രാഷ്ട്രത്തിന്റെ കരുത്തും അഭിമാനവും

Wednesday 16 December 2015 12:04 am IST

സേനാതലവന്‍മാരുമായി ഒരിക്കല്‍ക്കൂടി ഒത്തുചേരാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ദല്‍ഹിക്കുപുറത്തുള്ള ഒരു കേന്ദ്രത്തിലാണു നാം കണ്ടുമുട്ടുന്നതെന്നതും ആഹ്ലാദകരം തന്നെ. ഒരു മാറ്റം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. അതാകട്ടെ, നാവികസേനയുടെ മികവാര്‍ന്ന ആതിഥ്യം മാത്രം കൊണ്ടല്ല. കൊച്ചി ഇന്ത്യാ മഹാസമുദ്രത്തിന്റെ നെറുകയിലാണ്. നമ്മുടെ നാവികസൈന്യ ചരിത്രത്തിന്റെ നിര്‍ണായകസന്ധിയിലുമാണ്. സമുദ്രങ്ങള്‍ ഭാരതത്തിന്റെ ചരിത്രത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അഭിവൃദ്ധിയാര്‍ന്ന ഭാവിയിലേക്കും സുരക്ഷയിലേക്കുമുള്ള നമ്മുടെ പാതയുടെ അടിസ്ഥാനവും ഈ സമുദ്രം തന്നെയാണ്. ലോകത്തിന്റെ മഹാഭാഗ്യങ്ങളുടെ താക്കോല്‍ സമുദ്രത്തിന്റെ കയ്യിലാണെന്നു പറയാം. ഈ വിമാനവാഹിനിക്കപ്പല്‍ നമ്മുടെ നാവിക കരുത്തിന്റെ സാക്ഷ്യവും സമുദ്രത്തിന്റെ കാര്യത്തില്‍ നമുക്കുള്ള ഉത്തരവാദിത്തത്തിന്റെ പ്രതീകവുമാണ്. ഭാരത സൈന്യം എന്നും അറിയപ്പെട്ടിട്ടുള്ളതു കരുത്തിന്റെ പേരില്‍ മാത്രമല്ല, അത് ഉപയോഗപ്പെടുത്തുന്നതിലെ പക്വതയുടെയും ഉത്തരവാദിത്തബോധത്തിന്റെയും പേരില്‍കൂടിയാണ്. സൈന്യം നമ്മുടെ കടലുകളെ പ്രതിരോധിക്കുകയും അതിര്‍ത്തികളെ സംരക്ഷിക്കുകയും ചെയ്യുന്നു. അവര്‍ നമ്മുടെ രാജ്യം കാക്കുകയും പൗരന്മാരെ സുരക്ഷിതരാക്കുകയും ചെയ്യുന്നു. ദുരിതങ്ങളും സംഘട്ടനങ്ങളുമുണ്ടാകുമ്പോള്‍ ആശ്വാസമെത്തിക്കുന്നതിനപ്പുറം ജനങ്ങളില്‍ പ്രതീക്ഷ വളര്‍ത്താനും സൈന്യത്തിനു സാധിക്കുന്നു. അവരാണു രാഷ്ട്രമെന്ന ആവേശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതും ലോകത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ പ്രാപ്തമാക്കുന്നതും. ചെന്നൈയില്‍ പേമാരിയെയും കരകവിഞ്ഞൊഴുകിയ നദിയെയും വെല്ലുവിളിച്ചു നിങ്ങള്‍ ജീവന്‍ രക്ഷിക്കാനിറങ്ങി. നേപ്പാളില്‍ സധൈര്യം, മാനുഷികതയോടെ ദയാപൂര്‍വം നിങ്ങള്‍ സേവനം നടത്തി. നേപ്പാളിലേതുപോലെത്തന്നെ, യെമനില്‍ സംഘര്‍ഷമുണ്ടായപ്പോഴും ഭാരതീയര്‍ക്കു നേരെ മാത്രമല്ല, ദുരിതത്തില്‍ പെട്ട എല്ലാവര്‍ക്കുംനേരെ നിങ്ങള്‍ സഹായഹസ്തം നീട്ടി. നമ്മുടെ സൈന്യം രാഷ്ട്രത്തിന്റെ നാനാത്വത്തെയും ഏകത്വത്തെയും പ്രതിഫലിപ്പിക്കുന്നു. ഏറ്റവും ഉജ്വലമായ സൈനികപാരമ്പര്യവും കാലാതീതമായ ഭാരതീയ സംസ്‌കൃതിയും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നിങ്ങള്‍ നല്‍കുന്ന മാതൃകാപരമായ നേതൃത്വമാണ് സൈന്യത്തെ നേട്ടങ്ങളിലേക്കു നയിക്കുന്നത്. സൈന്യത്തോടു രാജ്യത്തിനുള്ള കടപ്പാട് ഞാന്‍ അറിയിക്കുകയാണ്. ഭാരതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനായി സേവനസന്നദ്ധരായി മഹാത്യാഗം ചെയ്തവര്‍ക്കു ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. നമ്മുടെ ചിന്തകള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള അതിര്‍ത്തിമേഖലകളില്‍ ജാഗ്രതാപൂര്‍വം നിലകൊള്ളുന്ന ഭടന്മാര്‍ക്കൊപ്പമാണ്; അവര്‍ വീട്ടില്‍നിന്ന് അതിര്‍ത്തിയിലേക്കു തിരിക്കുമ്പോള്‍ ആശങ്കകളോടെ യാത്രാമംഗളം നേരുന്ന കൂടുംബാംഗങ്ങള്‍ക്കൊപ്പമാണ്; ചിലപ്പോള്‍ അവരുടെ ശവമഞ്ചം കാണേണ്ടിവരുന്ന ബന്ധുക്കള്‍ക്കൊപ്പമാണ്. യുവത്വത്തിന്റെ പ്രസരിപ്പുള്ള ഒരു ഓഫീസറെ സംബന്ധിച്ചിടത്തോളം തന്റെ കഴിവില്ലായ്മകൊണ്ടല്ല, മറിച്ച് അവസരങ്ങളുടെ കുറവുനിമിത്തം സ്ഥാനക്കയറ്റം ലഭിക്കാതെപോകുമ്പോഴുണ്ടാകുന്ന മനോവിഷമം എനിക്കറിയാം. അതുകൊണ്ട്, നിങ്ങളുടെ സേവനങ്ങളെ വിലമതിക്കുകയെന്നതും നിങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയെന്നതുമാണു ഞങ്ങളുടെ പ്രധാന ചുമതല. ഇക്കാരണത്താലാണ്, ദശാബ്ദങ്ങളായി നടക്കാതെപോയ ഒരുറാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി വാഗ്ദാനം നടപ്പാക്കാന്‍ ഞങ്ങള്‍ അതിവേഗം നടപടികളെടുത്തത്. നിങ്ങള്‍ ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന ദേശീയ യുദ്ധസ്മാരകവും മ്യൂസിയവും തലസ്ഥാനത്തു നിര്‍മിക്കും. സര്‍വീസില്‍നിന്നു വിരമിച്ചശേഷവും രാഷ്ട്രസേവനം ചെയ്യാന്‍ പര്യാപ്തരാക്കുന്നതിനായി മുന്‍ സൈനികരുടെ തൊഴില്‍നൈപുണ്യ വികസനത്തിനു നടപടി കൈക്കൊള്ളും. അവര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കാനും ശ്രമിക്കും. ആഭ്യന്തര സുരക്ഷാസേനകളോടുള്ള ആദരവും ഞാന്‍ പ്രകടിപ്പിക്കുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തി സമാധാനപൂര്‍ണമായി നിലനിര്‍ത്തുന്നതിലും ഇടതുപക്ഷ തീവ്രവാദത്തെ പ്രതിരോധിക്കുന്നതിലും ജമ്മു-കശ്മീരിലെ ഭീകരവാദപ്രവര്‍ത്തനങ്ങളെ നേരിടുന്നതിലും അവരുടെ ശൗര്യവും ത്യാഗവും നിര്‍ണായകമാണ്. വളരെക്കാലമായി നിലനില്‍ക്കുന്ന നാഗാ പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ പുതിയ പ്രതീക്ഷകള്‍ സൃഷ്ടിക്കാന്‍ സാധിച്ചതിനു മധ്യവര്‍ത്തികളെ ഞാന്‍ അഭിനന്ദിക്കുന്നു. മാറ്റത്തിന്റെ അനല്‍പമായ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണ് ഇന്ത്യ. രാജ്യത്തു വലിയ പ്രതീക്ഷകളുടെയും ശുഭചിന്തകളുടെയും വേലിയേറ്റമാണ്. ആഗോളതലത്തില്‍ ഇന്ത്യയെക്കുറിച്ച് ഒരു പുതിയ ആത്മവിശ്വാസവും താല്‍പര്യവുമുണ്ട്. ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സാമ്പത്തികശക്തിയായി നാം മാറി. അതുമാത്രമല്ല, നമ്മുടെ സമ്പദ്‌വ്യവസ്ഥ ഉറച്ച പാതയിലാണെന്നതും ശ്രദ്ധേയമാണ്. നമ്മുടെ ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയിരിക്കുന്നു. ഭാവി മുന്നില്‍ കണ്ടുകൊണ്ട്, ഏറ്റവും നവീനമായ അടിസ്ഥാനസൗകര്യം നാം അതിവേഗം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. വിദേശനിക്ഷേപം കുത്തനെ ഉയരുന്നു എന്നതു സൂചിപ്പിക്കുന്നത് ബിസിനസ് ചെയ്യാന്‍ സാധിക്കുന്ന രാജ്യമാണെന്ന തിരിച്ചറിവുണ്ടാകുന്നു എന്നാണ്. അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പാകുമെന്നും അവസരങ്ങള്‍ തേടിയെത്തുമെന്നുമുള്ള ആത്മവിശ്വാസം ഓരോ പൗരനിലുമുണ്ട്. ഇത് ഭാരതത്തിന്റെ പുരോഗതിക്കും സുരക്ഷയ്ക്കും അനിവാര്യമാണ്. പരസ്പര ആശ്രിതത്വമുള്ള വര്‍ത്തമാനകാല ലോകത്തില്‍ ഇന്ത്യയുടെ പരിവര്‍ത്തനം അന്തര്‍ദേശീയ പങ്കാളിത്തങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. നമ്മുടെ സുരക്ഷയുടെ കാര്യവും അങ്ങനെത്തന്നെ. നമ്മുടെ വിദേശനയത്തില്‍ അതുകൊണ്ടുതന്നെ, പുതിയ തീവ്രതയും ഉദ്ദേശ്യവുമുണ്ട്. കിഴക്കുഭാഗത്ത്, ആസിയാന്‍ രാഷ്ട്രങ്ങളുമായും ജപ്പാനുമായും കൊറിയയുമായുമുള്ള പരമ്പരാഗത സഹകരണം നാം ശക്തിപ്പെടുത്തി. ഓസ്‌ട്രേലിയ, മംഗോളിയ, പസഫിക് ദ്വീപുകള്‍ തുടങ്ങിയ സ്ഥലങ്ങളിലായി കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യാ മഹാസമുദ്രപരിധിയില്‍ നമ്മുടെ സാന്നിധ്യം കൂടുതല്‍ ഫലപ്രദമാക്കി. നമ്മുടെ സമുദ്രമേഖല സംബന്ധിച്ച് ആദ്യമായി കൃത്യമായ ഒരു നയം കൂട്ടിച്ചര്‍ക്കുകയും ചെയ്തു. ആഫ്രിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതാണു മറ്റൊരു നേട്ടം. നാം നമ്മുടെ പൗരാണികതയുടെ ചരടുകള്‍ മധ്യേഷ്യയിലും കണ്ടെത്തി. ഇറാനുമായുണ്ടായിരുന്ന അടുത്ത ബന്ധം പുനഃസ്ഥാപിക്കുന്നതിനൊപ്പം തന്നെ പടിഞ്ഞാറന്‍ എഷ്യന്‍ രാജ്യങ്ങളിലും ഗള്‍ഫിലും മെച്ചപ്പെട്ട ബന്ധങ്ങളും സുരക്ഷാസഹകരണങ്ങളും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയും ചെയ്തു. റഷ്യ എന്നും നമുക്കു കരുത്തിന്റെ സ്രോതസ്സായിരുന്നു. അതു നമ്മുടെ ഭാവിക്കു കൂടി പ്രധാനവുമാണ്. അമേരിക്കയുമായി പ്രതിരോധരംഗത്തുള്‍പ്പെടെയുള്ള സഹകരണം സമഗ്രതയോടെ വര്‍ധിപ്പിച്ചു. ലോകം ഇപ്പോള്‍ ഭാരതത്തെ കാണുന്നതു കേവലം ആഗോളസമ്പദ്‌വ്യവസ്ഥയുടെ തിളക്കമാര്‍ന്ന ഒരു ബിന്ദുവായല്ല. മേഖലാതലത്തിലും ആഗോളതലത്തിലും സമാധാനത്തിന്റെയും സുസ്ഥിരതയുടെയും സുരക്ഷയുടെയും ഒരു കേന്ദ്രമായാണു നമ്മുടെ രാഷ്ട്രം വിലയിരുത്തപ്പെടുന്നത്. ഭീകരവാദത്തെയും തെറ്റായ പരിഷ്‌കരണവാദത്തെയും നേരിടാന്‍ ലോകം വഴിതേടുമ്പോള്‍ ഇസ്ലാമിക ലോകമുള്‍പ്പെടെ എല്ലാ മേഖലയിലുമുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഭാരതത്തിന്റെ സഹകരണം തേടുകയാണ്. എല്ലാറ്റിനുമുപരി, അയല്‍പക്കമാണ് നമ്മുടെ ഭാവിയുടെ കാര്യത്തിലായാലും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നമ്മുടെ സ്ഥാനം തീരുമാനിക്കപ്പെടുന്നതില്‍ ആയാലും ഏറ്റവും നിര്‍ണായകം. എന്നാല്‍, എല്ലാത്തരം സുരക്ഷാവെല്ലുവിളികളോടുംകൂടിയ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നത് അയല്‍പക്കമാണ്. ഭീകരവാദവും വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘനവും നാം കാണേണ്ടിവരുന്നു; ലക്ഷ്യമില്ലാത്ത ആണവശാക്തീകരണവും ഭീഷണികളും നേരിടേണ്ടിവരുന്നു; അതിര്‍ത്തിലംഘനത്തിനു സാക്ഷികളാകേണ്ടിവരുന്നു; സൈന്യത്തിന്റെ ആധുനികവല്‍ക്കരണവും വികസനവും തുടര്‍ച്ചയായി കാണേണ്ടിവരുന്നു. പശ്ചിമേഷ്യന്‍ അസ്ഥിരതയുടെ നിഴലിന്റെ ദൈര്‍ഘ്യം വര്‍ധിക്കുകയാണ്. അതിനുമപ്പുറം, നമ്മുടെ മേഖല സ്ഥിരതയില്ലാത്ത രാഷ്ട്രീയമാറ്റങ്ങള്‍ക്കും ദുര്‍ബലമായ അധികാരകേന്ദ്രങ്ങള്‍ക്കും ആന്തരികസംഘട്ടനങ്ങള്‍ക്കും വേദിയാണ്. പ്രമുഖ ശക്തികള്‍ നമ്മുടെ മേഖലയില്‍ കരയിലും കടലിലുമായി ഇടപെടുന്നതു വര്‍ധിച്ചു. സമുദ്രത്തില്‍ മാലിദ്വീപു മുതല്‍ ശ്രീലങ്ക വരെയും മലകളില്‍ നേപ്പാള്‍, ഭൂട്ടാന്‍ മേഖലയിലും നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നാം ശ്രമമാരംഭിച്ചിട്ടുണ്ട്. അതിര്‍ത്തിക്കരാര്‍ ബംഗ്ലാദേശുമായുള്ള മെച്ചപ്പെട്ട ബന്ധത്തിനും സുരക്ഷാസഹകരണവും സഹായകമായി. ചരിത്രം തിരുത്തിക്കുറിക്കാനുള്ള ശ്രമമാണു പാക്കിസ്ഥാന്റെ കാര്യത്തില്‍ നടത്തുന്നത്. ഭീകരവാദം അവസാനിപ്പിച്ച് സമാധാനപൂര്‍ണമായ ബന്ധം നിലനിര്‍ത്തി നമ്മുടെ മേഖലയില്‍ അഭിവൃദ്ധിയും സ്ഥിരതയും പ്രോല്‍സാഹിപ്പിക്കുകയും സഹകരണം വര്‍ധിപ്പിക്കുകയുമാണു ലക്ഷ്യം. വഴിയില്‍ പല വെല്ലുവിളികളും തടസ്സങ്ങളുമുണ്ട്. എന്നാല്‍ ആ അധ്വാനം ഗുണകരമാകും. കാരണം, സമാധാനവും അതുവഴി നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയും പ്രതിസന്ധിയെ നേരിടുകയാണ്. അതുകൊണ്ട്, അവരുടെ മുന്നോട്ടുള്ള പോക്കിനെക്കുറിച്ച് അവരുടെ താല്‍പര്യങ്ങളെന്തൊക്കെയാണെന്ന് അറിയാന്‍ ശ്രമിക്കുകയാണ്. അതിനായി, ഇരുരാജ്യങ്ങളുടെയും സുരക്ഷാവിദഗ്ധരെ മുഖാമുഖം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ തലത്തിലുള്ള ചര്‍ച്ചയ്ക്കു തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍, സുരക്ഷയില്‍ ഒരു കുറവു വരുത്താനും നാം തയ്യാറല്ല. ഭീകരവാദത്തെ  നേരിടുന്നതില്‍ അവര്‍ പുലര്‍ത്തുന്ന പ്രതിബദ്ധത നാം വിലയിരുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഐക്യമുള്ളതും സമാധാനപൂര്‍ണവും അഭിവൃദ്ധിയാര്‍ന്നതുമായ ജനാധിപത്യരാഷ്ട്രം കെട്ടിപ്പടുക്കാന്‍ മഹത്തായ അഫ്ഗാന്‍ ജനതയെ സഹായിക്കുകയെന്ന കാര്യത്തില്‍ നാം പ്രതിബദ്ധരാണ്. സാമ്പത്തികസഹകരണത്തിന്റെ മുഴുവന്‍ നേട്ടവും ആര്‍ജിക്കുന്നതിനായി ചൈനയുമായും മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്തിവരികയാണ്. ബാക്കിനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും അതിര്‍ത്തിയില്‍ സ്ഥിരത ഉറപ്പുവരുത്താനും മെച്ചപ്പെട്ട ധാരണ വളര്‍ത്തിയെടുക്കാനും ശ്രമിക്കും. ബന്ധങ്ങളിലെ സങ്കീര്‍ണതയെ മറികടന്ന് സ്വാശ്രയവും ആത്മവിശ്വാസവുമുള്ള രണ്ടു രാഷ്ട്രങ്ങളായി ഇന്ത്യക്കും ചൈനയ്ക്കും നിലനില്‍ക്കാന്‍ സാധിക്കുമെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. പ്രതിരോധശക്തിയും അടിസ്ഥാനസൗകര്യവും മെച്ചപ്പെടുത്താനുള്ള ശ്രമം നാം തുടരും. അയല്‍രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. സമുദ്രമേഖലയിലെ സുരക്ഷയുടെ കാര്യത്തില്‍ ഉള്‍പ്പെടെ മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള സഹകരണം മെച്ചപ്പെടുത്തും. സമൂല മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ നേരത്തേയുണ്ടായിരുന്നവയ്ക്കുപുറമേ പുതിയ ഭീഷണികള്‍ കൂടി നേരിടേണ്ടിവരുന്ന സാഹചര്യം ഭാരതത്തിലുണ്ട്. കര, കടല്‍, ആകാശം എന്നിവിടങ്ങളിലെല്ലാം നമ്മുടെ മുന്നില്‍ വെല്ലുവിളികളുണ്ട്. ഭീകരവാദവും പരമ്പരാഗത ഭീഷണികളും ആണവഭീഷണിയും ഉള്‍പ്പെടെ എല്ലാം നേരിടേണ്ട സ്ഥിതിയാണ്. നമ്മുടെ ഉത്തരാവാദിത്തം കേവലം അതിര്‍ത്തികളിലോ സമുദ്രതീരങ്ങളിലോ ഒതുങ്ങുന്നതല്ല. അവ നമ്മുടെ താല്‍പര്യങ്ങളോളം വിശാലമാണ്, നമ്മുടെ പൗരന്മാരുടെ സുരക്ഷയോളം പ്രധാനമാണ്. അപ്രതീക്ഷിതമായ അപകടസാധ്യതകളെ നേരിടാന്‍ തക്കവണ്ണം ആഗോളപ്രശ്‌നങ്ങളെ നേരിടേണ്ടതുണ്ട്. ലോകത്തിനു മാറ്റം സംഭവിക്കുന്നതിനനുസരിച്ചു സമ്പദ്‌വ്യവസ്ഥകളുടെ സ്വഭാവവും സാങ്കേതികവിദ്യയുടെ വികാസവും സംഘട്ടനങ്ങളുടെ രീതിയും യുദ്ധങ്ങളുടെ ലക്ഷ്യവുമൊക്കെ മാറിമറിഞ്ഞുകൊണ്ടിരിക്കും. പഴയകാല വിരോധംവച്ച് പുതിയ കാലത്ത് സൈബര്‍ലോകത്തിലും ബഹിരാകാശ യുഗത്തിലുമൊക്കെയാവും ഏറ്റുമുട്ടലുകള്‍ നടക്കുന്നത്. നവ സാങ്കേതികവിദ്യയാകട്ടെ, പരമ്പരാഗതവും പുതിയതുമായ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ട് ഭാരതം വര്‍ത്തമാനകാലത്തിനനുസൃതമായി സജ്ജമായിരിക്കുകയും ഭാവിക്കായി തയ്യാറെടുക്കുകയും വേണം.  ഏതു സാഹസികതയെയും പിന്‍തിരിപ്പിക്കാനും കീഴ്‌പ്പെടുത്താനും നമ്മുടെ സൈന്യത്തിനു സാധിക്കുമെന്ന ആത്മവിശ്വാസം ഭാരതത്തിനുണ്ട്. നമ്മുടെ ആണവനയം അനുസരിച്ചു നയതന്ത്ര പ്രതിരോധം കരുത്തുറ്റതും വിശ്വാസ്യതയുള്ളതുമാണ്. രാഷ്ട്രീയ ഇച്ഛാശക്തി സ്ഫുടവുമാണ്. പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്ന നടപടിക്രമങ്ങള്‍ നാം വേഗത്തിലാക്കിയിട്ടുണ്ട്. വളരെ മുമ്പുമുതല്‍ പരിഗണിക്കാതെ വച്ചിരുന്ന പല കരാറുകള്‍ക്കും നാം അംഗീകാരം നല്‍കി. കുറവ് പരിഹരിക്കുന്നതിനും മോശമായവ പുനഃസ്ഥാപിക്കുന്നതിനും കരുത്തുറ്റ നടപടികളാണു കൈക്കൊള്ളുന്നത്. അതിര്‍ത്തിമേഖലകൡലെ അടിസ്ഥാനസൗകര്യവികസനത്തിലും സൈന്യത്തിനു മെച്ചപ്പെട്ട യാത്രാസൗകര്യമൊരുക്കുന്നതിലും പടക്കോപ്പുകള്‍ പരിഷ്‌കരിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. അടിമുടി പരിഷ്‌കരിച്ച നയങ്ങളിലൂടെയും നീക്കങ്ങളിലൂടെയും ആഭ്യന്തരമായി യുദ്ധസാമഗ്രികളുടെ നിര്‍മാണത്തില്‍ ഗുണപരമായ മാറ്റം യാഥാര്‍ഥ്യമാക്കുകയാണ്. വെല്ലുവിളിയെ നേരിടാന്‍ സാധിക്കുന്ന അവസ്ഥയിലേക്കു നമ്മുടെ പൊതുമേഖല പുരോഗമിക്കുന്നുണ്ട്. സ്വകാര്യമേഖലയും ആവേശത്തോടെയാണു പുതിയ സാഹചര്യത്തെ ഉള്‍ക്കൊള്ളുന്നത്. വിദേശ ആയുധനിര്‍മാണ കമ്പനികള്‍ പ്രതീക്ഷാനിര്‍ഭരമായ പദ്ധതികളുമായി 'മേക്ക് ഇന്‍ ഇന്ത്യ' ദൗത്യത്തിന്റെ ഭാഗമാകാന്‍ സജീവമായി രംഗത്തുണ്ട്.  നിലവിലുള്ള പല പരിമിതികള്‍ക്കും പരിഹാരമാകുന്ന ആധുനിക സൈനിക ജെറ്റ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ആളില്ലാവിമാനങ്ങളും മറ്റും നിര്‍മിക്കാനുള്ള പദ്ധതികളാണു മുന്നോട്ടുവെക്കപ്പെട്ടിട്ടുള്ളത്. ആഭ്യന്തരമായ കരുത്തു നേടിയെടുക്കാത്തപക്ഷം നമുക്കു സ്വയം ഒരു സൈനികശക്തിയെന്നോ സുരക്ഷിതമായ രാഷ്ട്രമെന്നോ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. ഇതു സാധ്യമാകുന്നത് മൂലധനച്ചെലവും ആസ്തിച്ചെലവും കുറച്ചുകൊണ്ടുവരാന്‍ സഹായകമാകും. അതോടൊപ്പം, വ്യവസായമേഖലയ്ക്കും തൊഴില്‍മേഖലയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഉല്‍പ്രേരകമായിത്തീരുകയും ചെയ്യും. ഈ രംഗത്ത് ആവശ്യമായ ഘടകങ്ങള്‍ വാങ്ങുന്നതിനുള്ള നയവും നടപടിക്രമവും ഉടന്‍ പരിഷ്‌കരിക്കും. ഈ നയങ്ങള്‍ പ്രതിരോധസാങ്കേതികവിദ്യയെ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ആയുധമായിത്തീരും. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.