വനംവകുപ്പ് ഔട്ട് പോസ്റ്റിനുനേരെ ആക്രമണം നടത്തിയ മൂന്ന് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു

Saturday 19 December 2015 10:29 pm IST


മാവോയിസ്റ്റുകള്‍ അഗ്നിക്കിരയാക്കിയ പൂക്കോട്ടുംപാടം ടി.കെ. കോളനിയിലെ വനംവകുപ്പ് ഔട്ട് പോസ്റ്റ്‌

മലപ്പുറം: പൂക്കോട്ടുംപാടത്ത് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് കത്തിക്കുകയും ജീവനക്കാരെ തട്ടികൊണ്ടുപോകുകയും ചെയ്ത മാവോയിസ്റ്റുകളില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പോലീസ്.
സോമന്‍, ആശ, സുന്ദരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വീണ്ടും അക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ ജില്ലയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും എസ്പി ദേബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ്. നിലമ്പൂരിനടുത്ത് അമരമ്പലം പഞ്ചായത്തിലെ ടി.കെ.കോളനി പൂത്തോട്ടംകടവില്‍ വനവകുപ്പ് ഔട്ട് പോസ്റ്റിനുനേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. മൂന്ന് വനംവകുപ്പ് ജീവനക്കാരെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോകുകയും മണിക്കൂറുകള്‍ക്കകം വിട്ടയക്കുകയും ചെയ്തു. സ്ത്രീകളുള്‍പ്പെടെയുള്ള ഒന്‍പതംഗസംഘമാണ് ഔട്ട് പോസ്റ്റിലെത്തിയത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം, ഔട്ട് പോസ്റ്റിലുണ്ടായിരുന്ന അരിയും സാധനങ്ങളും കൈക്കലാക്കി. കുറച്ചുപേര്‍ ഔട്ട് പോസ്റ്റ് കത്തിക്കുകയും ബാക്കിയുള്ളവര്‍ ചേര്‍ന്ന് വാച്ചര്‍മാരായ രമണന്‍, അജയന്‍, ആലി എന്നിവരെ ബന്ദിയാക്കുകയും ചെയ്തു.

പിന്നീട് ഇവരെ തോക്കുചൂണ്ടി കാട്ടിനുള്ളിലേക്കു കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് രമണന്‍ ഓടിരക്ഷപ്പെട്ടു. ഇതോടെ മറ്റു രണ്ടുപേരെയും കൂടുതല്‍ ഉള്‍കാട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അജയനെയും, രമണനെയും മൊബൈലിന്റെ സിം കാര്‍ഡും ബാറ്ററിയും ഊരിമാറ്റിയതിന് ശേഷം വിട്ടയക്കുകയായിരുന്നു.

വാച്ചര്‍മാരായതുകൊണ്ടാണ് വിട്ടയയ്ക്കുന്നതെന്നും ജനദ്രോഹികളായ മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് തങ്ങള്‍ക്ക് ആവശ്യമെന്നും മാവോയിസ്റ്റുകള്‍ ഇവരോട് പറഞ്ഞു. കാക്കിയിട്ട് ആരെങ്കിലും കാട്ടിലേക്കു പ്രവേശിച്ചാല്‍ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഉപദ്രവിക്കുകയൊന്നും ചെയ്തിട്ടില്ല. വിട്ടയച്ച മൂന്നുപേരും സുരക്ഷിതരാണ്.
സൈലന്റ്‌വാലിയുമായി അതിര്‍ത്തിപങ്കിടുന്ന വനമേഖലയാണിത്. ഇവിടെ സൈലന്റ്‌വാലി ബഫര്‍സോണ്‍ ഔട്ട്‌പോസ്റ്റും നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റിന്റെ ഔട്ട്‌പോസ്റ്റുമുണ്ട്. ജനവാസവുമില്ല. അട്ടപ്പാടിയില്‍ നിന്ന് 12 മണിക്കൂര്‍ നടന്നാല്‍ ഇവിടെയെത്താം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ കരുവാരക്കുണ്ട് അത്തി ഔട്ട് പോസ്റ്റിലെത്തി നാലുമണിക്കൂര്‍ ചിലവഴിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പോലീസ് കനത്ത സുരക്ഷാസംവിധാനം ഒരുക്കിയ സമയത്താണ് വെല്ലുവിളികളോടെ മാവോയിസ്റ്റുകള്‍ വീണ്ടും രംഗപ്രവേശനം ചെയ്തത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ടും, സായുധ സേനയും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.