സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമം കര്‍ശനമാക്കണം: ഹിന്ദു വനിതാ നേതൃസമ്മേളനം

Sunday 20 December 2015 10:50 pm IST

കോട്ടയം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം സര്‍വ്വ സീമകള്‍ ലംഘിക്കുന്നതില്‍ ഹിന്ദു വനിതാ നേതൃസമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. സംസ്ഥാനത്ത് 2015ല്‍ മാത്രം 1077 ബലാത്സംഗക്കേസുകളും 136 സ്ത്രീകളെ തട്ടികൊണ്ടുപോകല്‍ കേസുകളും , 5071 ലൈംഗീക പീഠനക്കേസുകളും, 122 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക, പീഠനക്കേസുകളില്‍ കേരളം ഇന്ന് 9-ാം സ്ഥാനത്താണ്. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളോട് ആഭ്യന്തരവകുപ്പ് കാട്ടുന്ന നിഷ്‌ക്രിയത്വമാണ് വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് കാരണമെന്ന് സമ്മേളനം കുറ്റപ്പെടുത്തി. നേതൃസമ്മേളനം ബ്രഹ്മകുമാരി രാജയോഗിനി രഞ്ജിനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തില്‍ മതപരമായ വിവേചനം ആണ് നടക്കുന്നതെന്നും 1-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കിപോലും വിവേചനം അനുഭവിക്കേണ്ടിവരുന്നു എന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജാതീയമായി ഉച്ചനീചത്വം ഹിന്ദുസമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നും ടീച്ചര്‍ പറഞ്ഞു. നേതൃസമ്മേളനത്തില്‍ വിഷയാവതരണം നടത്തിക്കൊണ്ട് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ സംസാരിച്ചു. മഹിളാ നേതാക്കളായ അഡ്വ സംഗീത വിശ്വനാഥന്‍, ഡോ.ശ്രീഗംഗ യോഗദത്തന്‍, സിന്ധു ശിവന്‍കുട്ടി, ബിന്ദു നന്ദകുമാര്‍, ലീല.കെ, അംബികാ തമ്പി, പി.കെ.മുണ്ടി, സതി കെ.എന്‍, പി.വി.ഓമന, സുമതി രാജു, പി.ആര്‍.ലക്ഷ്മി, രമ ഗോപിനാഥ്, ജിജി ജെയ്ജു, സരോജിനി രാജപ്പന്‍, രാധാ നാരായണന്‍, രാധമ്മ കൃഷ്ണന്‍കുട്ടി, മണിയമ്മ രാജന്‍, ഭവാനി നാണുക്കുട്ടന്‍, ദേവകി.കെ, ശാന്തമ്മ കേശവന്‍, കെ.ബി.കൃഷ്ണകുമാരി, ഷൈലജ രവീന്ദ്രന്‍, ഉഷാ ഗോപിദാസ്, സുവര്‍ണ്ണാ തമ്പി, ഗിരിജാ പ്രസാദ്, പി.കെ.വത്സമ്മ എന്നിവര്‍ സംസാരിച്ചു. മതം നോക്കി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണം. സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുക, സ്ത്രീസുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേതൃസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീസുരക്ഷ ആവശ്യപ്പെട്ടു 28ന് സെക്രട്ടറിയേറ്റ് പടിക്കല്‍ വനിതാ നേതൃധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചു. സാമൂഹ്യ സമരസതാ സന്ദേശം ഉയര്‍ത്തിക്കൊണ്ട് ധനുമാസത്തിലെ തിരുവാതിര മാതൃദിനമായി കേരളത്തിലെ എല്ലാ ജില്ലകളിലും സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. 30ന് ഗുരുവായൂരില്‍ സാമുദായിക സംഘടനകളുടെ വനിതാ നേതൃത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ശില്‍പ്പശാല സംഘടിപ്പിക്കും. സമാപന സഭയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍, വൈസ് പ്രസി. പി.ആര്‍.ശിവരാജന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.