ആര്‍ ഒ പ്ലാന്റുകള്‍ നോക്കുകുത്തി; കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍

Wednesday 16 December 2015 8:08 pm IST

ആലപ്പുഴ: നഗരത്തിലെ ആര്‍ഒ പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതം. കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. നഗരത്തിന്റെ പടിഞ്ഞാറന്‍ വാര്‍ഡുകളിലെ ആര്‍ഒ പ്ലാന്റുകള്‍ ഏതാനും ദിവസങ്ങളായി പ്രവര്‍ത്തന രഹിതമാണ്. ഇവിടെ ദിനംപ്രതി നൂറുകണക്കിനാളുകള്‍ കുടിവെള്ളത്തിനായി പാത്രവുമായി മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ആര്‍ഒ പ്ലാന്റുകള്‍ അടിക്കടി കേടാകുന്നത് മൂലം കുടിവെള്ളം കിട്ടാതെ വിഷമിക്കുന്ന നാട്ടുകാര്‍ വന്‍ തുക ചെലവഴിച്ച് മിനറല്‍ വാട്ടര്‍ വാങ്ങേണ്ട ഗതികേടിലാണ്. ആലിശ്ശേരി, വലിയകുളം, വെള്ളക്കിണര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ആര്‍ഒ പ്ലാന്റുകളാണ് കഴിഞ്ഞ ഏതാനും ദിവസമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്.ഇവിടങ്ങളില്‍ വല്ലപ്പോഴും കുറഞ്ഞ തോതില്‍ മാത്രം വെള്ളമെത്തുമെങ്കിലും ഇത് മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പോലും ശേഖരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കേടായ ആര്‍ഒ പ്ലാന്റുകള്‍ നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.അതെസമയം, ആര്‍ഒ പ്ലാന്റുകളുടെ നടത്തിപ്പും മെയിന്റനന്‍സും നഗരസഭ ഏറ്റെടുക്കുമെന്ന പുതിയ ഭരണസമിതിയുടെ വാഗ്ദാനം ഇനിയും നടപ്പിലായിട്ടില്ല. തകരാറിലായ ആര്‍ഒ പ്ലാന്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ നഗരസഭാ അധികൃതര്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യമുയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.