മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം

Tuesday 15 December 2015 11:00 pm IST

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനായി 2009ല്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് 2015 ല്‍ പരിഹാരം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഹൃദ്‌രോഗിയായ വയോധികയ്ക്ക് മുഖ്യമന്ത്രി 25,000 രൂപ ധനസഹായം അനുവദിച്ചത്. എറണാകുളം സ്വദേശിനി കെ.കെ. മോളിയുടെ അപേക്ഷയിലാണ് നടപടി. 2009 ആഗസ്റ്റ് 23ന് ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കാന്‍ മോളി അപേക്ഷ നല്‍കിയിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ മോളിക്ക് കത്തും നല്‍കി. മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ എറണാകുളം ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. 2009ല്‍ നല്‍കിയ അപേക്ഷ കാണാനില്ലെന്നാണ് അധികൃതര്‍ നല്‍കിയ മറുപടി. എന്നാല്‍ അനേ്വഷണം നടത്തി തഹസില്‍ദാരുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. പരാതിക്കാരിയുടെ മകന്‍ എബിന്‍ജോണ്‍ 2012ല്‍ മരിച്ചെന്നും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് റവന്യൂ വകുപ്പില്‍ നിന്നും കമ്മീഷന്‍ വിശദീകരണം തേടി. 2009ല്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് സര്‍ക്കാരിന് ലഭിച്ചതായി റവന്യൂവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ജസ്റ്റിസ് ജെ.ബി. കോശിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോളിക്ക് ദുരിതാശ്വാസനിധിയില്‍ നിന്നും 25,000 രൂപ 2015 നവംബര്‍ 24ന് അനുവദിച്ചു. തുക എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.