നീലേശ്വരം എഫ്സിഐ; ചര്‍ച്ച പരാജയപ്പെട്ടു

Saturday 2 July 2011 11:30 pm IST

കാഞ്ഞങ്ങാട്‌: നീലേശ്വരം എഫ്സിഐ ഗോഡൌണില്‍ കയറ്റിറക്ക്‌ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കുന്നതിന്‌ ഇന്നലെ യൂണിയന്‍ നേതാക്കളും മൊത്ത വ്യാപാരികളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തൊഴിലാളികളുടെ അലവന്‍സ്‌ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം വ്യാപാരികള്‍ അംഗീകരിക്കാത്തതാണ്‌ ചര്‍ച്ച പരാജയപ്പെടാനിടയാക്കിയത്‌. കാഞ്ഞങ്ങാട്‌ നടന്ന ചര്‍ച്ചയില്‍ ജില്ലാ സപ്ളൈ ഓഫീസര്‍ സുധവാസുദേവ്‌, താലൂക്ക്‌ സപ്ളൈ ഓഫീസര്‍ എം.കുഞ്ഞമ്പുനായര്‍ കാസര്‍കോട്‌ താലൂക്ക്‌ സപ്ളൈ ഓഫീസര്‍, നീലേശ്വരം എഫ്‌.സിഐ ഡിപ്പോ മാനേജര്‍ ഗോവിന്ദന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ ചര്‍ച്ച നടന്നത്‌. തൊഴിലാളികളെ പ്രതിനിധീകരിച്ച്‌ എറുവാട്ട്‌ മോഹനന്‍. കെ.സുധാകരന്‍, ചന്ദ്രന്‍, ശ്രീരാജന്‍ എന്നിവരും മൊത്തവ്യാപാരികളെ പ്രതിനിധീകരിച്ച്‌ കെ.എം.കുഞ്ഞിക്കണ്ണന്‍, അബ്ദുള്‍സലാം, വിനോദ്‌ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.