ദളിത് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: മൂന്നു പേര്‍ കൂടി പിടിയില്‍

Monday 21 December 2015 2:50 am IST

അടൂര്‍: ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചകേസില്‍ ഒളിവില്‍ കഴിഞ്ഞ മൂന്നു പ്രതികളെക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റു ചെയ്തതായി കേസന്വേഷണ ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി കെ. ജയകുമാര്‍ പറഞ്ഞു. അഞ്ചാം പ്രതി കരുനാഗപ്പള്ളി ക്ലാപ്പന വെള്ളംപള്ളില്‍ സന്തോഷ് (36), ആറാം പ്രതി ആലപ്പാട്ട് മാധവാലയത്തില്‍ കണ്ണന്‍ എന്ന ലിജു (24), ഒമ്പതാം പ്രതി പന്മന മനയില്‍ മരുന്തിയില്‍ പപ്പന്‍ എന്ന അനന്തകൃഷ്ണന്‍ (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷും ലിജുവും ഡ്രൈവര്‍മാരാണ്. അനന്തകൃഷ്ണന്‍ ക്വാറി മാനേജരും. കഴിഞ്ഞ ദിവസം ഇവര്‍ വീടുകളില്‍ എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവദിവസം ഇവര്‍ മൂവരും സന്തോഷിന്റെ സഹോദരിയുടെ കാറില്‍ പെരുമ്പാവൂരിലും അവിടെ നിന്ന് കോയമ്പത്തൂരിലെത്തി രണ്ടു ദിവസം താമസിച്ചു. തുടര്‍ന്ന് ചെന്നൈയിലും കന്യാകുമാരിയിലുമെത്തി.ഇവിടെ എത്തിയതോടെ പണവും മൊബൈല്‍ ഫോണില്‍ ചാര്‍ജില്ലാതെയാവുകയും നാട്ടിലെ വിവരങ്ങളറിയാന്‍ സൗകര്യമില്ലാതാവുകയും ചെയ്തതോടെയാണ് ഇവര്‍ വീടുകളിലെത്തിയതത്രേ. സന്തോഷും കണ്ണനും അവരുടെ വീടുകളിലും അനന്തകൃഷ്ണന്‍ സഹോദരിയുടെ വീട്ടിലേക്കും പോവുകയായിരുന്നു.പ്രധാന പ്രതികളിലൊരാളായ സന്തോഷ് പെണ്‍കുട്ടിയെ ചക്കുവള്ളിയിലെ ലോഡ്ജില്‍ കാറില്‍ കയറ്റിക്കൊണ്ടു പോവുകയും വിസ്സമ്മിച്ചതിനാല്‍ തിരിച്ചു കൊണ്ടുവിടുകയുമായിരുന്നു. അനന്തകൃഷ്ണന്‍ സന്തോഷിനെയും ലിജുവിനെയും സഹായിക്കുക മാത്രമേ ചെയ്തുള്ളു എന്നു പൊലീസ് പറഞ്ഞു.  സി.ഐ എം.ജി സാബു, എസ്. ഐ രാധാകൃഷ്ണകുറുപ്പ്, എസ്.എ.പിമാരായ കെ. സന്തോഷ്‌കുമാര്‍, ആര്‍. രാധാകൃഷ്ണന്‍, രാജേന്ദ്രന്‍, അജി സാമുവേല്‍, ലിജു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.