ന്യൂദല്‍ഹി: സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ ഏറ്റവും അധികം ആളുകള്‍ തെരഞ്ഞ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒന്നാമത്. ലോക ഫുട്ബോളിലെ സൂപ്പര്‍താരം അര്‍ജന്റീനയുടെയും ബാഴ്സലോണയുടെയും ലയണല്‍ മെസ്സിയെ പിന്തള്ളിയാണ് കോഹ്ലി ഒന്നാം സ്ഥാനം അടിച്ചെടുത്തത്.
ഗൂഗിള്‍ സെര്‍ച്ച് ലിസ്റ്റിലെ ആദ്യ 10 സ്ഥാനങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നതും ഇന്ത്യന്‍ കായികതാരങ്ങളാണ്. ആറ് ഇന്ത്യന്‍ താരങ്ങളാണ് പട്ടികയിലുള്ളത്. ടെന്നീസ് താരം സാനിയ മിര്‍സയും ആദ്യ പത്തില്‍ ഉള്‍പ്പെടും.
മെസിക്കു പിന്നില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ മൂന്നാം സ്ഥാനത്തും ഏകദിന ക്രിക്കറ്റ് ടീം നായകന് എം.എസ്. ധോണി നാലാം സ്ഥാനത്തും എത്തിയപ്പോള്‍ രോഹിത് ശര്‍മ എട്ടാം സ്ഥാനവും ഏറെ നാളുകളായി ദേശീയ ടീമില്‍നിന്നു പുറത്തുനില്‍ക്കുന്ന യുവരാജ് സിംഗ് ഒമ്പതാം സ്ഥാനത്തെത്തി. റയല്‍ മാഡ്രിഡ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ അഞ്ചാമത്. തുടര്‍ച്ചയായ വിജയങ്ങളിലൂടെ 2015 തന്റേതാക്കി മാറ്റിയ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയാണ് ഏഴാമത്.. ഇന്ത്യയില്‍നിന്നുള്ള ഏക ക്രിക്കറ്റിതര താരവും സാനിയയാണ്. സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ആറാം സ്ഥാനത്ത്. പുരുഷവിഭാഗം ഒന്നാം റാങ്ക് താരം നൊവാക് ദ്യോക്കോവിച്ച് യുവരാജിനും പിന്നില്‍ പത്താം സ്ഥാനത്താണ്.
എന്നാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട ആളുകളുടെ പട്ടികയില്‍ ഒരു കായികതാരവും ഇടംപിടിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: