അപ്പര്‍കുട്ടനാട്ടില്‍ വന്‍കൃഷിനാശം: രണ്ടാം തവണയും മഴചതിച്ചു;വിതനശിച്ചു

Wednesday 16 December 2015 9:37 pm IST

തിരുവല്ല: കാലം തെറ്റി എത്തിയ മഴ അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കര്‍ഷകരുടെ കണ്ണീര് വീണ്ടും വീഴ്ത്തി.നിരണം,കടപ്ര,പെരിങ്ങര,കവിയൂര്‍ എന്നീപഞ്ചായത്ത് കളിലായി രണ്ടായിരം ഏക്കറോളം പാടശേഖരങ്ങളിലെ കൃഷി നശിപ്പിച്ചു.ഇത്തവണ ഇത് രണ്ടാം തവണയാണ് അപ്രതീക്ഷിതമായി എത്തിയ മഴ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. മിക്കപാടങ്ങളിലും മുട്ടറ്റം വെള്ള കെട്ടാണ് ഉള്ളത്.കനത്ത മഴയെ തുടര്‍ന്ന് മൂന്ന് തവണയിലധികം വിത നടന്ന പാടങ്ങളും ഇതില്‍ പെടുന്നു.ജില്ലയില്‍ ഏറ്റവുമധികം നെല്‍ക്കൃഷിയുള്ള പെരിങ്ങര പഞ്ചായത്തില്‍ 1500 ഏക്കറിലധികം പാടങ്ങളിലാണ് മഴ വീണ്ടും വില്ലനായത്.ഇവിടെ പടവിനകം എ-ബി, കൈപ്പുഴാക്ക, വേങ്ങല്‍ എന്നീ പാടശേഖരങ്ങളില്‍ ആഴ്ചകള്‍ക്ക് മുമ്പ് വിത്തിറക്കിയെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ് മഴ തിരിച്ചടിയായി. വളവനാരി, ചാത്തങ്കരി, കൂരച്ചാല്‍, വടവടി,മനകേരി, കോടങ്കരി,മാണിക്കത്തടി, ശങ്കരാപ്പാടം, പെരുന്തുരുത്തി തെക്ക്, വേങ്ങല്‍ ഇരുകര, അഞ്ചടി വേളൂര്‍മുണ്ടകം, പാണാകരി തുടങ്ങിയ വലിയപാടങ്ങളില്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് കര്‍ഷകര്‍ ഇറക്കിയ കൃഷിയാണ് വെള്ളത്തിലായത.നിരണത്തെ പാടശേഖരങ്ങളില്‍ കൃഷിവകുപ്പ് നല്‍കിയ വിത്തിനങ്ങള്‍ ഗുണമേന്മയില്ലാത്തതായിരുന്നുവെന്ന ആക്ഷേപമുണ്ടായിരുന്നു.ഇവിടെ ഇരതോട് പാടശേഖരം, ഇടയോടിചെമ്പ് പാടശേഖരം, അരിയോടിച്ചാല്‍ എടയോടിച്ചെമ്പ് എ-ബി എന്നിവിടങ്ങളില്‍ കൃഷിവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. ആദ്യഘട്ടം 1000കിലോ വിത്ത് വീണ്ടും എത്തിച്ചാണ് വെള്ളംകയറിയ പാടങ്ങളില്‍ വീണ്ടും വിത്തിറക്കിയത്..കടപ്രയിലെ ചേന്നങ്കേരി പാടശേഖരത്തിറക്കിയ വിത്തും മഴ അപഹരിച്ചു.കവിയൂരില്‍ വെണ്ണീര്‍വിള പാടശേഖരത്തില്‍ പാടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അന്‍പത് ഏക്കര്‍ പാടത്തെ വിതയാണ് കഴിഞ്ഞ ദിവസം ഒലിച്ച് പോയത്.പരമ്പാരാഗത കര്‍ശകര്‍ക്ക് പുറമെ കുടുബശ്രീ യൂണിറ്റും ഇത്തവണ വിത്തിറക്കിയിരുന്നു.തൊഴിലാളി ദൗര്‍ലഭ്യം ഉള്‍പ്പെടെയുള്ള പ്രതിസന്ധികല്‍ക്ക് നടുവിലും ലക്ഷങ്ങള്‍ ഇറക്കിയാണ് ഓരോകര്‍ഷകനും പാടത്തി വിത്തെറിഞ്ഞത്. പാടശേഖര സമിതിക്ക് ഏക്കറിന് ആയിരം രൂപാവീതം നല്‍കിയാണ് ആദ്യം വെള്ളം വറ്റിച്ചത്.് ഒരുമണിക്കൂറിന് 800 രൂപവീതം നല്കി ഉഴവും നടത്തി. വരമ്പ് കുത്തിനും പോളവാരലിനും വേറേ ചിലവായി.വിത്ത് വിതയ്ക്കുന്നതിന് ഏക്കറിന് 750 ആണ് ശരാശരി കൂലി.36.5 രൂപയാണ് ഒരുകിലോ വിത്തിന് വില. ഒരേക്കറില്‍ സര്‍ക്കാര്‍ കണക്ക് 40 കിലോയാണ്. എന്നാല്‍ പാടങ്ങളുടെ ഭൂമിശാസ്ത്രമനുസരിച്ച് ഇതില്‍ വ്യത്യാസം വരാം. വിതച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഉറവ വറ്റി വിത്ത് തെളിയണം. വെള്ളത്തില്‍ കൂടുതല്‍ കിടന്നാല്‍ കണ്ണടഞ്ഞ് വിത്തളിയും. അപ്പര്‍കുട്ടനാട്ടില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഈ അവസ്ഥയാണ്.ഇതിന് പുറമെ മടവീണതും കര്‍ഷകന് തിരിച്ചടിയായി. കടംവാങ്ങിയും ,വായ്പ എടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും പാടങ്ങളില്‍ പ്രതീക്ഷയുടെ വിത്തിറക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.