കത്തിന്റെ പിതൃത്വത്തെക്കുറിച്ച് ആശയക്കുഴപ്പം

Friday 18 December 2015 11:27 pm IST

തിരുവനന്തപുരം: തര്‍ക്കം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എഐസിസി പ്രസിഡന്റന് അയച്ച കത്തിന്റെ പിതൃത്വത്തെപ്പറ്റി. ചെന്നിത്തലയുടെ മെയില്‍നിന്നാണ് കത്ത് അയച്ചതെന്ന് എഐസിസി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ താനറിയാതെ മാറ്റാരോ ആണ് തന്റെ മെയിലില്‍ നിന്ന് കത്തയച്ചതെന്നാണ് ചെന്നിത്തലയുടെ വാദം. കെപിസിസി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് അയച്ച കത്തിന്റെ ഉറവിടത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.എന്നാല്‍ കത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഒഴിഞ്ഞുമാറി. കത്ത് ഹൈക്കമാന്റിന്റെ കൈവശം കിട്ടിയോ എന്ന ചോദ്യത്തിന് ഒരു വിവാദമുണ്ടായാല്‍ മിനിട്ടുകള്‍ കൊണ്ട് പരിഹരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. ആഭ്യന്തരമന്ത്രിയെ അവിശ്വസിക്കുന്നില്ല. കത്ത് അയച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടത്താനും ഉത്തരവ് നല്കി. അന്വേഷണ റിപ്പോര്‍ട്ട് വന്നതിനുശേഷം പാര്‍ട്ടി തലത്തില്‍ അന്വഷണം വേണമോയെന്ന് തീരുമാനിക്കുമെന്നും വി. എം. സുധീരന്‍ പറയുന്നു. കത്ത് വിവാദത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി എന്ന നിലയില്‍ അന്വേഷണത്തിനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ അറിയിച്ചു. കത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ചെന്നിത്തല വീണ്ടും ആവര്‍ത്തിച്ചു. ഒമ്പത് വര്‍ഷം കെപിസിസി പ്രസിഡന്റും 16 വര്‍ഷം എഐസിസിയില്‍ പ്രവര്‍ത്തിച്ചയാളുമാണ് താന്‍. കോണ്‍ഗ്രസ് അധ്യക്ഷയോട് ഒരു കാര്യം എങ്ങനെയാണ് പറയേണ്ടതെന്ന് അറിയാം. കെപിസിസി പ്രസിഡന്റായിരുന്നപ്പോഴും തനിക്ക് തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അത് പറയേണ്ട വേദിയില്‍ പറയുമെന്നും അല്ലാതെ മാധ്യമങ്ങളിലൂടെ അലക്കേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തയച്ചിട്ടില്ലെന്ന് ചെന്നിത്തല തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.