ജലാശയങ്ങളില്‍ പായല്‍ ശല്യം; മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

Sunday 20 December 2015 8:24 pm IST

ചേര്‍ത്തല: ജലാശയങ്ങളില്‍ പോള പായല്‍ ശല്യം, കായലിനെ ആശ്രയിച്ച് കഴിയുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് വറുതിയുടെ കാലം. വേമ്പനാട്ട്, കുറിയമുട്ടം, ചെങ്ങണ്ട, കൈതപ്പുഴ, വെളുത്തുള്ളി എന്നീ കായലുകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും പായല്‍ നിറഞ്ഞതോടെ വള്ളമിറക്കാനോ തൊഴില്‍ ചെയ്യാനോ കഴിയാതെ ഉള്‍നാടന്‍ മത്സ്യ തൊഴിലാളികളടക്കം വലയുകയാണ്്. താലൂക്കിലെ പതിനായിരത്തോളം കുടുംബങ്ങളാണ് ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിയുന്നത്. തൊഴില്‍ മുടങ്ങിയതോടെ നിരവധി കുടുംബങ്ങള്‍ പട്ടിണിയിലായി. കായല്‍ തീരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചീന, ഊന്നി, കമ്പ വലകള്‍ പായലിന്റെ ആധിക്യം മൂലം നാശത്തിന്റെ വക്കിലാണ്. പായല്‍ കെട്ടിനില്‍ക്കുന്നത് ജലാശയങ്ങളില്‍ ഒഴുക്ക് തടസപ്പെടുന്നതിനും മലിനമാകുന്നതിനും കാരണമാകുന്നുണ്ട്. ചിലപ്രദേശങ്ങളില്‍ പായല്‍ ചീഞ്ഞ് ദുര്‍ഗന്ധവും ഉയരുന്നുണ്ട്. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന പായലാണ് കായലുകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും നിറയുന്നത്. പാടശേഖരങ്ങളില്‍ നിന്ന് പായല്‍ അനിനിയന്ത്രിതമായി ഒഴുക്കിവിടുന്നത് തടയണമെന്ന ഉള്‍നാടന്‍ മത്സ്യതൊഴിലാളികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ തുറന്നു കിടക്കുന്നതാണ് ജലാശയങ്ങളില്‍ പായല്‍ നിറയുന്നിന് കാരണം. കായലുകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും പായല്‍ നിറഞ്ഞതോടെ ജലഗതാഗതവും ദുരിതപൂര്‍ണമായി. തവണക്കടവ് വൈക്കം ബോട്ട് സര്‍വീസ് ഇതുമൂലം പ്രതിസന്ധിയിലായി. മാക്കേക്കടവ് നേരേ കടവ് ഫെറിയിലെ ജങ്കാര്‍ സര്‍വീസിനേയും, മണപ്പുറം ചെമ്മനാകരി, വയലാര്‍ പള്ളിപ്പുറം, എന്നിവിടങ്ങളിലെ കടത്തുകളെയും പായല്‍ സാരമായി ബാധിച്ചിട്ടുണ്ട്. പായല്‍ തിങ്ങി നിറഞ്ഞ് മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്നതു മൂലം കായല്‍ മലിനമാകുന്നതോടൊപ്പം ജലജന്യ സാംക്രമീക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനും കാരണമാകുന്നുന്നുണ്ട്. കായലിനേയും ഉള്‍നാടന്‍ ജലാശയങ്ങളെയും ആശ്രയിച്ചു കായലോരമേഖലകളില്‍ ജീവിക്കുന്ന കക്കാ, മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയും രോഗങ്ങളും മൂലം ദുരിതത്തിലായി. പ്രഭവ സ്ഥാനത്തു തന്നെ പായലുകള്‍ നശിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, പോളപായല്‍ മൂലം തൊഴിലും, തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.