അല്‍ ഖ്വയ്ദ നേതാക്കള്‍ ആഫ്രിക്കയിലേക്ക്‌ നീങ്ങുന്നുവെന്ന്‌ സംശയം

Monday 26 December 2011 9:31 pm IST

ലണ്ടന്‍: ഒസാമ ബിന്‍ലാദനടക്കം പല നേതാക്കളും വധിക്കപ്പെട്ടതോടെ പാക്കിസ്ഥാനില്‍ ദുര്‍ബലമായ അല്‍ ഖ്വയ്ദ നേതൃത്വം വടക്കന്‍ ആഫ്രിക്കയിലേക്ക്‌ നീങ്ങുന്നതായി സംശയിക്കപ്പെടുന്നു. 2012-ല്‍ ഒരു ചെറിയ പരിശ്രമം കൂടി നടത്തിയാല്‍ പാക്കിസ്ഥാനിലെ അല്‍ ഖ്വയ്ദ നേതൃത്വത്തെ തകര്‍ക്കാനാവുമെന്ന്‌ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥര്‍ കരുതുന്നു. അല്‍ ഖ്വയ്ദയിലെ പല മുതിര്‍ന്ന നേതാക്കളും പെയിലറ്റില്ലാ ചാരവിമാനങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഇനിയും വളരെക്കുറിച്ച്‌ തീവ്രവാദികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ഒരു ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. മെയ്‌ രണ്ടിന്‌ അബോട്ടാബാദില്‍ അമേരിക്കന്‍ സേനയുടെ ആക്രമണത്തില്‍ ഒസാമ ബിന്‍ലാദന്‍ വധിക്കപ്പെട്ടിരുന്നു. അല്‍ ഖ്വയ്ദയുടെ രണ്ട്‌ മുതിര്‍ന്ന നേതാക്കളെങ്കിലും ലിബിയയിലേക്ക്‌ കടന്നതായി സംശയിക്കപ്പെടുന്നു. മറ്റുപല അല്‍ ണ്ണഖ്വയ്ദ ഭീകരരും പാക്കിസ്ഥാനില്‍ നിന്നും യാത്രയാവുന്നതിനാല്‍ അവരെല്ലാം വടക്കന്‍ ആഫ്രിക്കയിലേക്ക്‌ കടക്കുമെന്ന്‌ കരുതപ്പെടുന്നു. വടക്കന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ പരിചയസമ്പന്നരായ ഒരു കൂട്ടം ഭീകരര്‍ അഫ്ഗാന്‍ ക്യാമ്പുകളില്‍ നിന്നും നാട്ടിലേക്ക്‌ തിരിച്ചുപോകുന്നതായി ഒരു വക്താവ്‌ അറിയിച്ചു. പാക്കിസ്ഥാന്റെ ഗോത്രവര്‍ഗ്ഗ മേഖലയിലേക്ക്‌ കടന്നുവരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ അവിടെ താല്‍ക്കാലിക താവളങ്ങളുണ്ടാക്കുന്നതും അല്‍ ഖ്വയ്ദക്ക്‌ ഭീഷണിയാവുന്നു. അഫ്ഗാനില്‍ നൂറോളം അല്‍ ഖ്വയ്ദ ഭീകരരുണ്ടെന്നാണ്‌ രഹസ്യാന്വേഷകര്‍ക്ക്‌ ലഭിച്ച വിവരം. പാക്കിസ്ഥാനി ചാരസംഘടനക്കും തീവ്രവാദികള്‍ ക്കുമിടയില്‍ ഹഖാനി ശൃംഖല ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്നുവെന്ന്‌ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഹഖാനി ശൃംഖലക്ക്‌ നേരെ യുദ്ധം ചെയ്യാന്‍ അവര്‍ മടിക്കുകയാണ്‌. അത്തരമൊരു നീക്കത്തിലൂടെ ഹഖാനികളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ മേലുള്ള തങ്ങളുടെ നിയന്ത്രണം നഷ്ടമാവുമെന്ന്‌ പാക്കിസ്ഥാന്‍ കരുതുന്നു. ജയിച്ചാല്‍ ഒരു നല്ല മിത്രത്തേയാവും അവര്‍ക്ക്‌ നഷ്ടപ്പെടുന്നത്‌, ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.