മലപ്പുറത്ത് അനധികൃത ക്വാറികള്‍ വ്യാപകം; നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിലനില്‍പ്പില്ല

Thursday 17 December 2015 2:01 am IST

മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് നൂറിലധികം അനധികൃത ക്വാറികള്‍. ഇതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍-വന ഭൂമികള്‍ കയ്യേറിയ സ്ഥലത്താണുള്ളത്. അനധികൃത ക്വാറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഉടനടി സ്ഥലം മാറ്റുകയാണ്. 150 കരിങ്കല്‍ ക്വാറികള്‍ നിലവില്‍ മലപ്പുറം ജില്ലയിലുണ്ട്. ഇതില്‍ 40 എണ്ണത്തിന് മാത്രമാണ് ലൈസന്‍സുള്ളത്. രാഷ്ട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്തിലാണ് ക്വാറി മാഫിയകള്‍ വിലസുന്നത്. 50 ഓളം ക്വാറികളുടെ ഉടമസ്ഥതയില്‍ ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരിട്ടും ബിനാമി വഴിയും ബന്ധമുണ്ട്. ഈ കാരണത്താലാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ മടിക്കുന്നത്. നിലമ്പൂരില്‍ വനഭൂമി കയ്യേറി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ നടപടി സ്വീകരിച്ച ഡിഎഫ്ഒ കെ.കെ.സുനില്‍കുമാറിനെ സ്ഥലം മാറ്റിയ സംഭവം സമീപകാലത്ത് വലിയ വിവാദമായിരുന്നു. ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കാന്‍ 1978ല്‍ വനംവകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ വനംഭൂമിയിലാണ് ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. മന്ത്രി ആര്യാടനും ക്വാറി മാഫിയയും തമ്മിലുള്ള ഒത്തുകളിയാണ് സ്ഥലമാറ്റത്തിന് പിന്നിലെന്ന ആരോപണവുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. 1362.98 ഹെക്ടര്‍ വനംഭൂമിയാണ് റവന്യൂവകുപ്പിന് അന്ന് കൈമാറിയിരുന്നത്. ഇതില്‍ 471.98 സ്ഥലം ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുകയും ചെയ്തു. കൃഷിയോഗ്യമല്ലാത്തതും വന്‍പാറക്കെട്ടുകള്‍ നിറഞ്ഞതുമായ 723 ഹെക്ടര്‍ സ്ഥലം റവന്യൂ വകുപ്പിന്റെ കൈവശം തന്നെയായിരുന്നു. ഈ സ്ഥലത്താണ് ഇപ്പോള്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഭൂരഹിതര്‍ക്ക് നല്‍കിയതിന് ശേഷം ബാക്കിയുള്ള ഭൂമി തിരികെ വേണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ജില്ലാ കളക്ടര്‍ കെ.ബിജു സ്ഥലം സര്‍വ്വെ നടത്തി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടു. മാസങ്ങള്‍ക്കകം കളക്ടറെ മലപ്പുറം ജില്ലയില്‍ നിന്നും മാറ്റി. തല്‍സ്ഥാനത്ത് ലീഗിന് സ്വീകാര്യനായ കളക്ടറെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിനിടയിലും ഡിഎഫ്ഒ ക്വാറികള്‍ക്കെതിരെയുള്ള നടപടിയുമായി മുന്നോട്ടുപോയി. പക്ഷേ അത് പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് അദ്ദേഹത്തെയും സ്ഥലം മാറ്റി. എടവണ്ണ പഞ്ചായത്തില്‍ ക്വാറിക്കെതിരെ സമരം ചെയ്ത നാട്ടുകാരെ പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതക്കുകയും സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. അനധികൃത ക്വാറികള്‍ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭത്തില്‍ ഒരു രക്തസാക്ഷി ഉണ്ടായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.