സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല; ഭൂമി ലഭിക്കാതെ പന്തപ്ര വനവാസി കോളനിക്കാര്‍

Thursday 17 December 2015 10:46 pm IST

കോതമംഗലം: പന്തപ്ര വനവാസി കോളനിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. പഞ്ചായത്ത് മെമ്പര്‍ മുതല്‍ മുഖ്യമന്ത്രിവരെ പന്തപ്രയിലെത്തി വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് മടങ്ങിപോയതല്ലാതെ ഇതുവരേയും യാതൊരുനടപടികളുമുണ്ടായിട്ടില്ല. ഒമ്പത് വര്‍ഷങ്ങള്‍ക്ക്മുമ്പ് നിരന്തരമായ വന്യജീവികളുടെ ശല്യത്തെതുടര്‍ന്ന് രക്ഷപ്പെട്ടുവന്ന വാരിയം വനവാസി കേളനിനിവാസികളുടെ പുനഃരധിവാസ പദ്ധതികള്‍ ആദിവാസി ക്ഷേമവകുപ്പ് അധികൃതര്‍തന്നെ അട്ടിമറിച്ചു. കോടതി ഉത്തരവുണ്ടായിട്ടും വനവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ഇതുവരെയും ലഭിച്ചിട്ടില്ല. 2007ല്‍ വാരിയം വനവാസി മേഖലയില്‍പ്പെട്ട ഏഴ് കോളനികളില്‍നിന്നും വന്യമൃഗങ്ങളുടെ ഉപദ്രവംകാരണം 110 കുടുംബങ്ങളില്‍ താമസിച്ചിരുന്ന 400ല്‍പരം വനവാസികള്‍ വാരിയം മേഖലയില്‍നിന്നും രക്ഷപ്പെട്ട് പൂയംക്കൂട്ടി പുഴയോരത്തെ കണ്ടന്‍പാറയിലേക്ക് താമസം മാറുകയായിരുന്നു. വാരിയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന അഞ്ച് ഏക്കര്‍ മുതല്‍ 20ഏക്കര്‍ വരെ വരുന്ന കൃഷിസ്ഥലങ്ങള്‍ വനംവകുപ്പ് ഏറ്റെടുത്തശേഷം ആനശല്യം കുറവുള്ള പ്രദേശങ്ങള്‍ പകരമായി തരണമെന്ന് കാണിച്ച് അന്നത്തെ വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന് നിവേദനം നല്‍കുകയും അതിനെ തുടര്‍ന്ന് മണികണ്ഠന്‍ ചാലിനടുത്ത് ചുള്ളിപൂവന്‍ എന്ന സ്ഥലത്ത് സര്‍വ്വേഡിപ്പാര്‍ട്ട്‌മെന്റിനെകൊണ്ട് 1200ല്‍പരം ഏക്കര്‍ സ്ഥലത്ത് സര്‍വ്വേജോലികള്‍ പൂര്‍ത്തികരിക്കുകയും ചെയ്തു. എന്നാല്‍ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസര്‍ ഈ ഭൂമി പക്ക റിസര്‍വ്‌വനമാണെന്നും അതുകൊണ്ട് ഈ ഭൂമി ഒരിക്കലും വിട്ടുകൊടുക്കാനാവില്ലെന്നും പകരമായി ഉരുള്ളന്‍തണ്ണി തേക്ക് പ്ലാന്റേഷനില്‍ ഓരോ വനവാസി കുടുംബങ്ങള്‍ക്കും രണ്ട് ഏക്കര്‍വീതം ഭൂമി നല്‍കാമെന്ന് പറഞ്ഞു. ഇതിനിടെ 110 വനവാസികുടുംബങ്ങളില്‍ 43കുടുംബങ്ങള്‍ വാരിയത്തേക്ക്തന്നെ തിരിച്ചുപോവുകയും ചെയ്തു. ബാക്കി 67 വനവാസി കുടുംബങ്ങള്‍ വാരിയത്തേക്ക് തിരികെപോകുന്ന പ്രശ്‌നമില്ലെന്ന് ചൂണ്ടിക്കാട്ടി. കണ്ടന്‍പാറയില്‍ താമസിച്ച് അര്‍ഹതപ്പെട്ട ഭൂമിക്കായി വിവിധ സമരവുമായി മുന്നോട്ടുപോകുകയാണ്. 2010-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ പട്ടികവര്‍ഗ്ഗ വികസനമന്ത്രി ജയലക്ഷ്മി കണ്ടന്‍പാറ കോളനി സന്ദര്‍ശിച്ച് 30ദിവസത്തിനകം പകരം ഭൂമിനല്‍കാമെന്ന് പറഞ്ഞു. നാല് വര്‍ഷം കഴിഞ്ഞിട്ടും ഫലമുണ്ടാകാത്തതിനാല്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വനവാസികളുടെ വിഷയങ്ങളേറ്റെടുത്ത് എറണാകുളം കളക്ടറേറ്റ്, മലയാറ്റൂര്‍ ഡിഎഫ്‌ഐ ഓഫീസ്, കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ നിരവധി സമരങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഇടപ്പെട്ട് കേരള ഹൈക്കോടതയില്‍ ഹര്‍ജിനല്‍കുകയും തുടര്‍ന്ന് ഹൈക്കോടതിയിലെ ഒരു ജഡ്ജി വാരിയം ട്രൈബല്‍മേഖല സന്ദര്‍ശിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിന്നീട് 2014 ജൂണ്‍ 20ന് ഡബ്ല്യൂ പിസി 6824 (സി) 2010-ാംനമ്പര്‍ ഉത്തരവ് പ്രകാരം രണ്ട് മാസത്തിനകം 218 വനവാസികുടുംബങ്ങള്‍ക്ക് ഉരുള്ളന്‍തണ്ണി തേക്ക് പ്ലാന്റേഷനില്‍ 526ഏക്കര്‍ സ്ഥലം അളന്ന് തിരിച്ച്‌നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതികിട്ടാതെ സ്ഥലം അളന്ന്തിരിച്ച് നല്‍കുവാന്‍ കഴിയുകയില്ലയെന്ന നിലപാടില്‍ വനംവകുപ്പ് ഉറച്ച്‌നില്‍ക്കുകയാണ്. 2014 മാര്‍ച്ച് മാസം 3-ന് സര്‍ക്കാര്‍ ഉത്തരവ്പ്രകാരം കണ്ടന്‍പാറ പുഴയോരത്ത് താത്കാലിക കുടില്‍കെട്ടി താമസിച്ചിരുന്ന 67കുടുംബങ്ങളെ ഉരുള്ളന്‍തണ്ണി, പന്തപ്ര തേക്ക് പ്ലാന്റേഷനില്‍ ആറ് ഏക്കര്‍ സ്ഥലം അളന്ന്തിരിച്ച് മാറ്റി താമസിപ്പിക്കുകയും ചെയ്തു. പ്ലാന്റേഷന്‍വക ഭൂമികയ്യേറ്റമെന്ന് കാണിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയപ്പോള്‍ കഴിഞ്ഞ മാര്‍ച്ച് 2ന് മുഖ്യമന്ത്രി പന്തപ്ര കേളനി സന്ദര്‍ശിച്ച് മൂന്ന്മാസത്തിനകം സ്ഥലം അളന്ന്തിരിച്ച് നല്‍കുമെന്നും ഓരോ കുടുംബത്തിനും രണ്ട് ഏക്കര്‍സ്ഥലവും വീട് വയ്ക്കുന്നതിന് രണ്ട്‌തേക്കുമരങ്ങള്‍ വീതവും 10ലക്ഷം രൂപയും നല്‍കുമെന്ന് ഉറപ്പ് നല്‍കി എട്ട്മാസം പിന്നിട്ടിട്ടും യാതൊരുവിധ നടപടിയുമുണ്ടായില്ല. പന്തപ്രയില്‍ താമസിച്ചുവരുന്ന 67 വനവാസി കുടുംബങ്ങളില്‍ 45കുടുംബങ്ങള്‍ക്കാണ് കൈവശവകാശരേഖയുള്ളത്. 22കുടുംബങ്ങള്‍ക്ക്കൂടി കൈവശവകാശരേഖ കിട്ടുവാനുണ്ട്. ഈ കുടുംബങ്ങള്‍ക്കും 15ദിവസത്തിനകം കൈവശവകാശരേഖ നല്‍കുമെന്ന് അന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എറണാകുളം ജില്ലാ കളക്ടറും ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഈ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. ഹൈക്കോടതിവിധി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട വനംവകുപ്പോ ട്രൈബല്‍വകുപ്പോ തയ്യാറാവാത്ത സാഹചര്യത്തില്‍ വനവാസികളും ഹിന്ദു ഐക്യവേദിയും വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിന്റെ ഫലമായി നടപടികള്‍ വേഗത്തിലായിട്ടുണ്ട്. ഇതിനെതുടര്‍ന്ന് കഴിഞ്ഞദിവസം ഇവര്‍ക്ക് പട്ടയം നല്‍കുന്നതിനുവേണ്ടി പന്തപ്രയില്‍ ഓഫീസ് തുറന്നു. 22കുടുംബങ്ങള്‍ക്കുള്ള കൈവശവകാശ രേഖകള്‍ ഇതുവരേയും തയ്യാറാക്കി വനംവകുപ്പിന് ട്രൈബല്‍വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ല. ഇതിനിടെ ഭൂമി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പന്തപ്രയില്‍ താമസിക്കുന്ന 67കുടുംബങ്ങളും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിച്ചിരുന്നു. വോട്ട് അഭ്യര്‍ത്ഥിച്ച് കോളനിയിലെത്തിയ ടി.യു. കുരുവിള എംഎല്‍എയെ വനവാസികള്‍ തടയുകയും ചെയ്തു. കുട്ടമ്പുഴ പഞ്ചായത്തിലെ വനവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സംനില്‍ക്കുന്നത് ട്രൈബല്‍ വകുപ്പാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഈ മാസത്തില്‍തന്നെ വനവാസികള്‍ക്ക് സ്ഥലം അളന്ന്തിരിച്ച് നല്‍കിയില്ലെങ്കില്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ള ഉരുളന്‍തണ്ണി തേക്ക് പ്ലാന്റേഷനില്‍ 2016 ജനുവരി 1-ന് ബലമായി പ്രവേശിച്ച് ഭൂമി കയ്യേറുമെന്ന് കോളനി നിവാസികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നേര്യമംഗലത്തിനുശേഷം വീണ്ടുമൊരു വനവാസി പ്രക്ഷോപം ഉണ്ടാകാനാണ് സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.