രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ കുതന്ത്രം

Monday 21 December 2015 9:58 pm IST

സണ്‍ഡെ ഗാര്‍ഡിയന്‍ പത്രം അവരുടെ സപ്തംബര്‍ ലക്കത്തില്‍ രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോദിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്ന പരിശ്രമത്തിലാണ് രാഹുല്‍ഗാന്ധി എന്ന് ആ ലേഖനത്തില്‍ പറയുന്നുണ്ട്. വിദേശപര്യടനങ്ങളില്‍ മോദിക്ക് ഭാരതീയരില്‍നിന്നും ലഭിക്കുന്ന ആവേശം നിറഞ്ഞ സ്വീകരണം മോദിയുടെ സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഉദ്ദേശ്യം ആരാധകരുള്ളതുപോലെ മോദിയെ വമര്‍ശിക്കുന്നവരും ധാരാളമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ സമരങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കു എന്നതാണ്. വിദേശയാത്രകള്‍ക്കിടയില്‍ പല സേവന സംഘടനകളുമായി ഈ ഉദ്ദേശ്യത്തോടെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഭൂരിപക്ഷ സമുദായ ക്ഷേമത്തിനുവേണ്ടി പദ്ധതികള്‍ തയ്യാറാക്കുന്ന, ന്യൂനപക്ഷങ്ങളെ അവഗണിക്കുന്ന ഭരണമാണ് മോദിയുടേത് എന്ന കുപ്രചാരണത്തിലൂടെയാണ് പലരുടെയും സഹായം രാഹുല്‍ ഗാന്ധി തേടുന്നത്. ഈ ഉദ്ദേശം സഫലമാക്കുവാന്‍ കഴിഞ്ഞ ഒമ്പതുമാസങ്ങളായി രഹസ്യസ്വഭാവത്തോടെ വിദേശയാത്രകള്‍ രാഹുല്‍ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് സണ്‍ഡെ ഗാര്‍ഡിയന്‍ ലേഖനം വെളിപ്പെടുത്തുന്നു. കിട്ടിക്കൊണ്ടിരുന്ന വിദേശ സംഭാവനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാരിനെതിരെ സന്നദ്ധ സേവന സംഘടനകള്‍ കോണ്‍ഗ്രസുമായി  കൈകോര്‍ക്കുന്നതില്‍ അത്ഭുതപ്പെടുവാനൊന്നുമില്ല. സാമ്പത്തിക-വ്യവസായ വികസനത്തിനുവേണ്ടി മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെ അട്ടിമറിക്കുക, തൊഴില്‍സമരങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയും രാഹുല്‍ഗാന്ധിയുടെ കുതന്ത്രങ്ങളില്‍ ഉള്‍പ്പെടുന്നു എന്ന് സണ്‍ഡെ ഗാര്‍ഡിയന്‍ മറ്റൊരു ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. മുതല്‍മുടക്കുവാന്‍ പറ്റിയ രാഷ്ട്രീയ അന്തരീക്ഷം അല്ല ഭാരതത്തിലുള്ളതെന്ന ധാരണ വ്യവസായ സംരംഭകര്‍ക്കിടയില്‍ പ്രചരിപ്പിച്ച് അവരെ പിന്തിരിപ്പിക്കുകയെന്നതാണ് രാഹുല്‍ ഗാന്ധിയുടെ പദ്ധതിയെന്ന് സണ്‍ഡെ ഗാര്‍ഡിയന്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു. മതപരമായ ലഹളകള്‍ നടക്കുന്ന നാടായും തൊഴില്‍ സമാധാനമില്ലാത്ത നാടായും ഭാരതത്തെ ചിത്രീകരിക്കുവാനുള്ള ചരടുവലിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഭൂരിപക്ഷ മതവാദ സര്‍ക്കാരാണ് മോദിയുടെതെന്നു വരുത്തിത്തീര്‍ക്കുവാനുള്ള രാഹുല്‍ഗാന്ധിയുടെ കുതന്ത്രങ്ങളുടെ ഒരു ഭാഗമാണ് ബുദ്ധിജീവികള്‍, ചരിത്രകാരന്മാര്‍, എഴുത്തുകാര്‍, ചലച്ചിത്രരംഗത്തുള്ളവര്‍ തുടങ്ങിയവര്‍ അസഹിഷ്ണുത വര്‍ധിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് പ്രകടിപ്പിച്ച പ്രതിഷേധം. ബീഹാര്‍ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പ്രതിഷേധം കെട്ടടങ്ങി. ഇനിവരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ മുന്നോടിയാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഭാരതീയ ജനതാ പാര്‍ട്ടിയെ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുവാനുള്ള തന്ത്രമായാണ് ബുദ്ധിജീവികളെയും മറ്റും വശത്താക്കി മതേതരത്വം, അസഹിഷ്ണുത തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തപ്പെട്ടത് എന്നാണ് പലരുടെയും അഭിപ്രായം. മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന നടപടികള്‍ കാരണം ഇന്ദിരാഗാന്ധി കുടുംബവുമായി പരോക്ഷബന്ധം പുലര്‍ത്തുന്ന ബുദ്ധിജീവികള്‍ക്കു വ്യക്തിപരമായ ചില നഷ്ടങ്ങള്‍ ഉണ്ടാവാനിടയുണ്ട്. നെഹ്‌റുവിന്റെ ഇടതുപക്ഷവീക്ഷണമനുസരിച്ച് ഭാരത ചരിത്രം രേഖപ്പെടുത്തുക, ഹിന്ദുമതസംസ്‌കാരങ്ങളെ കാട്ടാള സംസ്‌കാരമെന്ന് പരിഹസിക്കുക എന്നീ ജോലികളാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വലിയ ശമ്പളമൊന്നുമില്ലെങ്കിലും സര്‍ക്കാര്‍ വക വീട്, വാഹനം, ഇന്ധനം, രാജ്യത്തിനുള്ളിലും വിദേശത്തും യാത്ര ചെയ്യുവാനുള്ള ചെലവുകള്‍ എല്ലാം സൗജന്യമായി ഇവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നു. ഇപ്രകാരം മാന്യപദവികള്‍ വഹിക്കുന്ന ബുദ്ധിജീവികള്‍ കേന്ദ്രസര്‍ക്കാരിന്റെ പല വകുപ്പുകളിലും ഉണ്ടെന്ന വിവരം മാത്രമല്ല, ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാരില്‍നിന്നും ആനുകൂല്യങ്ങള്‍ പറ്റി ഇന്ദിരാഗാന്ധി കുടുംബ വിശ്വാസികളായി പ്രവര്‍ത്തിക്കുന്നുവെന്ന കാര്യവും വാജ്‌പേയി സര്‍ക്കാരിന് വൈകി മാത്രമേ അറിയുവാന്‍ കഴിഞ്ഞുള്ളൂ. വീണ്ടും പാര്‍ട്ടി അധികാരത്തില്‍ വരുകയാണെങ്കില്‍ ഈ സമ്പ്രദായത്തിനു വിരാമം ഇടണമെന്നും അന്നുതന്നെ തീരുമാനിക്കപ്പെട്ടു. നെഹ്‌റു കുടുംബവിശ്വാസികളായതുകൊണ്ടാണ് ഈ ബുദ്ധിജീവികളെയും ചരിത്രകാരന്മാരെയും ഭാരതീയ ജനതാപാര്‍ട്ടി നിരാകരിക്കുന്നതെന്നു പറയുന്നത് ശരിയല്ല. സ്വാതന്ത്ര്യത്തിനുശേഷം സ്വീകരിച്ച നെഹ്‌റു സിദ്ധാന്തത്തിലധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ, ചരിത്ര-സംസ്‌കാര രേഖകള്‍ തുടങ്ങിയവയില്‍നിന്നും അടിസ്ഥാനപരമായ വിരുദ്ധ നിലപാടാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടേയും ആര്‍എസ്എസിന്റെയും. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് നയം ഇടതുപക്ഷ ചിന്തകള്‍ക്കു പ്രാമുഖ്യം നേടിക്കൊടുത്തു. തല്‍ഫലമായി വിദ്യാഭ്യാസരംഗവും ഇതരരംഗങ്ങളും ഇടതുപക്ഷ സ്വാധീനവലയത്തിലായി. വലതുപക്ഷ ചിന്തകള്‍ക്കു സ്ഥാനമില്ലാതെ പോയി. അതുകൊണ്ട് സാമ്പത്തികനയം, വിദേശബന്ധം, സ്വാഭിമാനം എല്ലാം തകരാറിലായി എന്നതാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ ആരോപണം. ഹിന്ദുമതചായ്‌വുള്ള വലതുപക്ഷ പാര്‍ട്ടിയെന്നാണ് ഭാരതീയ ജനതാപാര്‍ട്ടിയെ എതിരാളികള്‍ കുറ്റപ്പെടുത്തുന്നത്. വാസ്തവത്തില്‍ മതവിശ്വാസം വലതുപക്ഷ സിദ്ധാന്തത്തിന്റെ ഒരു അംശം മാത്രമാണ്.  പ്രതിനിധാനം ചെയ്യുന്ന എല്ലാകാര്യങ്ങളിലും ഭാരതം  'തനിമ' കാണണമെന്ന നയമാണ് വലതുപക്ഷത്തിന്റേത്. ഇടതുപക്ഷത്തെപ്പോലെ തന്നെ തനതായ മുദ്രപതിപ്പിച്ചതാണ് വലതുപക്ഷവും. അത് അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളില്‍ നിലവിലുള്ള വലതുപക്ഷ സിദ്ധാന്തത്തിന്റെ  പകര്‍പ്പല്ല, ഭാരതീയമായ, ഭാരതത്തിനുമാത്രമായ (ഹിന്ദുക്കള്‍ക്ക് മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്) വലതുപക്ഷ സിദ്ധാന്തമാണത്. ചില രംഗങ്ങളില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ചില നിബന്ധനകളില്‍ മോദി സര്‍ക്കാര്‍ അയവുവരുത്തിയതിനെ ആര്‍എസ്എസിന്റെ ഒരു പോഷകസംഘടന തന്നെ വിമര്‍ശിച്ചിരുന്നു. ഇപ്രകാരം പല വ്യത്യസ്ത വീക്ഷണങ്ങള്‍ വലതുപക്ഷത്തുള്ളവര്‍ക്കുണ്ട്. ഭാരതത്തിന്റെ വിദേശനയം ഭാരതത്തെ കേന്ദ്രീകരിച്ചതാവണം; അല്ലാതെ അമേരിക്ക, യൂറോപ്പ്, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ആസ്പദിച്ചാവരുത്. ചില നൂറ്റാണ്ടുകളിലെ സംഭവങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയതാണ് ഭാരത ചരിത്രം ഇപ്പോള്‍. എന്നാല്‍ പല ആയിരം വര്‍ഷങ്ങള്‍ പഴമയുള്ളതാണ് ഭാരത ചരിത്രം. അവയെല്ലാം രേഖപ്പെടുത്തണം. പുരാതന  ഭാരതീയ ശാസ്ത്ര ചിന്തകളെ ആധുനിക ശാസ്ത്രചിന്തകളുമായി പൊരുത്തപ്പെടുത്തണം. ഇതൊക്കെയാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ വലതുപക്ഷ സിദ്ധാന്തം. ഈ സിദ്ധാന്തം നടപ്പില്‍ വരുത്തുവാന്‍ എടുക്കുന്ന നടപടികള്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കു ചില നഷ്ടങ്ങള്‍ ഉണ്ടാക്കും. അതു തുറന്നുപറയുവാനുള്ള ലജ്ജകൊണ്ട് മതേതരത്വം നഷ്ടപ്പെട്ടതായി മുറവിളി കൂട്ടുന്നു. മോദി സര്‍ക്കാര്‍ അധികാരഭ്രഷ്ടാകണമെന്നാണ് ഇവരുടെ ഉള്ളിലിരുപ്പ്. വലതുപക്ഷ ബുദ്ധിജീവികളുടെ അഭിപ്രായങ്ങള്‍ ഇതുവരെയും അംഗീകരിക്കപ്പെട്ടില്ല. ഇപ്പോള്‍ മാത്രമേ, ശ്യാമപ്രസാദ് മുഖര്‍ജി ഫൗണ്ടേഷന്‍, വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍, ഇന്ത്യാ ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങള്‍ തുടങ്ങപ്പെട്ടത്. കൂടാതെ ബുദ്ധീജിവികളെ ആഗോളതലത്തില്‍ സംഘടിപ്പിച്ച് ചര്‍ച്ചകളും നടത്തപ്പെടുന്നുണ്ട്.  ഇടതുപക്ഷ ബുദ്ധിജീവികളാകട്ടെ അത്തരം ചര്‍ച്ചകളെ ബഹിഷ്‌കരിക്കുകയാണ്. (തുഗ്ലക്  എന്ന തമിഴ് വാരികയില്‍ വന്ന ലേഖനം.   വിവര്‍ത്തനം : വി.എസ്.കെ.മൂര്‍ത്തി)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.