ജില്ലയില്‍ 8.51 കോടി രൂപ ചെലവില്‍ അഞ്ച്ആശുപത്രി കെട്ടിടങ്ങള്‍: മന്ത്രി

Sunday 20 December 2015 11:05 pm IST

കൊച്ചി: മത്സ്യഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ 8.51 കോടിരൂപ ചെലവില്‍ അഞ്ച് ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. ഇവയില്‍ ചിലതിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. പൂത്തോട്ടയിലെ പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ പുതിയ ഐപി ബ്ലോക്കിന്റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍തന്നെ 2.07 കോടി രൂപയുടെ 11 സമാന പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 1.45 കോടി രൂപ മുതല്‍ മുടക്കില്‍ 380.65 ച.മീറ്ററില്‍ നിര്‍മ്മിക്കുന്ന ഐപി ബ്ലോക്കില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക വാര്‍ഡുകള്‍, അത്യാഹിത വിഭാഗത്തിനും നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കുമുളള മുറികള്‍ തുടങ്ങിയവയ്ക്കുപുറമെ ലാബ്, എക്‌സ്‌റേ, ഫാര്‍മസി, ടോയ്‌ലറ്റ് സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ബ്ലോക്കിനുവേണ്ട ഉപകരണങ്ങളും ഫര്‍ണിച്ചറും തീര ദേശവികസ കോര്‍പറേഷന്‍ നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ സംയോജിത മത്സ്യഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി ഉദയംപേരൂര്‍ ഗ്രാമ പഞ്ചായത്തില്‍ 21 ലക്ഷം രൂപ മുതല്‍മുടക്കില്‍ പൂത്തോട്ട, പനച്ചിങ്കല്‍, ഫിഷര്‍മെന്‍ കോളനി എന്നിവിടങ്ങളില്‍ സ്ഥാപിച്ച 3 ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ജില്ലയിലെ തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിനായി 100.27 കോടിരൂപയുടെ വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. 38.88 കോടി രൂപയുടെ പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. 61.47 കോടി രൂപയുടെ പദ്ധതികള്‍ നിര്‍വ്വഹണ ഘട്ടത്തിലാണ്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമന്‍, ഉദയം പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ്ബ്, റീജിയണല്‍ മാനേജര്‍ ഡോ പി.ടി. മാത്യു, ഡയറക്ടര്‍ ബോര്‍ഡ് അംഗം വേളി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.