തെരഞ്ഞെടുപ്പ് പരാജയം: മുഖ്യമന്ത്രിക്കെതിരെ ഹൈക്കമാന്റിന് ചെന്നിത്തലയുടെ കത്ത്

Thursday 17 December 2015 12:58 pm IST

ന്യൂദല്‍ഹി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടവും അഴിമതിയുമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്ത് നല്‍കി. ഇക്കാര്യം ഇക്കണോമിക്‌സ് ടൈംസാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസം അവസാനമാണ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ചതെന്നാണ് റിപ്പോര്‍ട്ട്. ദല്‍ഹയില്‍ പോയ സമയത്താണ് ഹൈക്കമാന്റിന് കത്തയച്ചത് എന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ നേരിട്ടു കണ്ടും ഇക്കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയെന്നും സംസ്ഥാനത്തുണ്ടായ അഴിമതിയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് കത്തില്‍ വിശദീകരിക്കുന്നു. സംസ്ഥാനത്ത് ബിജെപിക്കുണ്ടായ വളര്‍ച്ചയും കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. എസ്എന്‍ഡിപിയുമായി ബിജെപി സഖ്യത്തിലായി കഴിഞ്ഞു. നേരത്തെ കോണ്‍ഗ്രസിനെ പിന്തുണച്ച എന്‍എസ്എസ് തെരഞ്ഞെടുപ്പില്‍ കൈവിട്ടു. പകരം എല്‍ഡിഎഫിനും ബിജെപിക്കും എന്‍എസ്എസിന്റെ വോട്ട് പോയി. കോണ്‍ഗ്രസ് വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴുള്ള പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരിക്കുന്നത്. നേതൃമാറ്റം ആവശ്യമാണെന്നും കത്തിലെ വിശദീകരണത്തില്‍ സൂചനയുണ്ട്. നേരത്തെ സമാനമായ രീതിയില്‍ വാര്‍ത്ത വന്നിരുന്നു. സുധീരനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഹൈക്കമാന്റില്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചെന്നിത്തല നിഷേധിച്ചിരുന്നു. കത്തിലെ പ്രധാന വാചകങ്ങള്‍- സംസ്ഥാനത്ത് ബിജെപി ശക്തി തെളിയിച്ച് കഴിഞ്ഞു. തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പില്‍ ഹിന്ദുസമൂഹത്തില്‍ നിന്നും ബിജെപിയിലേക്ക് വന്‍ ഒഴുക്കുണ്ടായി. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി ശക്തി തെളിയിച്ചു. കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്ന നായര്‍ സമുദായത്തിന്റെ വോട്ടുകള്‍ ബിജെപിക്കും എല്‍ഡിഎഫിനും ലഭിച്ചു. ഈഴവ സമുദായം നേരത്തെ തന്നെ ബിജെപിയുമായി ബന്ധം സ്ഥാപിച്ച് കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന്റെ ദയനീയ പ്രകടനത്തിനുള്ള പ്രധാന കാരണം യുഡിഎഫ് സര്‍ക്കാരിന്റെ മോശം പ്രകടനമാണ്. സംസ്ഥാനത്ത് അഴിമതി വ്യാപകമായി. പൊതുസമൂഹത്തിനു മുന്നില്‍ മുഖ്യമന്ത്രിയുടെ പ്രതിഛായക്ക് മങ്ങലേറ്റു. താന്‍പ്രമാണിത്വവും സ്വജനപക്ഷപാതവും കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്നകറ്റിയെന്നും കത്തില്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.