ഗുരു എന്നവാക്കിന് അന്ധകാരത്തെ ഇല്ലാതാക്കുന്നത് എന്നാണ് അര്‍ത്ഥം. ‘ഗു’എന്നത് അന്ധകാരം.’രു’അതിനെ നിരോധിയ്ക്കുന്നത്. നമ്മുടെ ഉള്ളിലുള്ള അന്ധകാരത്തെ നീക്കുന്നവനാണ് ഗുരു. പതഞ്ജലി യോഗദര്‍ശനത്തില്‍ പറയുന്നത് ‘പൂര്വേഷാമപി ഗുരു കലാലേനാനവഛേദാത്’ കാലംകൊണ്ട് മുറിക്കാന്‍ കഴിയാത്തപരമമായ ഗുരുവാണ് പരമേശ്വരന്.
ആദ്ധ്യാത്മിക ജ്ഞാനം നല്കുന്നവന് ഗുരു. ഉള്ളിലുള്ള അന്ധകാരത്തെ മുഴുവന്‍ നീക്കാന്‍ കഴിവുള്ളവനാണ് ഗുരു. ഗുരു തനിയ്ക്ക് ലഭിച്ചിട്ടുള്ള അനുഭവജ്ഞാനങ്ങള്‍ തന്റെ ശിഷ്യനിലേക്ക് പകര്‍ന്നു കൊടുക്കുന്നു. ഗുരുവിന്റെ രൂപത്തില്‍ സാക്ഷാല്‍ പരമേശ്വരന് തന്നെ പകര്‍ന്നു നല്‍കുന്നതാണ് ജ്ഞാനം. ഗുരുവിന്റെശ്രദ്ധ ശിഷ്യന്റെ ചിത്തത്തെ കവര്ന്നെടുക്കുന്നതിലായിരിയ്ക്കണം. ശിഷ്യന്റെ സര്‍വ്വവിധ വികാസത്തിനു വേണ്ടിയാണ് ഗുരുസ്വാമിയുടെ ശ്രമങ്ങള്‍.
ഗുരുചിത്തത്തിന്റെ പൂര്‍ണ്ണ പ്രസന്നതയോടുകൂടി ശിഷ്യന്റെ കഴിവുമനസ്സിലാക്കി ജ്ഞാനം പകര്‍ന്നുകൊടുക്കുന്നു. ശിഷ്യന് അതു സ്വീകരിയ്ക്കാന്‍ സര്‍വ്വദാ തയ്യാറാവുകയും വേണം. ഗുരുസ്വാമി ശിഷ്യന് മാല, ദീക്ഷ, മുദ്ര എന്നിവ നല്കുമ്പോള് ശിഷ്യന് അത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കിവേണം സ്വീകരിയ്ക്കാന്‍. ശിഷ്യനാകട്ടേ ഗുരുവിന്റെ ഉപദേശങ്ങള്‍ മുഴുവനും സ്വീകരിയ്ക്കണം. ഗുരുവിനെ നിന്ദിയ്ക്കുന്നത് പരമ ദോഷം തന്നെയാണ്. അച്ഛനും അമ്മയും ഗുരുവും തുല്യരാണ്. അതനുസരിച്ചുവേണം അവരുമായി പെരുമാറുവാന്‍.
ഗുരുസ്വാമി ശിഷ്യന് മാലയും മുദ്രയും കൊടുക്കുന്നതോടോപ്പം ശരണ മന്ത്രവും ഉപദേശിച്ച് കൊടുക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ മന്ത്രദീക്ഷയാണ്. ഗുരുസ്വാമി അയ്യപ്പന് തന്നെയാണ്. അയ്യപ്പന് ശിഷ്യനെ അയ്യപ്പനാക്കികൊടുക്കുന്നതാണ് ദീക്ഷ കൊടുക്കുന്നത്. ഈമാലയിടല് ചടങ്ങ് പുണ്യദായകം തന്നെയാണ്. ഗുരുവിന് തന്റെ ഗുരു പകര്‍ന്നു നല്കിയ ശിക്ഷണങ്ങള്‍ അതേപടി ശിഷ്യനിലേയ്ക്ക് പകര്‍ന്നുകൊടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: