സിപിഎം കേന്ദ്രത്തില്‍ ബോംബ് സ്‌ഫോടനം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Monday 21 December 2015 11:07 pm IST

തലശ്ശേരി: സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ധര്‍മ്മടം സ്വാമിക്കുന്ന് വട്ടക്കല്ലില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ഉണ്ടായ ബോംബ്‌സ്‌ഫോടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വട്ടക്കല്ലിനടുത്ത് പുതിയാണ്ടിയില്‍ എടക്കവടത്ത് പരേതനായ അനന്തന്‍-കൗസു ദമ്പതികളുടെ മകന്‍ സജീവന്‍ (45)ആണ് മരണപ്പെട്ടത്. അവിവാഹിതനായ സജീവന്‍ മത്സ്യബന്ധന തൊഴിലാളിയാണ്. കടലോരത്തെ പറമ്പില്‍നിന്ന് വീട്ടിലേക്ക് വിറകുശേഖരിക്കവെ കാണപ്പെട്ട വസ്തു കൈയ്യിലെടുത്തപ്പോഴാണ് സ്‌ഫോടനം നടന്നതെന്നതെന്ന് കരുതപ്പെടുന്നു. സ്‌ഫോടനത്തില്‍ കൈക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. പരിക്കുകളോടെ സജീവന്‍ അല്‍പനേരം ഓടിയെങ്കിലും കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ഷാജി,അനിത, ബിന്ദു,പരേതനായ വിനോദന്‍. സ്‌ഫോടനം നടന്ന സ്ഥലം സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. ജനവാസമില്ലാത്ത പ്രദേശമാണ്. ഇവിടം സിപിഎം ക്രിമിനല്‍ സംഘം സ്ഥിരതാവളമാക്കിമാറ്റിയിരിക്കുകയായിരുന്നു. സിപിഎം അക്രമത്തിനായി ബോംബുകള്‍ സ്വരൂപിച്ച് കൂട്ടുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം പഞ്ചായത്തിലെ 11-ാം വാര്‍ഡിലുള്‍പ്പെട്ട പ്രദേശത്ത് സിപിഎമ്മിനായിരുന്നു വിജയം. ഡിസംബര്‍ ഒന്നിന് ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ ബോര്‍ഡുകളും ബാനറുകളും വ്യാപകമായി നശിപ്പിച്ചിരുന്നു. സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ കെട്ടി ഇത് പാര്‍ട്ടി ഗ്രാമമാണെന്നും ഇവിടെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്‌ഫോടനം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥലത്തെത്തി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ച് സിപിഎം ജില്ലാസെക്രട്ടറി മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.