ജില്ലയില്‍ നാളികേര ഉത്പാദനം പിന്നോട്ട്

Sunday 20 December 2015 8:20 pm IST

ആലപ്പുഴ: നാളികേര ഉത്പാദനത്തില്‍ ആലപ്പുഴ ജില്ല പിന്നോട്ട്. നാളികേര വികസന ബോര്‍ഡിന്റെ കണക്കനുസരിച്ച് 36850 ഹെക്ടര്‍ സ്ഥലത്തുനിന്ന് 2170 ലക്ഷം നാളികേരമാണ് കഴിഞ്ഞവര്‍ഷത്തെ ഉല്‍പാദനം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെക്കുറവാണ്. 2012-13 വര്‍ഷത്തില്‍ 36986 ഹെക്ടര്‍ പ്രദേശത്തുനിന്ന് 2330 ലക്ഷം തേങ്ങയും 201112 കാലയളവില്‍ 38556 ഹെക്ടര്‍ പ്രദേശത്തുനിന്നു 2190 ലക്ഷം നാളികേരമായിരുന്നു ഉല്‍പാദനം. ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷിയോടുളള താല്‍പര്യം കുറയാന്‍ പ്രധാനകാരണം ഉല്‍പാദനച്ചെലവ് വളരെക്കൂടിയതും കായ്ഫലം കുറഞ്ഞതുമാണ്. കാലാവസ്ഥ വ്യതിയാനമനുസരിച്ചുണ്ടാകുന്ന കാറ്റുവീഴ്ച രോഗവും ചെല്ലികുത്തും മറ്റുരോഗങ്ങളും തെങ്ങിന്റെ നശീകരണത്തിന് വഴിവയ്ക്കുന്നു. അതുപോലെ കേര സംരക്ഷണത്തിനുളള പദ്ധതികളെല്ലാം പാതിവഴിയില്‍ നിലച്ചതും കര്‍ഷകരെ വലയ്ക്കുന്നു. നേരത്തെ വെട്ടിമാറ്റിയ തൈയുടെ ചുവട് കണക്കാക്കി പകരം തൈയും വളവും മറ്റും ലഭിക്കുമായിരുന്നു. ജില്ലയിലെ വിപണികളില്‍ വില്‍ക്കുന്ന നാളികേരത്തിന്റെ നല്ലൊരു ശതമാനം തമിഴ്‌നാട്ടില്‍ നിന്നാണ് എത്തുന്നത്. കാഴ്ചയിലും തൂക്കത്തിലും വലിപ്പത്തിലുമെല്ലാം നാടന്‍ നാളികേരമെന്ന് തോന്നിക്കും. നാടന്‍ തേങ്ങയുടെ കൂടെ ഇടകലര്‍ത്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള തേങ്ങ വില്‍ക്കുന്നത്. ഇതും ജില്ലയിലെ കേര കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നു. ഉത്പാദിപ്പിക്കുന്ന നാളികേരത്തിന് ന്യായമായ വില ലഭിക്കുന്നില്ല. കരിക്കും തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതലായി എത്തുന്നത്. കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.മുന്‍കാലങ്ങളില്‍ എല്ലാവീടുകളിലും തെങ്ങുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വീടുകള്‍ നിര്‍മിക്കാനായി ഭൂമി ചെറുതുണ്ടുകളാക്കിയതോടെ ഒരുതെങ്ങുപോലും കുഴിച്ചുവയ്ക്കാനിടമില്ലാതായി. ഇതിനെല്ലാം പുറമെ തെങ്ങ് കയറ്റത്തൊഴിലാളികളുടെ ക്ഷാമവും പ്രതിസന്ധിയായി. തെങ്ങുകയറ്റ തൊഴിലാളിക്ക് ഒരു തെങ്ങിന് 35 രൂപ മുതല്‍ 70 രൂപ വരെ കൂലികൊടുക്കേണ്ടിവരുന്നു. കായ്ഫലം കുറവാണെങ്കില്‍ കയറ്റക്കൂലിയും കര്‍ഷകന് ബാധ്യതയാകുന്നു. അമ്പലപ്പുഴ, ആര്യാട്, ഭരണിക്കാവ്, ചമ്പക്കുളം, ചെങ്ങന്നൂര്‍, ഹരിപ്പാട്, കഞ്ഞിക്കുഴി, മാവേലിക്കര, മുതുകുളം, പട്ടണക്കാട്, തൈക്കാട്ടുശേരി, വെളിയനാട് തുടങ്ങിയ ബ്ലോക്കുകളില്‍ 33639.48 ഏക്കര്‍ സ്ഥലത്താണ് നാളികേര കൃഷി 2013-14 വര്‍ഷം ചെയ്തത്.ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദനം മുതുകുളത്തും ഏറ്റവും കുറവ് ഉല്‍പാദനം ആര്യാടുമാണ്. മുതുകുളത്ത് 4582.68 ഏക്കറില്‍ 320 ലക്ഷം തേങ്ങയും ആര്യാട് 1738.76 ഏക്കറില്‍ 80 ലക്ഷം തേങ്ങയുമാണ് ഉല്‍പാദിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.