പ്രത്യേക ദര്‍ശനം: ദേവസ്വം ബോര്‍ഡ് പാസുകളിലും വ്യാജന്‍

Thursday 17 December 2015 10:03 pm IST

ശബരിമല: പ്രത്യേക ദര്‍ശനത്തിനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കുന്ന ദേവസ്വം ബോര്‍ഡിന്റെ പ്രവേശന പാസിലും വ്യാജന്‍ കടന്നുകൂടുന്നതായി ആക്ഷേപം. ദേവസ്വം ബോര്‍ഡ് ദൈനംദിനം വിതരണം ചെയ്യുന്ന പാസുകളുടെ എണ്ണം കൃത്യമാണെന്നിരിക്കെ പ്രത്യേക ദര്‍ശനത്തിന് സോപാനത്തിന് സമീപമുണ്ടാകുന്ന നീണ്ടനിര വ്യാജപാസുകളുടെ കടന്നുകയറ്റം മൂലമാണെന്നാണ് അക്ഷേപമുയര്‍ന്നിട്ടുള്ളത്. വികലാംഗര്‍, പ്രായാധിക്യമുള്ളവര്‍, കുട്ടികള്‍, പ്രത്യേക പരിഗണന നല്‍കേണ്ട ഉന്നതന്മാര്‍ എന്നിവര്‍ക്കാണ് ദേവസ്വം ബോര്‍ഡ് ദര്‍ശനത്തിനായി പ്രത്യേകപാസ് വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന പാസുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സന്നിധാനത്ത് വിവിധ വിഭാഗങ്ങളില്‍ ജോലിനോക്കുന്ന ജീവനക്കാര്‍ പാസ്സില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തി കയറ്റിവിടുന്ന ഭക്തജനങ്ങളുടെ എണ്ണം ഏറുന്നതും സോപാനത്തിന് മുന്നില്‍ ഉണ്ടാകുന്ന ക്രമാതീതമായ തിരക്കിന് വഴിയൊരുക്കുന്നതായും പറയപ്പെടുന്നു. പ്രത്യേക പരിഗണന ലഭിച്ച് ദര്‍ശനത്തിന് കാത്തുനില്‍ക്കുന്നവരുടെ തിരക്ക് കൂടിവരുന്നതിനാല്‍ അധികസമയം ശ്രീകോവിലിന് മുന്നില്‍ നില്‍ക്കാന്‍ അനുവദിക്കാതെ ജീവനക്കാര്‍ ഭക്തരെ നിയന്ത്രിക്കുന്നുണ്ട്. തിരക്ക് ഏറുന്നതോടെ ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന വിഐപികള്‍ അടക്കമുള്ള ഭക്തജനങ്ങളെ ബലപ്രയോഗത്തിലൂടെ പിടിച്ച് പുറത്താക്കേണ്ട ഗതികേടിലേക്ക് ജീവനക്കാര്‍ എത്താറുണ്ട്. എന്നാല്‍ ഈ നടപടി വന്‍പ്രതിഷേത്തിന് കാരണമാകുന്നുണ്ട്. പ്രത്യേക പാസ്സ്ഥാനത്ത് നില്‍ക്കുന്നത് പോലീസ് വിഭാഗമാണ്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൊടുത്തുവിടുന്ന ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി പാസുകളാണ് ദൈനംദിനം വിതരണം ചെയ്യുന്നത്. ഇതുകൂടാതെ ഉദ്യോഗസ്ഥരുടെ കത്തുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാക്കിയും പ്രവേശനം തേടുന്നുണ്ട്. മന്ത്രിമാര്‍, എംഎല്‍എമാര്‍, ദേവസ്വം ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടക്കം നിരവധി പ്രമുഖരാണ് പ്രത്യേക പാസിന് ശുപാര്‍ശ നല്‍കുന്നത്. പാസ്സുകളുടെ വിതരണത്തെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ജീവനക്കാരും പോലീസുമായി നിരന്തരം പ്രശ്‌നങ്ങള്‍ഉടലെടുക്കുക പതിവാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടമായെത്തുന്ന അയ്യപ്പന്മാര്‍ക്ക് പാസ് നല്‍കുന്നതില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ വിമുഖത കാട്ടുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ദേവസ്വം ബോര്‍ഡ് ഗാര്‍ഡ് എന്ന വ്യാജേന തിരിച്ചറിയല്‍ കാര്‍ഡ് അച്ചടിച്ച് കഴിഞ്ഞ ഒരുമാസക്കാലമായി സന്നിധാനത്തും പരിസരത്തും അയ്യപ്പ ഭക്തന്മാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൊള്ളയടിക്കുന്ന സംഘത്തെ ദേവസ്വം വിജിലന്‍സ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് നല്‍കിവരുന്ന പ്രത്യേക പാസിന്റെ കാര്യത്തിലും വ്യാജന്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന സംശയത്തിന് പോലീസിലെ ഒരു വിഭാഗത്തെ ചിന്തിപ്പിക്കുവാന്‍ ഇടയാക്കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.