ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് 10 ലക്ഷം കവിഞ്ഞു

Thursday 17 December 2015 1:46 am IST

സന്നിധാനത്ത് ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന തീര്‍ത്ഥാടകര്‍

ശബരിമല: മണ്ഡലമകരവിളക്ക് തീര്‍ത്ഥാടന കാലം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴും ശബരിമലയില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് തിരക്ക് അനുഭവപ്പെട്ടത്. ഇതിനാല്‍ വരും ദിവസങ്ങളില്‍ വന്‍ ഭക്തജനത്തിരക്കായിരിക്കും ശബരിമലയില്‍ അനുഭവപ്പെടുകയെന്ന് കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കിയതും വാഹന ഗതാഗതം തടസ്സപ്പെട്ടതിനാലും തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരുടെ വരവ് കാര്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരു മാസം വെര്‍ച്ചല്‍ ക്യൂവില്‍ ബൂക്ക് ചെയ്തിരുന്ന ഏകദേശം ഒന്‍പത് ലക്ഷത്തോളം പേരില്‍ ആറുലക്ഷത്തോളം ആള്‍ക്കാര്‍ മാത്രമാണ് ഇതുവരെ ദര്‍ശനം നടത്തിയത്. ബാക്കിയുള്ളവര്‍ക്ക് സമയത്ത് എത്താന്‍ സാധിച്ചിരുന്നില്ല. ഇവരും അടുത്ത ദിവസങ്ങളില്‍ എത്തിച്ചേരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

ഇനിയും നടതുറന്നിരിക്കുന്ന 35 ദിവസത്തേക്ക് ഏകദേശം 10 ലക്ഷത്തോളം ആളുകളാണ് വെര്‍ച്ചല്‍ ക്യൂവില്‍ ബുക്ക് ചെയ്തിരിക്കുന്നത്. മണ്ഡലപൂജയുമായി ബന്ധപ്പെട്ട് 25 മുതല്‍ 30 വരെയും മകരവിളക്ക് തിരക്ക് അനുഭവപ്പെടുന്ന ജനുവരി, 13, 14, 15 തീയതികളിലും വെര്‍ച്ചല്‍ ക്യൂ അനുവദനീയമല്ല. ഒരു ദിവസം പരമാവധി 40,000പേരെയാണ് വെര്‍ച്ചല്‍ ക്യൂവിലൂടെ കടത്തിവിടുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ജനുവരി 18, 19 തീയതികളില്‍ മാത്രമാണ് വെര്‍ച്ചല്‍ ക്യൂവില്‍ ബുക്കിംഗ് ഒഴിവുള്ളത്.

ഇതോടൊപ്പം മറ്റു തീര്‍ത്ഥാടകര്‍ എത്തുന്നതോടെ ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്കായിരിക്കും അനുഭവപ്പെടുക എന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അന്യ സംസ്ഥാന തീര്‍ത്ഥാടര്‍ക്കൊപ്പം അടുത്ത ആഴ്ച പരീക്ഷ തീരുന്നതോടെ സംസ്ഥാനത്തുനിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സന്നിധാനത്ത് തിരക്ക് വര്‍ദ്ധനവ് ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര ദ്രുതകര്‍മ്മ സേന, ദുരന്ത നിവാരണ സേന, പോലീസ് എന്നിവര്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ആര്‍എഎഫ് 20 അംഗങ്ങളെ അധികമായി എത്തിക്കും. പോലീസും അംഗങ്ങളുടെ എണ്ണം തിരക്കിന് അനുസരിച്ച് വര്‍ദ്ധിപ്പിക്കും.

ഇതോടൊപ്പം അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാനുള്ള കര്‍മ്മ പദ്ധതികളും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. തീര്‍ത്ഥാടകരെ സുരക്ഷിതമായി സന്നിധാനത്തും നിന്നും നീക്കം ചെയ്യാന്‍ കൂടുതല്‍ പാത ഉപയോഗപ്രദമാക്കണമെന്നതാണ് ഇതിലെ പ്രധാന നിര്‍ദ്ദേശം. ഇപ്പോള്‍ സന്നിധാനത്ത് പാണ്ടാത്തവളത്തില്‍ മാത്രമാണ് തീര്‍ത്ഥാകടരെ സുരക്ഷിതമായി സംരക്ഷിക്കാന്‍ സാധിക്കുന്നത്.

വലിയ തിരക്കുണ്ടായാല്‍ സന്നിധാനത്ത് സംഘടിച്ചിരിക്കുന്ന തീര്‍ത്ഥാടകരെ സുരക്ഷിതമായി പമ്പയില്‍ എത്തിക്കാന്‍ നിലവില്‍ ബെയ്‌ലി പാലം മാത്രമാണ് അധികമായി ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഇതോടൊപ്പം പ്രധാന നടപ്പന്തലിന്റെ ആരംഭത്തില്‍ നിന്നും ദേവസ്വം ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍പില്‍ കൂടി ബെയ്‌ലി പാലത്തില്‍ എത്തി സ്വാമി അയ്യപ്പന്‍ റോഡില്‍ എത്തുന്ന വഴിയും ഉപയോഗ പ്രദമാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം.
വൈദ്യുതി മുടങ്ങിയാല്‍ വെളിച്ചമെത്തിക്കാനുള്ള അസ്‌കാലൈറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണെന്ന് പോലീസ് ആവശ്യപ്പെട്ടു. സന്നിധാനത്ത് 13 അസ്‌ക്കാലൈറ്റുകളും പമ്പയില്‍ 15 അസ്‌കാ ലൈറ്റുകളുമാണുള്ളത്.

മരക്കൂട്ടത്തും ക്യൂകോംപ്ലക്‌സുകളിലേക്കുമാണ് കൂടുതല്‍ അസ്‌ക്കാ ലൈറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ സന്നിധാനത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ക്യൂകോംപ്ലക്‌സുകളില്‍ വേഗം ഇവ എത്തിക്കാന്‍ കഴിയില്ല. മരക്കുട്ടത്ത് ക്യൂകോംപ്ലക്‌സുകളില്‍ അസ്‌കാ ലൈറ്റുകള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്. തിരക്കേറുമ്പോള്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ക്യൂ കോംപ്ലക്‌സുകളില്‍ ഉണ്ടാകുക.
വൈദ്യുതി പോവുകയോ മറ്റോ ഉണ്ടായാല്‍ ഇവിടെ അന്ധകാരമാകും. ഇതോടെ തീര്‍ത്ഥാടകര്‍ പുറത്തേക്ക് ഇറങ്ങുകയോ ഈ സമയം തിക്കും തിരക്കുകളുമുണ്ടായാല്‍ വന്‍ അപകടങ്ങള്‍ക്ക് ഇടവരുത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.