റബ്ബര്‍ മേഖലക്ക് അച്ഛാദിന്‍; മലയോര കര്‍ഷകര്‍ ആഹ്ലാദത്തില്‍

Wednesday 16 December 2015 1:34 pm IST

പെരിന്തമണ്ണ: ജില്ലയിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് പുത്തനുണര്‍വേകി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. തന്റെ പ്രഥമ കേരള സന്ദര്‍ശന വേളയില്‍ തന്നെ, റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. റബ്ബര്‍ അനുബന്ധ വ്യവസായങ്ങളെ 'മേയ്ക്ക് ഇന്ത്യ' പദ്ധതിയില്‍ ഉള്‍പ്പെടുത്തും എന്നതാണ് അവയില്‍ പ്രധാനം. കൂടാതെ റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. നിരവധി കര്‍ഷകരാണ് ജില്ലയില്‍ റബ്ബറിനെ ആശ്രയിച്ച് കഴിയുന്നത്. റബ്ബര്‍ ഉല്‍പാദനത്തില്‍ സംസ്ഥാനതലത്തില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നാണ് ജില്ലക്കുള്ളത്. റബ്ബര്‍ കൃഷിക്കുവേണ്ടി ഏറ്റവും അധികം കര്‍ഷകര്‍ കുടിയേറിയതും മലപ്പുറത്തേക്കാണ്. കടക്കെണിയില്‍ നട്ടം തിരിഞ്ഞ കര്‍ഷകരില്‍ പലരും റബ്ബര്‍ കൂട്ടത്തോടെ സ്ലോട്ടര്‍ ടാപ്പിംഗിന് നല്‍കിയിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇറക്കുമതി ചുങ്കം വന്‍തോതില്‍ കുറച്ചിരുന്നു. ഇതുകാരണം മലേഷ്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഭാരത വിപണിയിലേക്ക് റബ്ബര്‍ കൂടുതലായി എത്താനും തുടങ്ങി. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ തന്നെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. യുപിഎ ഭരണകാലത്ത് റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിക്കാതിരുന്ന ഇടതുവലത് എംപിമാര്‍ ഒത്തൊരുമിച്ചാണ് യുപിഎയുടെ തെറ്റുകള്‍ക്ക് ബിജെപി സര്‍ക്കാരിനെതിരെ പോരാടുന്നത്. ഒരുകാലത്ത് വന്‍കുതിപ്പ് നടത്തിയ റബ്ബര്‍ വിപണി മന്‍മോഹന്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. ആര്‍.എസ്.എസ്-4 വിഭാഗത്തിലുള്ള റബറിന് 101 രൂപയും ആര്‍.എസ്.എസ്-5 വിഭാഗത്തിലുള്ള റബ്ബറിന് 99 രൂപയുമായിരുന്നു ഇന്നലെ കിലോക്ക് വില. ഈ സാമ്പത്തിക വര്‍ഷം ഒട്ടുമിക്ക ദിവസങ്ങളിലും മഴ ശക്തിപ്പെട്ടതും റബ്ബര്‍ ഉത്പാദനത്തെ കാര്യമായി ബാധിച്ചു. റബ്ബര്‍ വിലത്തകര്‍ച്ച റിയല്‍ എസ്റ്റേറ്റ് വ്യവസായത്തെ പോലും കാര്യമായി ബാധിക്കുന്ന കാഴ്ച്ചക്ക് കേരളം സാക്ഷിയായി. വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലക്ക് സ്ഥലം കൈമാറ്റം ചെയ്യാന്‍ വന്‍കിട മുതലാളിമാര്‍ പോലും നിര്‍ബന്ധിതരായി. റബ്ബര്‍ ടാപ്പിംഗ് നടത്തി ഉപജീവനം നടത്തിയവര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയായി. ചെറുകിട കച്ചവടക്കാര്‍ പലരും ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങി. നിരവധി കര്‍ഷര്‍ ആത്മഹത്യ ചെയ്തു. പലരും ജപ്തി ഭീഷണിയുടെ വക്കിലും. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പ്രസക്തി. എന്തായാലും നിരാശയിലേക്ക് കൂപ്പുകുത്തിയ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയാണ് പ്രധാനമന്ത്രി മടങ്ങിയത്. ഈ പ്രഖ്യാപനം വെറും വാക്കല്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പാണ്. കാരണം പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി മോദി വിശ്വാസം നേടികഴിഞ്ഞതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.