അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് നിര്‍ത്താതെ പോയ കാര്‍ പോലീസ് പിടിച്ചെടുത്തു. അപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.45-ന് കല്ലാറിനു സമീപത്താണ് അപകടം നടന്നത്. മൂന്നാര്‍ ഭാഗത്തേക്കു പോകുകയായിരുന്ന കാറും ബൈക്കും തമ്മിലാണ് ഇടിച്ചത്. കത്തിപ്പാറ സ്വദേശി അജയ് (28), കൊന്നത്തടി മങ്കുവ പാലറയില്‍ ദീപു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ശേഷം നിര്‍ത്താതെ ഓടിച്ചു പോയ കാര്‍ മൂന്നാര്‍ പോലീസ് പിടിച്ചെടുത്ത് വെള്ളത്തൂവല്‍ എസ്ഐ യ്ക്ക് കൈമാറി. കാര്‍ ഓടിച്ചിരുന്ന എറണാകുളം സ്വദേശി നിഥുന് (27)-നെ അറസ്റ്റു ചെയ്തു. കാറിന്റെ പിന്‍ഭാഗത്ത് ബൈക്ക് ഇടിച്ചത് അറിയാതിരുന്നതാണ് വാഹനം നിര്‍ത്താതെ പോകാന്‍ കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: