നിന്ന് നിയമനം നടത്തും. തൊഴിലാളികളുടെ ടെസ്റ്റ് നടക്കുന്നതിന് മുമ്പ് അഞ്ചുദിവസം പരിശീലനം നേടാന്‍ അവസരം നല്‍കും. ആറാമത്തെ ദിവസം തന്നെ ടെസ്റ്റ് നടപടി പൂര്‍ത്തിയാക്കും. ഇതിനായി ജനറേറ്റര്‍ കൊണ്ടുവന്ന് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. വൈദ്യുതി കണക്ഷന്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവയുടെ നടപടിക്രമം ഉടന്‍ പൂര്‍ത്തിയാകുമെന്ന് കെഎസ്ടിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് 3,00 രൂപയും അവിദഗ്ധ തൊഴിലാളികള്‍ക്ക് 2,75 രൂപയുമായിരിക്കും വേതനം. ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങളുമുണ്ടാകും. മില്ല് പ്രവര്‍ത്തനം ആരംഭിച്ച് ആറുമാസത്തിനുശേഷം വേതനം പുനരവലോകനം ചെയ്യാനും തീരുമാനമായി. സ്്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുമ്പോള്‍ 18,240 സ്പിന്‍ഡലായിരിക്കും ഉത്പാദന ശേഷിയെന്ന് കേരള ടെക്‌സ്‌റ്റെല്‍സ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. 19 നൂല്‍നൂല്പുയന്ത്രങ്ങളും 30 നെയ്ത്തു യന്ത്രങ്ങളും ഉപയോഗിക്കും. ആദ്യഘട്ടത്തില്‍ അഞ്ചു നൂല്‍നൂല്പു യന്ത്രങ്ങളാണ് ഉപയോഗിക്കുക. 4,800 സ്പിന്‍ഡലാണ് ഉത്പാദന ശേഷി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.