ആലുവ തിരുവൈരാണിക്കുളം നടതുറപ്പു മഹോത്സവം 25 മുതല്‍

Saturday 19 December 2015 11:27 am IST

കോഴിക്കോട്: ദക്ഷിണകൈലാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ഈ മാസം 25 മുതല്‍ ജനുവരി അഞ്ചുവരെ ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഹാദേവനും പാര്‍വതിദേവിക്കും ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര അകവൂര്‍ മനയില്‍ നിന്നും 25 ന് വൈകീട്ട് നാല് മണിയ്ക്ക് ആരംഭിക്കും. ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നും ദീപം പകര്‍ന്ന ശേഷം തങ്കഗോളക, തങ്കചന്ദ്രക്കല, തങ്കക്കിരീടം, തിരുമുഖം എന്നിവയുള്‍പ്പെടെയുള്ള തിരുവാഭരണങ്ങള്‍ മനയിലെ കാരണവര്‍ ക്ഷേത്രട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറും. വാദ്യമേളങ്ങളുടെയും പൂക്കാവടിയുടെയും അകമ്പടിയോടെയുള്ള തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലെത്തിയ ശേഷം രാത്രി എട്ട് മണിയോടെ പാര്‍വതിദേവിയുടെ നട തുറക്കും. അമ്പതിനായിരം പേര്‍ക്ക് സുരക്ഷിതമായി ക്യൂ നില്‍ക്കുന്നതിന് 20,000 ചതുരശ്രമീറ്റര്‍ വലിപ്പത്തിലുള്ള പന്തലിന്റെ നിര്‍മാണം ക്ഷേത്രത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. 1500 വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യുന്നതിന് നാല് പാര്‍ക്കിങ് ഗ്രൗണ്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ദക്ഷിണറെയില്‍വെ അധികൃതര്‍ നിരവധി തീവണ്ടികള്‍ക്ക് ഉത്സവദിനങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കൂടാതെ കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് സ്‌പെഷ്യല്‍ സര്‍വ്വീസുകളും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കെ.എസ്. മുരളീധരന്‍, പീ.വി. സജികുമാര്‍, പി. നാരായണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.