കൊട്ടാരക്കര: പുത്തൂര്‍ മിനിമോള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും പുത്തൂര്‍ സിദ്ധാര്‍ത്ഥാ സെന്‍ട്രല്‍ സ്കൂള്‍ മാനേജിംഗ് ഡയറക്ടറുമായ പുത്തൂര്‍ തേവലപ്പുറം ഗോകുലത്തില്‍ ഡോ.ഗോകുലം ഗോപകുമാര്‍ (49) അന്തരിച്ചു.
കടുത്ത ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വേരോട്ടമുള്ള സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മാണ കമ്പനിയായ സതി എഞ്ചിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ എംഡി, ശിവഗിരിമഠം ഗുരുധര്‍മ്മപ്രചാരണസഭ ഉപദേശകസമിതി അംഗം, ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി കണ്‍വീനര്‍, ശ്രീനാരായണ ധര്‍മ്മവേദി സംസ്ഥാന ട്രഷറര്‍, തേവലപ്പുറം കോലോലി പൊയ്ക ദേവീക്ഷേത്രം രക്ഷാധികാരി, കൊട്ടാരക്കര മുള്ളിക്കാല ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശിവഗിരി മഠവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ദേശീയ തലത്തില്‍വരെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തിരക്കേറിയ ജീവിതത്തിനിടയില്‍ ഗോപകുമാര്‍ കൊളംബോ യൂണിവേഴ്സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടി. ഇതിനോടകം തന്നെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. സത്യം ഫൗണ്ടേഷന് അവാര്‍ഡ്, ഗാന്ധിഭവന് പുരസ്കാരം, ശിവഗിരിമഠം ഗുരുധര്‍മ്മപ്രചരണസഭ അവാര്‍ഡ്, രാജീവ്ഗാന്ധി അവാര്‍ഡ്, ശ്രീനാരായണധര്‍മ്മ മീമാംസ ട്രസ്റ്റ് അവാര്‍ഡ്, 2010ലെ സിബിഎസ്സി ഇന്റര്‍നാഷണല്‍ അവാര്‍ഡ്, 2013ല്‍ ഡോ.അംബേദ്ക്കര്‍ നാഷണല്‍ അവാര്‍ഡ് എന്നിവ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി തേടിയെത്തി. ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 2008ല്‍ പുത്തൂര്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്കൂളിന് ട്രസ്റ്റ് തുടക്കം കുറിച്ചത്.
ആര്.ശങ്കറിന്റെ ജീവചരിത്രം കുട്ടികള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ കുട്ടിശങ്കരന്’എന്ന പേരില്‍ തയ്യാറാക്കി പ്രകാശനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ വി. മിനിമോള്‍ 2007 മാര്‍ച്ച് ഒന്നിന് അന്തരിച്ചതിനെ തുടര്‍ന്ന് രൂപീകരിച്ച മിനിമോള്‍ ട്രസ്റ്റ് വഴി പ്രതിവര്‍ഷം 70 ലക്ഷത്തോളം രൂപയാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിരുന്നത്. ഡോ.ജി.മാധവന്‍നായര്‍, ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്, ഒഎന്‍വി കുറുപ്പ്, കെ.എസ്.ചിത്ര, സുഗതകുമാരി തുടങ്ങി പ്രമുഖ വ്യക്തികള്‍ ട്രസ്റ്റിന്റെ സദ്കീര്‍ത്തി പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്. മകള്‍ ഗോപികാ ഗോപനാണ് ട്രസ്റ്റിന്റെ വൈസ് ചെയര്‍പേഴ്സണ്‍. തേവലപ്പുറം എം.കെ.ഹൗസില്‍ പരേതനായ പി.കുഞ്ഞുപിള്ളയുടെയും പി.സുഭദ്രയുടെയും മകനാണ്. സഹോദരങ്ങള്‍: കെ.ഹരിദാസന്, കെ.ശിവാനന്ദന്, കെ. സുന്ദരേശന്, കെ.ഉദയഭാനു. സഹോദരി പരേതയായ കെ.സതീഭായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: