കോഴിക്കോട്: സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി ശുചിത്വമിഷന് ആശയങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനും ഉറവിട മാലിന്യ സംസ്കരണം പ്രോല്സാഹിപ്പിക്കുന്നതിനുമായി ശുചിത്വമിഷന് സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 21 ന് വൈകീട്ട് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി ഡോ.എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. അന്ന് വൈകീട്ട് 3 മണി മുതല്‍ കോഴിക്കോട് ജില്ലയുടെ പ്രാഥമിക മല്‍സരം നടക്കും. താല്‍പ്പര്യമുള്ള ആര്‍ക്കും രണ്ടു പേരടങ്ങുന്ന ടീമുകളായി മല്‍സരത്തില്‍ പങ്കെടുക്കാം പ്രവേശനം സൗജന്യമാണ്. ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുന്നവര്‍ ടെലിവിഷന്‍ ഷോ ആയ മെഗാ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും. 14 ജില്ലകളിലെയും മല്‍സരങ്ങള്‍ക്ക് ശേഷമാണ് മെഗാ മല്‍സരം. മെഗാമല്സര വിജയികള്‍ക്ക് ഒന്നരലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് ലഭിക്കും.
21 രാവിലെ മുതല്‍ അജൈവമാലിന്യ പരിപാലനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നടപ്പിലാക്കേണ്ട സംവിധാനങ്ങളെക്കുറിച്ചും ശുചിത്വ മിഷന് സഹായങ്ങളെക്കുറിച്ചും തദ്ദേശസ്വയംഭരണസ്ഥാപന അദ്ധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, സ്ക്കൂള് – കോളേജ് തല സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്കായി സെമിനാര്‍ നടത്തും. ആക്രികച്ചവടക്കാര്ക്കുള്ള രജിസ്ട്രേഷന്, മാലിന്യ സംസ്കരണം രീതികളുടെ പ്രദര്‍ശനവും ഉപകരണങ്ങളുടെ പരിചയപ്പെടുത്തലും ഉണ്ടായിരിക്കും. ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വാസുകി മുഖ്യ പ്രഭാഷണം നടത്തും.
ശുചിത്വമിഷന് അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍മാരായ കെ.പി. രാധാകൃഷ്ണന്, ബൈജു ജോസ്, ക്വിസ് കേരള പ്രതിനിധികളായ സ്നേഹജ് ശ്രീനിവാസ്, ഡോ. നിഷാധ് കീലത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: