പെരിയാറില്‍ വീണ്ടും കൂട്ടമത്സ്യക്കുരുതി

Sunday 20 December 2015 11:04 pm IST

കളമശേരി: കളമശേരി ഏലൂര്‍ നഗരങ്ങളെ ബന്ധിക്കുന്ന ആറാട്ടുകടവില്‍ പാലത്തിനു താഴെ ഇന്നലെ വൈകിട്ട് മൂന്നരയോടെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. വിവരം അറിയിച്ചിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ വൈകിയെത്തിയത് പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ മണിക്കൂറുകളോളം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനെ തടഞ്ഞുവച്ചു. അതിനിടയില്‍ ചത്തുപൊങ്ങിയ മത്സ്യങ്ങളില്‍ നല്ലൊരു ഭാഗവും ഇതര സംസ്ഥാന തൊഴിലാളികള്‍ പുഴയിലിറങ്ങി ശേഖരിച്ച് വില്‍ക്കുകയും ചെയ്തു. ചിലര്‍ 450 മുതല്‍ 350 രൂപയ്ക്ക് വരെ മീനുകള്‍ വിറ്റു. പുഴയില്‍ നിന്ന് വലയിട്ട് പിടിച്ചതാണെന്ന ധാരണയിലാണ് പാലത്തിലൂടെ കടന്നുപോകുന്നവര്‍ മീന്‍ വാങ്ങിയത്. കുറച്ചു പേര്‍ തൊഴിലാളി ക്യാമ്പുകളില്‍ വറുത്തു വില്‍ക്കുകയും ചെയ്തു. സന്ധ്യയോടെ ആരോഗ്യവകുപ്പ് വിഭാഗം വന്ന് വില്‍പന തടഞ്ഞു. വറുത്ത് വച്ച മീനുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. കരിമീന്‍, മഞ്ഞക്കൂരി, വാള, ഞണ്ട്, കൊഞ്ച് തുടങ്ങിയ മീനുകളാണ് ചത്ത് പൊങ്ങിയത്. ഈ മേഖല എറണാകുളത്തിന് കീഴില്‍ വരുന്നതാണെന്ന ന്യായം പറഞ്ഞ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ സാമ്പിള്‍ ശേഖരിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അനുവദിച്ചില്ല. ജലത്തില്ഡ ഓക്‌സിജന്‍ അളവ് കുറവായതിനാലാണ് മീനുകള്‍ ചാവുന്നതിന് കാരണമെന്ന് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവരമറിഞ്ഞ് കളമശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിജി ബാബു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എബിന്‍ രാജു എന്നിവരും സംഭവസ്ഥലത്തെത്തി. വിവരമറിഞ്ഞ് കൂടുതല്‍ പേര്‍ എത്തിയതോടെ പാലത്തില്‍ ഗതാഗതക്കുരുക്കായി. കളമശേരി പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചിട്ടും പോലീസ് വന്നില്ലെന്ന് ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.