കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനം തിരുവപ്പനയുത്സവം 18 ന് ആരംഭിക്കും

Tuesday 15 December 2015 11:11 pm IST

കണ്ണൂര്‍: ഉത്തരകേരളത്തിലെ മുത്തപ്പന്‍ മഠങ്ങളുടെ മൂലസ്ഥാനമായ കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനം തിരുവപ്പനയുത്സവം 18 ന് ആരംഭിക്കുമെന്ന് കുന്നത്തൂര്‍പാടി ദേവസ്ഥാനം പാരമ്പര്യ ട്രസ്റ്റിയും ജനറല്‍ മാനേജറും കരക്കാട്ടിടം വാണവരുമായ എസ്.കെ.കുഞ്ഞിരാമന്‍ നായനാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലമുകളിലെ മുത്തപ്പ സന്നിധിയില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന തിരുവപ്പനയുത്സവം 18 ന് തുടങ്ങും. ഉത്സവത്തിന് മുന്നോടിയായുള്ള പാടിയില്‍പ്പണി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. 18 മുതല്‍ ജനുവരി 16 വരെയാണ് തിരുവപ്പന മഹോത്സവം. ഉത്സവത്തിന്റെ ആദ്യദിനം മാത്രം മുത്തപ്പന്റെ നാല് ജീവിതഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയമുത്തപ്പന്‍, പുറംകാലമുത്തപ്പന്‍, നാടുവാഴിശ്ശന്‍ ദൈവം, തിരുവപ്പന എന്നീ രൂപങ്ങള്‍ കെട്ടിയാടും. മറ്റ് ഉത്സവദിനങ്ങളില്‍ വൈകുന്നേരം 4.30 ന് ഊട്ടും വെള്ളാട്ടവും രാത്രി 9.30 ന് തിരുവപ്പനയും കെട്ടിയാടും. മുത്തപ്പന്റെ അമ്മയായി ആരാധിക്കുന്ന മൂലംപെറ്റ ഭഗവതിയുടെ കോലവും കെട്ടിയാടും. വിദേശമദ്യം നിരോധിച്ചിട്ടുള്ള പാടിയില്‍ പനംകള്ളും മത്സ്യ മാംസാദികളുമാണ് ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നത്. ഉത്സവ ദിനങ്ങളില്‍ 24 മണിക്കൂറും മുത്തപ്പ ദര്‍ശനത്തിനായി പാടിയില്‍ സൗകര്യമേര്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും അന്യജില്ലകളില്‍ നിന്നും കുടകില്‍ നിന്നുമായി 15 ലക്ഷത്തിലധികം ഭക്തര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.