സംസ്ഥാനത്തെ ന്യൂനപക്ഷത്തെ പുനര്‍നിര്‍ണയിക്കണം: ഹിന്ദു നേതൃയോഗം

Thursday 17 December 2015 10:49 pm IST

കോട്ടയം: സര്‍ക്കാര്‍ ഡിസംബര്‍ 18 ന്യൂനപക്ഷ ദിനമായി ആചരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പുനര്‍നിര്‍ണയിക്കണമെന്ന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഹിന്ദുനേതൃയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗമായി ഗണിക്കപ്പെടുന്ന സമൂഹങ്ങള്‍ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ രംഗത്ത് ബഹുദൂരം മുന്നിലാണ്. സംസ്ഥാനത്തെ മുഴുവന്‍ ജനസമൂഹത്തിന്റെയും സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിശ്ചയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമീപകാലത്ത് കേരളീയ സമൂഹത്തില്‍ പട്ടികജാതി-വര്‍ഗ്ഗ സമൂഹങ്ങള്‍ക്കെതിരെ അതിക്രമങ്ങളും പീഢനങ്ങളും വര്‍ദ്ധിച്ചുവരുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഉത്തരേന്ത്യയിലെ ദലിത് പീഡനങ്ങളില്‍ പ്രതികരിച്ച് അവാര്‍ഡുകള്‍ തിരിച്ചുനല്‍കി ഭാരതത്തില്‍ അസ്വസ്ഥതയാണെന്ന് പ്രതികരിച്ച ഇടതു-വലതു മുന്നണിയും സാംസ്‌കാരിക നായകരും ജനനായകരും മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിലൂടെ പിഎസ്‌സി നിയമനം അട്ടിമറിക്കല്‍, വര്‍ദ്ധിച്ചുവരുന്ന ലൈഗീക അതിക്രമങ്ങള്‍, വനവാസി മേഖലയിലെ ദുരിതവും ദാരിദ്ര്യവും മുന്നോക്ക സമൂഹം നേരിടുന്ന അവഗണന കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കേണ്ട അവകാശപത്രിക എന്നീ വിഷയങ്ങള്‍ നേതൃയോഗം ചര്‍ച്ച ചെയ്ത് കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി. നേതൃയോഗത്തില്‍ ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ഉത്ഘാടനം ചെയ്തു. സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍ വിഷയാവതരണം നടത്തി. നേതൃയോഗത്തില്‍ മലയാള ബ്രാഹ്മണ സമാജം പ്രസിഡന്റ് തോട്ടം നാരായണന്‍ നമ്പൂതിരി, കെപിഎംഎസ് ട്രഷറര്‍ തുറവൂര്‍ സുരേഷ്, അഖില കേരള പണ്ഡിതര്‍ മഹാജനസഭയുടെ വി.എന്‍. അനില്‍കുമാര്‍, ആള്‍ ഇന്ത്യാ വീര ശൈവ മഹാസഭ ജനറല്‍ സെക്രട്ടറി കെ.വി. ശിവന്‍, അഖില കേരള ഹിന്ദു ചേരമര്‍ മഹാസഭ ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത്, പാണന്‍ സമുദായസംഘടന രക്ഷാധികാരി തഴവ സഹദേവന്‍, ആള്‍ ഇന്ത്യ വെള്ളാള ഫെഡറേഷന്‍ പ്രസിഡന്റ് വേണു കെ.ജി. പിള്ള, അഖില കേരള ഹിന്ദു സാംബവ മഹാസഭയുടെ കെ.കെ. തങ്കപ്പന്‍, കുടുംബി സേവാസംഘം ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം പ്രസിഡന്റ് അഡ്വ. വി. പത്മനാഭന്‍, നാഷണല്‍ ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ. ഭാസ്‌കരന്‍, വേലന്‍ സര്‍വ്വീസ് സൊസൈറ്റി മുന്‍ പ്രസിഡന്റ് പി.ആര്‍. ശിവരാജന്‍, സാമൂഹ്യ നീതികര്‍മ്മ സമിതി കോട്ടയം ജില്ലാ കണ്‍വീനര്‍ ആര്‍. ഹരിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.