സഹകരണസംഘങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍

Saturday 19 December 2015 10:36 pm IST

കോട്ടയം: പാലാ മാര്‍ക്കറ്റിംഗ് സഹകരണസംഘവും മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സഹകരണസംഘവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് സംഘങ്ങളും ചേര്‍ന്ന് ഉല്‍പ്പന്ന വിലയിനത്തിലും നിക്ഷേപ ഇനത്തിലും കര്‍ഷകര്‍ക്കും വിവിധ സഹകരണ സ്ഥാപനങ്ങള്‍ക്കും കൊടുക്കാനുള്ളത് ഏതാണ്ട് 160 കോടിയോളം രൂപയാണ്. ഭരണസമിതിയുടെ ക്രമംവിട്ട പ്രവര്‍ത്തനങ്ങളും അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് ഈ സംഘങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ്(എം)ന്റെ നേതാവ് അഡ്വ.ജോയി എബ്രഹാം എം.പി പ്രസിഡന്റായ മീനച്ചില്‍ സംഘത്തിന്റെ 2013-14ലെ ഓഡിറ്റുപ്രകാരം അതിന്റെ ആസ്തിമൂല്യം പതിമൂന്ന്‌കോടി അറുപത്തഞ്ചുലക്ഷത്തി ഏഴായിരത്തിപതിനാലു രൂപയാണ്. എന്നാല്‍ നഷ്ടമായ 613684798.08 രൂപ ഉള്‍പ്പെടെ അധിക ബാധ്യത 1557215599.12 രൂപയാണ്. പാലാ മാര്‍ക്കറ്റിംഗ് സംഘത്തിന്റെ അധിക ബാധ്യത 2014-15 ഓഡിറ്റ് പ്രകാരം 1318027699.60 രൂപ അധിക ബാധ്യത ഉണ്ട്. സഹകരണ നിയമവും ബാങ്കിംഗ് നിയന്ത്രണ നിയമവും മറികടന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ച്(114 കോടിയിലധികം രൂപ)അതു തിരികെ കൊടുക്കാതെ പാവപ്പെട്ടകര്‍ഷകരെയും നിക്ഷേപകരെയും സംഘങ്ങള്‍ വഞ്ചിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ നിയമം നോക്കുകുത്തിയാക്കി വകുപ്പിന്റെ അനുമതിയില്ലാതെ സ്ഥാപന വസ്തുക്കള്‍ വിപണനം ചെയ്തു, വകുപ്പിന്റെ മേല്‍നോട്ടവും നിയന്ത്രണവും ഒഴിവാക്കുന്നതിനുവേണ്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് സംഘത്തിന്റെ ഫണ്ട് തിരിമറി നടത്തിയും മറ്റും സംഘത്തിന് നഷ്ടം വരുത്തിയിരിക്കുകയാണ്. ഇത് ഈ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുള്ള മറ്റ് പ്രാഥമിക സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. കടുത്ത സമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സംഘങ്ങളുടെ ഭരണസമിതികളെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാക്കുക, സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുക, സര്‍ക്കാര്‍ ഇടപെട്ട് സംഘത്തെ പ്രവര്‍ത്തനക്ഷമമാക്കുക. ഇടപാടുകാരുടെയും പണം തിരികെ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അഞ്ചുമാസമായി നിരവധി നിവേദനങ്ങള്‍ മുഖ്യമന്ത്രി, സഹകരണമന്ത്രി, സഹകരണ രജിസ്ട്രാര്‍ തുടങ്ങിയവര്‍ക്ക് നല്‍കിയിട്ടുണ്ട്. അധികാരികളുടെ അനങ്ങാപ്പാറയില്‍ പ്രതിഷേധിച്ച് ഇടപാടുകാരും നിക്ഷേപകരും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 21,22 തീയതികളില്‍ ഉപവാസ സമരം നടത്തുമെന്ന് ചെറിയാച്ചന്‍, കെ.സി. ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.