രാഷ്ട്രീയ കേരളം തോല്‍പിക്കുന്ന സംസ്ഥാനം

Saturday 24 December 2011 10:53 pm IST

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വസിക്കുന്ന മലയാളികള്‍ രാജ്യത്തിന്‌ മികച്ച മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. സാക്ഷരതയിലും വിദേശനാണ്യസമ്പാദനത്തിലും ധിഷണാശാലികള്‍ എന്ന മികവിലും മലയാളിയെ മറ്റ്‌ സംസ്ഥാനങ്ങള്‍ക്കു പിന്നില്‍ കെട്ടാനുമാവില്ല. എന്നിട്ടും മലയാളി മടയനും മറവിരോഗമുള്ളവനുമെന്ന്‌ അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണ്‌. രാഷ്ട്രീയ നേതൃത്വങ്ങളുടെ പിടിപ്പുകേടും ബുദ്ധിശൂന്യതയുംകൊണ്ട്‌ പലപ്പോഴും 'റിവേഴ്സ്‌ ഗിയറില്‍' ഓടുകയും കെടുകാര്യസ്ഥതകൊണ്ട്‌ പിന്തള്ളപ്പെടുകയും ചെയ്യുന്ന സംസ്ഥാനമാണിപ്പോള്‍ കേരളം. രാഷ്ട്രീയ കേരളത്താല്‍ തോല്‍പിക്കപ്പെട്ട മലയാളി ഏറ്റവുമൊടുവിലായി വഞ്ചിക്കപ്പെട്ട വിഷയമാണ്‌ മുല്ലപ്പെരിയാര്‍. 1970 ല്‍ തുടങ്ങിയ വഞ്ചന ഇപ്പോഴും തുടരുകയാണ്‌. ലക്ഷക്കണക്കിനാളുകളുടെ ജീവന്‌ ഭീഷണിയുണ്ടെന്ന സത്യം രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലതര്‍ക്കം മാത്രമായി ഇന്ദ്രപ്രസ്ഥത്തിലെ ഉന്നത നീതിപീഠവും പ്രധാനമന്ത്രിയുടെ ആസ്ഥാനവും കണക്കാക്കപ്പെട്ടതോടെ നിലംപരിശായത്‌ കേരളീയരുടെ ആത്മാഭിമാനവും നിലനില്‍പ്പുമാണ്‌. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പിടിപ്പുകേടും ദൂരക്കാഴ്ചയില്ലായ്മയും സാമാന്യബുദ്ധിയുടെ അഭാവവും എങ്ങനെ കേരളത്തെ തകര്‍ക്കുമെന്ന്‌ മുല്ലപ്പെരിയാര്‍ പ്രശ്നത്തിലൂടെ ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. മുല്ലപ്പെരിയാറിന്റെ പേരില്‍ രണ്ടു മുന്നണികളുടെ കുറ്റികള്‍ക്കു ചുറ്റുമായി അവര്‍ മലയാളികളെ കെട്ടിയിട്ട്‌ കറക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. ഇതെഴുതുന്ന നിമിഷംവരെയും കേന്ദ്രഭരണത്തേയോ പരമോന്നത നീതിപീഠത്തേയോ കേരളത്തിന്റെ പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്താനോ എന്തെങ്കിലും പരിഹാരം നേടിയെടുക്കാനോ നമുക്കായിട്ടില്ല. മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ സമൃദ്ധിയില്‍ തേനിയിലുംമറ്റും മുന്തിരിത്തോട്ടങ്ങളും തെങ്ങിന്‍തോപ്പുകളുമുള്ള കേരള നേതാക്കളുടെ കള്ളക്കളിയോ കൂറുമാറലോ ഒക്കെ കേരളത്തിന്റെ തകര്‍ച്ചയ്ക്കു പിന്നിലുണ്ടെന്നതാണ്‌ പിന്നാമ്പുറ സംസാരം. ശ്രീ.എം.ജി.രാമചന്ദ്രന്‍ മുഖ്യമന്ത്രിയായിരിക്കേ പുതിയ അണക്കെട്ടു പണിയാന്‍ സമ്മതിച്ചതുപോലും ഇല്ലാതാക്കിയതിനുപിന്നില്‍ കേരളനേതാക്കളുടെ അഴിമതിയുണ്ടെന്നത്‌ പരസ്യമായ രഹസ്യമാണ്‌. ശബരിമല സീസണ്‍ നോക്കിതന്നെ ഇപ്പോഴത്തെ വിവാദം ആളിക്കത്തിച്ചതിനു പിന്നിലെ ദുരുദ്ദേശ്യവും അന്വേഷണ വിഷയമാക്കേണ്ട ഒന്നാണ്‌. കേരളത്തിലെ അഞ്ചു ജില്ലകളില്‍ ജീവിക്കുന്ന ജനങ്ങള്‍ ദുരന്ത ഭീതിയിലാണെന്ന സത്യം രാജ്യമെമ്പാടുമാളുകള്‍ക്കറിയാം. ഇതു സംബന്ധിച്ച്‌ തങ്ങളുടെ വാദങ്ങളും ന്യായീകരണവുമായി ദേശീയ മാധ്യമങ്ങള്‍വഴി തമിഴ്‌ നാട്ടിലെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പരസ്യങ്ങള്‍ നല്‍കി വിശദീകരിച്ചതോടെ കേരളമുന്നയിച്ച മനുഷ്യാവകാശ പ്രശ്നം " ആന്റിക്ലൈമാക്സിലെത്തി" പക്ഷേ കേരളം അതൊന്നും ഖണ്ഡിച്ചില്ല. സുപ്രീം കോടതിയില്‍ കേസ്സുവന്ന ദിവസം കേസ്സു പഠിച്ച പ്രധാന അഭിഭാഷകന്‍ ഹാജരാവാതെ മുങ്ങിയതോടെ അവിടെയും കേരളം പരാജയപ്പെട്ടു. വലിപ്പം കൊണ്ടും വാദിക്കേണ്ട കാര്യങ്ങളെക്കൊണ്ടും ഗൗരവമുള്ള ഈ കേസ്സില്‍ രണ്ടു മണിക്കൂര്‍ മുമ്പ്‌ തന്നെ ഏല്‍പിച്ച ഫയലില്‍ ചടങ്ങ്‌ നിറവേറ്റിയതിനപ്പുറം മറ്റൊന്നുംതന്നെ അഭിഭാഷകന്‌ ചെയ്യാനായില്ല. അവസാനം മൗനിയായ പ്രധാനമന്ത്രി കേരളത്തോട്‌ വായ്പൂട്ടാനും മുഷ്ടിതാഴ്ത്താനും ആജ്ഞാപിച്ചതോടെ ഔദ്യോഗിക സമര സന്നാഹങ്ങള്‍ക്കു തിരശ്ശീല വീഴുകയും ചെയ്തു. ജനങ്ങളുടെ മനസ്സില്‍ അണപൊട്ടുന്ന പരിഭ്രാന്തിയും ഉത്കണ്ഠയും അടിച്ചേല്‍പ്പിച്ചവര്‍ ഇപ്പോള്‍ വീണ്ടും സസുഖം അധികാരത്തിന്റെ ശീതളച്ഛായയില്‍ അഭിരമിക്കുന്നു. "മനുഷ്യന്‍ മരിക്കാന്‍ കിടക്കുമ്പോള്‍ തനിക്ക്‌ മന്ത്രിസ്ഥാനം പ്രശ്നമല്ലെന്നു" പറഞ്ഞ മന്ത്രിയെവരെ ഇപ്പോള്‍ മഷിയിട്ടുനോക്കിയാല്‍പ്പോലും മുല്ലപ്പെരിയാര്‍ ഭാഗത്തു കാണാനില്ല! "എനിക്കുറങ്ങാന്‍ കഴിയുന്നില്ല. ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ തകരും ജലപ്രളയത്തില്‍ പലഭാഗങ്ങളും തുടച്ചു നീക്കപ്പെടും" എന്നു പ്രസ്താവിച്ച ജലസേചനമന്ത്രിപോലും പ്രശ്നപരിഹാരത്തിനായി ഒന്നും നേടാനാവാത്ത അവസ്ഥയിലും സ്വസ്ഥനായി 'പ്രോട്ടോകോള്‍' അനുഭവിച്ചാസ്വദിക്കുകയാണ്‌. എന്തുകൊണ്ട്‌ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം തികച്ചും പരാജയപ്പെട്ടു എന്ന സത്യം ആഴത്തില്‍ ആരാഞ്ഞറിയാന്‍ ജനങ്ങള്‍ സ്വയം മുന്നോട്ടുവരേണ്ട സന്ദര്‍ഭമാണിത്‌. അവസരവാദവും നിക്ഷിപ്ത താല്‍പര്യങ്ങളും കൈമുതലായിട്ടുള്ള ചില പ്രാദേശിക കക്ഷികളുടെ അജന്‍ഡയ്ക്ക്‌ കോണ്‍ഗ്രസ്സ്‌ ഉള്‍പ്പെടെയുള്ള ദേശീയ കക്ഷികള്‍ വഴങ്ങിയതുകൊണ്ടാണോ ഇപ്പോഴത്തെ തിരിച്ചടി ഉണ്ടായതെന്ന്‌ ആലോചിക്കേണ്ടതുണ്ട്‌. രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ ശത്രു രാജ്യങ്ങളെപ്പോലെ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടാകാതിരിപ്പാന്‍ ശ്രദ്ധിക്കേണ്ട ബാധ്യത ദേശീയ പാര്‍ട്ടികളുടെ ഇരു സംസ്ഥാനങ്ങളിലേയും ഘടകങ്ങള്‍ക്കുണ്ട്‌. ദേശീയ കക്ഷികള്‍ രാജ്യതാല്‍പര്യം കണക്കിലെടുക്കാന്‍ കൂടുതല്‍ ബാദ്ധ്യതയുള്ളവരാണ്‌. അടല്‍ജീ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കാവേരി നദീജലപ്രശ്നം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിച്ച രീതി എന്തുകൊണ്ട്‌ മന്‍മോഹന്‍സിംഗ്‌ സ്വീകരിച്ചില്ല. സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിനുവേണ്ടിയും മനുഷ്യജീവന്റെ സംരക്ഷണത്തിനുവേണ്ടിയും പൊരുതുന്നതിനൊപ്പം മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാട്‌ വിരുദ്ധ വികാരമുണ്ടാവാതിരിപ്പാനും കേരളം ശ്രദ്ധിക്കേണ്ടതായിരുന്നു. ഇന്ന്‌ തമിഴ്‌നാട്ടില്‍ മലയാളി സുരക്ഷിതനല്ലെന്ന അവസ്ഥയില്‍ കാര്യങ്ങള്‍ ചിലയിടങ്ങളിലെങ്കിലും എത്തിയിട്ടുണ്ട്‌. പുതിയ അണക്കെട്ടു വേണ്ട എന്ന രീതിയില്‍ തമിഴ്‌നാട്ടിലെ മലയാളി സംഘനടകള്‍ പ്രമേയം പാസ്സാക്കുകയുംമറ്റും ചെയ്യുന്നത്‌ അരക്ഷിതാവസ്ഥകൊണ്ടാണ്‌. തമിഴകത്തുള്ള മലയാളികള്‍ ഇന്ന്‌ ഉറക്കം നഷ്ടപ്പെട്ടവരും പരിഭ്രാന്തരുമാണ്‌. മുല്ലപ്പെരിയാര്‍ സമരത്തിന്റെ രൂപ പരിണാമമാണിത്‌. കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്ന മാധ്യമങ്ങളും വിചാരത്തേക്കാള്‍ വികാരത്തിനു വഴങ്ങി യശ:പ്രാര്‍ത്ഥികളാകാനുള്ള വ്യഗ്രതയില്‍ ജനങ്ങളെ പരിഭ്രാന്തിയിലേക്കു തള്ളിവിട്ട രാജനൈതിക പ്രമാണിമാരുമൊക്കെ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട നിരവധി സമസ്യകളും തിരിച്ചടികളും മലയാളിക്ക്‌ മുല്ലപ്പെരിയാര്‍ സമ്മാനിച്ചിട്ടുണ്ട്‌. ഇന്നുയര്‍ന്നുവന്ന തര്‍ക്കത്തോട്‌ ബന്ധപ്പെട്ട്‌ പ്രമുഖ നിയമജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ ജ: വി.ആര്‍.കൃഷ്ണയ്യര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം ശ്രദ്ധേയമാണ്‌. "ജനങ്ങളുടെ കണ്ണുകളിലെ നീരൊഴുക്ക്‌ തടഞ്ഞില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ അധികാരം പിന്നെന്തിന്‌ ? നിയമം എന്നാല്‍ ജീവന്റെ നിയമമാണത്‌. നാം ആര്‍ക്കും നിയമം നിഷേധിക്കരുത്‌. നാം ആര്‍ക്കും നീതി വൈകിക്കരുത്‌. നാം ആര്‍ക്കും നിയമം വില്‍ക്കരുത്‌" ! കേരളത്തിന്‌ ന്യായമായ നീതി പെട്ടെന്നു കിട്ടാന്‍ നാം കൂട്ടായി ശ്രമിക്കണം. രാജ്യ താല്‍പ്പര്യവും കേരള താല്‍പര്യവും പരസ്പരപൂരകങ്ങളാകണം; മറിച്ച്‌ മാരകമാവാന്‍ അനുവദിച്ചുകൂടാ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.