അങ്കണവാടി ജീവനക്കാരുടെ യോഗം നിലത്ത്; പ്രതിഷേധം വ്യാപകമാകുന്നു

Saturday 19 December 2015 5:47 pm IST

കൊട്ടാരക്കര: അങ്കണവാടി ജീവനക്കാരുടെ യോഗം വെറും നിലത്ത്. പ്രതിഷേധം വ്യാപകമാവുന്നു. അംഗന്‍വാടി ജീവനക്കാര്‍ പ്രതിമാസയോഗം നടത്താന്‍ ഇടമില്ലാതെ വലയുന്നു. ഇന്നലെ യോഗം നടന്നത് 50 പേര്‍ക്കിരിക്കാവുന്ന കൊട്ടാരക്കര ഐസിഡിഎസ് ഓഫീസിലാണ്. യോഗത്തിനെത്തിയതാകട്ടെ 200 ജീവനക്കാരും. ബാക്കിയുള്ളവര്‍ ഉത്സവപരിപാടി കാണാനെന്നവിധം വെറും നിലത്തിരുന്നും കുറച്ചുപേര്‍ നിന്നും ബാക്കിയുള്ളവര്‍ ഹാളിനു പുറത്തു നിന്ന് നിര്‍ദ്ദേശങ്ങള്‍ കേട്ടു. യോഗം കഴിയുംവരെ ഓഫീസ് ജീവനക്കാര്‍ക്ക് വെളിയില്‍ നില്‍ക്കേണ്ടിയും വന്നു. നടപടികളൊന്നും പാലിക്കാതെ ഒരു വിധം യോഗം അവസാനിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭവനിലെ ഹാളിലാണ് രണ്ടുവര്‍ഷമായി അങ്കണവാടി ജീവനക്കാരുടെ യോഗം നടത്തിവന്നത്. ഹാള്‍ വാടകയായി 500 രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. എന്നാല്‍ ഇരുന്നൂറു പേര്‍ക്കിരിക്കാവുന്ന ഹാള്‍ അഞ്ഞൂറുരൂപയ്ക്ക് കൊട്ടാരക്കരയിലെങ്ങും ലഭിക്കാതെ വന്നതോടെയാണ് കോണ്‍ഗ്രസ് ഭവനിലെ ഹാള്‍ ലഭ്യമാക്കിയത്. എന്നാല്‍ പുതിയതായി ചുമതലയേറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും നഗരസഭയിലെ ചില കൗണ്‍സിലര്‍മാരും ഇതില്‍ രാഷ്ട്രീയം കാണുകയും കോണ്‍ഗ്രസ് ഭവനില്‍ യോഗം നടത്തുന്നത് അവസാനിപ്പിക്കാന്‍ ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഫോണിലൂടെ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ അംഗന്‍വാടി വര്‍ക്കര്‍മാരുടെ യോഗം പകുതിയില്‍ അവസാനിപ്പിച്ചത് വിവാദമായിരുന്നു. അന്നു മാറ്റിവച്ച ഹെല്‍പ്പര്‍മാരുടെ യോഗമാണ് കഴിഞ്ഞ ദിവസം ഐസിഡിഎസ് ഓഫീസില്‍ നടത്തിയത്. പ്രശ്‌നങ്ങള്‍ ജില്ലാ അധികാരികളെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പരാതിപെടുന്നു. യോഗം നിര്‍ത്തിവയ്പിക്കാന്‍ കാട്ടിയ ആവേശം ഇവര്‍ക്ക് മതിയായ സൗകര്യം ഒരുക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് കാണിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.