വരുന്നു ഇലക്ട്രിക് ബസ്

Monday 21 December 2015 8:28 pm IST

പാർലമെൻറ് വളപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇലക്ട്രിക് ബസ് പരിശോധിക്കുന്നു.

ന്യൂദൽഹി: അൽപ്പംപോലും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത ഇലക്ട്രിക് ബസ് വരുന്നു. ബസിന്റെ അനാഛാദനവും ഡെമോൺസ്‌ട്രേഷനും ഇന്നലെ പാർലമെന്റ് വളപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു.ഡീസൽ ബസാണ് ഇലക്ട്രിക് ബസായി മാറ്റിയെടുത്തിരിക്കുന്നത്.
കേന്ദ്ര റോഡ്, ഹൈവേ ഗതാഗത മന്ത്രായലമാണ് പുതിയ ബസിന്റെ വികസനത്തിനു പിന്നിൽ. പാർലമെൻറ് വളപ്പിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബസിന്റെ പ്രവർത്തനം നിരീക്ഷിച്ചു. ആദ്യ ബസിന്റെ താക്കോൽ അദ്ദേഹം ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജന് കൈമാറി.

അന്തരീക്ഷത്തിനുണ്ടാകുന്ന കോട്ടം നേരത്തെ തന്നെ ചർച്ചകൾക്ക് വിധേയമാകുന്നുണ്ടെങ്കിലും അതിന്റെ പ്രത്യാഘാതം സമീപകാലത്താണ് സാധാരണക്കാർക്ക് മനസിലാകുന്നത്, മോദി പറഞ്ഞു. പാരീസിൽ നടന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഉച്ചകോടിയിൽ രണ്ട് സുപ്രധാന നടപടികളാണ് സ്വീകരിച്ചത്.

ഹരിത സാങ്കേതിക വിദ്യാവികസനമാണ് അതിലൊന്ന്. അന്താരാഷ്ട്ര സൗരസഖ്യമാണ് രണ്ടാമത്തേത്. ഈ പശ്ചാത്തലത്തിൽ ഇത്തരം ബസ് വികസിപ്പിക്കാൻ മുൻകൈയെടുത്ത റോഡ്ഗതാഗത മന്ത്രാലയത്തെ അദ്ദേഹം അഭിനന്ദിച്ചു. ചെലവുകുറഞ്ഞതും കാര്യക്ഷമവുമായ ഇത്തരം ബസുകൾ നിർമ്മിക്കാൻ അദ്ദേഹം വ്യവസായികളോട് അഭ്യർഥിച്ചു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, വെങ്കയ്യ നായിഡു, പ്രകാശ് ജാവ്‌ദേക്കർ തുടങ്ങിയവരും നിരവധി എംപിമാരും ചടങ്ങിൽ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.