വ്യാജതിരിച്ചറിയല്‍ കാര്‍ഡ് തട്ടിപ്പ്: പ്രതി അറസ്റ്റില്‍

Thursday 17 December 2015 2:21 am IST

ശബരിമല: ദേവസ്വംബോര്‍ഡിന്റെ വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പുനടത്തിയ ഒരാളേയും മതിയായ രേഖകളില്ലാത്ത മൂന്നുപേരേയും സന്നിധാനം പോലീസ് പിടികൂടി.  വയനാട് വൈത്തിരി  കാക്കവയല്‍ മൈലക്കല്‍ വീട്ടില്‍ രവീന്ദ്രന്‍ (62), കോഴിക്കോട് കസബ കളത്തിക്കുന്ന് തൊടിയില്‍ വീട്ടില്‍ വിനോഷ് (37), കോഴിക്കോട് ചേവായൂര്‍ മയ്യനാട് വെള്ളിപ്പറമ്പ് ചെട്ടിച്ചാംകണ്ടിവീട്ടില്‍ മനോജ് (37), കോഴിക്കോട് മാവൂര്‍ അയണിക്കാട്ട് വീട്ടില്‍ ശംഭുദാസ് (45) എന്നിവരെ ദേവസ്വം വിജിലന്‍സ് സ്‌ക്വാഡാണ് പിടികൂടി പോലീസിനു കൈമാറിയത്. തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനും അഭിഷേകത്തിനും സൗകര്യം ഒരുക്കാമെന്ന്   വാഗ്ദാനം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല ഗൈഡ് എന്ന് രേഖപ്പെടുത്തിയ വ്യാജതിരിച്ചറിയല്‍കാര്‍ഡ് ഉപയോഗിച്ചാണ് അയ്യപ്പഭക്തരെ സമീപിച്ചിരുന്നത്. ദര്‍ശനത്തിനായി ഭക്തരുമായി  പോകുന്നതിനിടയിലാണ്  രവീന്ദ്രനെ ദേവസ്വം വിജിലന്‍സ് പിടികൂടിയത്. മതിയായ രേഖകള്‍ ഇല്ലാത്ത സ്വകാര്യ ട്രാവല്‍  ഏജന്‍സിയുടെ ഇടനിലക്കാരായിരുന്നു മറ്റ് മൂന്നുപേര്‍. തീര്‍ത്ഥാടകര്‍ക്കുള്ള മുറി സൗകര്യം, നെയ്യഭിഷേകം, ക്യൂനില്‍ക്കാതെയുള്ള ദര്‍ശനം എന്നിവ വാഗ്ദാനം ചെയ്തും അപ്പവും അരവണയും മറ്റ് പ്രസാദങ്ങളും വാങ്ങിനല്‍കി അമിതതുക കൈപ്പറ്റി ഭക്തരെ കബളിപ്പിച്ചതായാണ് കേസ്സ്.  സന്നിധാനത്തെ വിവിധ കേന്ദ്രങ്ങളില്‍ മാറിമാറി താമസിച്ചായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. സന്നിധാനത്തെ അക്കോമഡേഷന്‍ ആഫീസില്‍നിന്നും സ്വന്തം പേരില്‍ മുറികള്‍ മുന്‍കൂട്ടി ബുക്കുചെയ്യുകയും മുറികിട്ടാതെ അലയുന്ന തീര്‍ത്ഥാടകര്‍ക്ക് അമിതവാടക ഈടാക്കി മറിച്ചുനല്‍കിയും ഇവര്‍ തട്ടിപ്പ് നടത്തി.  മുറി ബുക്കുചെയ്യുമ്പോള്‍ അടയ്ക്കുന്ന സെക്യൂരിറ്റി തുക തിരികെ വാങ്ങാതെ കൂടുതല്‍ സമയം  മുറി കൈവശംവച്ച് ഉപയോഗിക്കുകയാണ് ഇവരുടെ ശൈലി. പിടികൂടിയവരില്‍നിന്ന്  64,000 രൂപ പോലീസ് കണ്ടെടുത്തു. രവീന്ദ്രനെതിരെ വ്യജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ചതി, വഞ്ചന എന്നി കുറ്റം ചുമത്തിയാണ് കേസ്സെടുത്തിട്ടുള്ളത്. സന്നിധാനം എസ്‌ഐ വിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനിടയിലാണ് പ്രതികള്‍ കുറ്റംസമ്മതിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.