റയലിന്റെ ആറാട്ട്

Monday 21 December 2015 9:28 pm IST

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ റയല്‍ മാഡ്രിഡ് ഗോളുകൊണ്ട് ആറാടി. റയൊ വല്ലെക്കാനോയെ രണ്ടിനെതിരെ പത്ത് ഗോളിന് മുക്കി റയല്‍. ഗരത് ബെയ്‌ലിന്റെ നാലു ഗോളും കരിം ബെന്‍സമയുടെ ഹാട്രിക്കുമാണ് റയലിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ രണ്ടു ഗോള്‍ നേടി. മറ്റൊരു കളിയില്‍ മുന്‍ ചാമ്പ്യന്‍ അത്‌ലറ്റികോ മാഡ്രിഡിന് തോല്‍വി. മലാഗയോട് മടക്കമില്ലാത്ത ഒരു ഗോളിന് തോറ്റു അത്‌ലറ്റികോ. സാന്റിയാഗോ ബെര്‍ണാബുവില്‍ മൂന്നാം മിനിറ്റില്‍ തന്നെ സ്‌കോറിങ് തുടങ്ങി റയല്‍. ഡാനിലോയാണ് ആദ്യം ലക്ഷ്യം കണ്ടത്. പിന്നീട് സൂപ്പര്‍ താരങ്ങള്‍ ഗോളടി ഏറ്റെടുത്തു. 25, 41, 61, 70 മിനിറ്റുകളിലാണ് ബെയ്ല്‍ വല കുലുക്കിയത്. 48, 79, 90 മിനിറ്റുകളില്‍ ബെന്‍സമയും സ്‌കോര്‍ ചെയ്തു. 30, 53 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്. അന്റോണിയൊ അമായയും ജൊസാബെഡും വല്ലെക്കാനോയുടെ സ്‌കോറര്‍മാര്‍. ജയിച്ചെങ്കിലും 16 കളികളില്‍ 33 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു റയല്‍. അതേസമയം, തോല്‍വി അത്‌ലറ്റികോയെ പട്ടികയില്‍ ഒന്നാമതെത്തുന്നതില്‍നിന്ന് തടഞ്ഞു. കളിയവസാനിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെ ചാള്‍സ് ആണ് മലാഗയുടെ വിജയ ഗോള്‍ നേടിയത്. 16 കളികളില്‍ 35 പോയിന്റുമായി രണ്ടാമത് അത്‌ലറ്റികോ. ഒരു മത്സരം കുറച്ചു കളിച്ച ബാഴ്‌സലോണ ഇതേ പോയിന്റുമായി ഒന്നാമത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.