കോര്‍പറേഷന്‍ അറവുശാലയുടെ നിയന്ത്രണം പോപ്പുലര്‍ ഫ്രണ്ടിന്റെ ഗുണ്ടാസംഘത്തിന്

Tuesday 15 December 2015 10:59 pm IST

കൊച്ചി: കലൂരിലുള്ള കോര്‍പറേഷന്‍ അറവുശാല നിയന്ത്രിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഗുണ്ടാസംഘം. യാതൊരുവിധ പരിശോധനകളും നടത്താതെ ഗര്‍ഭിണികളടക്കമുള്ള മിണ്ടാപ്രാണികളെ ക്രൂരമായി അറക്കുന്ന ഇവിടെ പ്രതിഷേധമുയര്‍ത്തിയാല്‍ ഗുണ്ടാ സംഘങ്ങള്‍ വധ ഭീഷണി മുഴക്കുകയും മര്‍ദ്ദനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നും ആരോപണമുണ്ട്. ഇതിന് മുമ്പ് നിരവധി തവണ ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പോലീസില്‍ വിവിധ സംഘടനകള്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങി ഒരു ദിവസം കഴിഞ്ഞതിന് ശേഷം മാത്രമേ അറക്കാന്‍ പാടൂള്ളുവെന്ന നിയമവും ഇവിടെ ലംഘിക്കുകയാണ്. ഡോക്ടര്‍മാരെ പോലും ഭീഷണിപ്പെടുത്തിയാണ് സാക്ഷ്യപത്രം തയ്യാറാക്കുന്നത്. രാത്രി പന്ത്രണ്ട് മണിയോടെ മിണ്ടാപ്രാണികളെ കലൂരിലെ അറവുശാലയില്‍ തലയ്ക്കടിച്ച് കൊല്ലുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നടക്കുന്ന ക്രൂരതക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുപോലും നടപടി ഉണ്ടായിട്ടില്ല. അറയ്ക്കുന്നതിന് മുമ്പ് മാടുകള്‍ക്ക് തുരിശ് ചേര്‍ത്ത വെള്ളമാണ് നല്‍കുന്നത്. ഇതുമൂലം രക്തം കട്ടപിടിക്കുകയും ഇറച്ചിക്ക് തൂക്കം ലഭിക്കുകയും ചെയ്യും. കോര്‍പ്പറേഷന്‍ നല്‍കിയ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് ഇവിടെ അറവ് നടക്കുന്നത്. അറവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയും നടക്കുന്നുണ്ട്. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനധികൃത അറവ് നടക്കുന്നത്. കഴിഞ്ഞ ദിവസം എസ്പിസിഎ പ്രവര്‍ത്തകര്‍ പ്രസവിച്ച പശുവിനെയും കുട്ടിയെയും അറക്കാനുള്ള ശ്രമം തടഞ്ഞിരുന്നു. തടയുന്നതിന് മുമ്പ് പോലീസ് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ വരാന്‍ വിസമതിച്ചതായും പിന്നീട് കടുത്ത സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് പോലീസ് എത്തിയതെന്ന് എസ്പിസിഎ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. സംഭവം വിവാദമായപ്പോള്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും വിഎച്ച്പി പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് നടക്കാതെ പോയത്. പരിശോധനയ്ക്കിടെ പ്രസവിച്ച പശുവിനെയും കിടാവിനെയും അറവുശാലയിലെ പിറകിലെ വാതിലിലൂടെ ജീവനക്കാര്‍ തന്ത്രപൂര്‍വ്വം മാറ്റുകയായിരുന്നു. മുതുകുളങ്ങര ക്ഷേത്രം ഗോശാലയിലേക്കാണ് പശുവിനെയും കിടാവിനെയും മാറ്റിയിരിക്കുന്നത്. അനധികൃത അറവിനെതിരെ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂയല്‍റ്റി ടു ആനിമല്‍സ്, കേന്ദ്രമന്ത്രി മേനകഗാന്ധി, ജില്ലാകലക്ടര്‍, മേയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നടപടി ഉണ്ടാകാത്ത പക്ഷം ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരാവാഹികള്‍ പറഞ്ഞു. മാലിന്യം നിറഞ്ഞ് വൃത്തി ഹീനമായ സ്ഥലത്താണ് അറവ് നടക്കുന്നത്. ദിവസവും 10 മുതല്‍ 15 വരെ കന്നുകാലികളെ കശാപ്പു ചെയ്യുന്നത്. കൊച്ചി നഗരത്തില്‍ നടക്കുന്ന ഇത്തരം കശാപ്പുശാലകള്‍ക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വിഎച്ച്പി, ഹിന്ദു ഹെല്‍പ്പ് ലൈന്‍ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.