കണ്ണൂര്‍: ഉത്തര കേരള മലയന്‍ സമുദായോദ്ധാരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ മഹിളാ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലയന്‍ സമുദായത്തിലെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും സര്‍ക്കാറില്‍ നിന്ന് മതിയായ പരിരക്ഷ ലഭിക്കണമെന്നും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. 50 വയസ്സു കഴിഞ്ഞ നാടന്‍ പേറ്റിച്ചിമാര്ക്ക് പെന്ഷന് അനുവദിക്കുക, സമുദായത്തിലെ 18 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് ജെപിഎച്ച്എന്‍ പരിശീലനത്തില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുക, മുഴുവന്‍ കുടുംബങ്ങളേയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങി മറ്റ് നിരവധി ആവശ്യങ്ങളും സമുദായ സംഘം നേതാക്കള്‍ ഉന്നയിച്ചു. ധര്‍ണ്ണ എ.പി.അബ്ദുളളക്കുട്ടി ഉദ്ഘാടനം ചെയ്യും. യുകെഎംഎസ്എസ് മഹിളാ സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് ബി.എം.ശരണ്യ അധ്യക്ഷത വഹിക്കും. എം.പി.കൃഷ്ണന്, മനോഹരന് പണിക്കര്‍, ഡോ.കെ.വി.ഫിലോമിന തുടങ്ങിയവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ യുകെഎംഎസ്എസ് മഹിളാ സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് ബി.എം.ശരണ്യ, സെക്രട്ടറി എം.പി.സതി, ജനറല്‍ സെക്രട്ടറി എം.കൃഷ്ണന് പണിക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: