ഐഎസ് ബന്ധം: പൂനെയില്‍ പതിനാറുകാരി അറസ്റ്റില്‍

Friday 18 December 2015 12:40 pm IST

പൂനെ: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനോട്  ബന്ധമുണ്ടെന്ന് സംശയിക്കുന്ന പതിനാറുകാരിയായ മുസ്ലീം പെണ്‍കുട്ടിയെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തു. സിറിയയിലേക്ക് പോയി ഐഎസില്‍ ചേരാനായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ  പദ്ധതി. അടുത്തവര്‍ഷം ഐഎസില്‍ ചേരാന്‍ പെണ്‍കുട്ടിക്ക് നിര്‍ദേശം ലഭിച്ചതായും മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ഒരുക്കിത്തരാമെന്ന് ഐഎസ്  വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയതായി പുണെ എടിഎസ് മേധാവി ഭാനുപ്രതാപ് പറഞ്ഞു. നിരവധി ദിവസം പെണ്‍കുട്ടിയെ നിരീക്ഷണത്തിന് വിധേയമാക്കിയശേഷം വിവരങ്ങള്‍ ശേഖരിച്ചാണ്  പോലീസ് അറസ്റ്റു ചെയ്തത്. നിലവില്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനും ഡി റാഡിക്കലൈസേഷന്‍ പ്രോഗ്രാമിനും വിധേയയാക്കിക്കൊണ്ടിരിയ്ക്കുകയാണ്. പെണ്‍കുട്ടി സ്ഥിരമായി വിദേശ രാജ്യങ്ങളിലേക്ക് ഫോണ്‍ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഭീകരസംഘം സംഭാഷണങ്ങള്‍ ചോര്‍ത്തിയപ്പോഴാണ് ഐഎസുമായുള്ള ബന്ധം പുറത്ത് വന്നത്. ഫേസ്ബുക്കും വാട്‌സാപ്പും വഴിയാണ് പെണ്‍കുട്ടി ഭീകരരുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. കുറച്ച് മാസങ്ങളായി പെണ്‍കുട്ടിയുടെ ജീവിതശൈലിയില്‍ പ്രകടമായ മാറ്റം കാണാമായിരുന്നു. ഇതില്‍ രക്ഷിതാക്കള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ജീന്‍സും മറ്റ് പാശ്ചാത്യവസ്ത്രങ്ങളും ധരിച്ചിരുന്ന കുട്ടി ബുര്‍ഖയിലേക്കും ഹിജാബിലേക്കും തിരിഞ്ഞു. സമ്പന്ന കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി പൂനെയിലെ ഒരു കോണ്‍വെന്റില്‍ നിന്നുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഡോക്യുമെന്ററികളും ചാനല്‍ വാര്‍ത്തകളുമാണ് പെണ്‍കുട്ടിയില്‍ ഭീകര സംഘടനയോട് ആഭിമുഖ്യം വളര്‍ത്തിയത്. അറസ്റ്റിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനായ സിറാജിദ്ദീന് പെണ്‍കുട്ടിയുമായി ബന്ധമുള്ളതായാണ് വിവരം. ഇയാളെ കഴിഞ്ഞ ദിവസം ജയ്പൂരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ വഴി കൗമാരക്കാരെ ഐഎസിലേക്ക് എത്തിക്കുന്നത് ഇയാള്‍ ആണെന്നാണ് കരുതുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.