നാല്‌ മന്ത്രിമാരെ മായാവതി പുറത്താക്കി

Monday 26 December 2011 9:34 pm IST

ലക്നൗ: അഴിമതി ആരോപണത്തെത്തുടര്‍ന്ന്‌ ലോകായുക്തയുടെ അന്വേഷണം നേരിടുന്ന നാല്‌ മന്ത്രിമാരെ മായാവതി സര്‍ക്കാരില്‍ നിന്നും പുറത്താക്കി. എന്നാല്‍ പുറത്താക്കിയത്‌ സംബന്ധിച്ച ഒരു കാരണവും പ്രസ്താവനയില്‍ രേഖപ്പെടുത്തിയിട്ടില്ല. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും അഴിമതി ആരോപണവുമാണ്‌ പുറത്താക്കല്‍ നടപടിക്ക്‌ പിന്നിലെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, മായാവതി സര്‍ക്കാരില്‍ നിന്നും പുറത്താക്കപ്പെട്ട മന്ത്രിമാരുടെ എണ്ണം ഇതോടെ പതിനൊന്നായി. ഉന്നത വിദ്യാഭ്യാസ മന്ത്രി രാകേഷ്ദര്‍ ത്രിപാഠി, കാര്‍ഷിക ഗവേഷണ മന്ത്രി രാജ്പാല്‍ ത്യാഗി, പിന്നോക്ക ക്ഷേമ വികസന മന്ത്രി അവ്ദേഷ്കുമാര്‍ വര്‍മ്മ, ആഭ്യന്തര സുരക്ഷാമന്ത്രി ഹരിഓം എന്നിവരെയാണ്‌ കഴിഞ്ഞ ദിവസം പുറത്താക്കിയത്‌. അഴിമതി ആരോപണത്തെത്തുടര്‍ന്ന്‌ മന്ത്രിമാര്‍ ഇപ്പോള്‍ ലോകായുക്തയുടെ അന്വേഷണം നേരിടുകയാണ്‌. അഴിമതി നടത്തിയതു സംബന്ധിച്ച്‌ ഇവര്‍ക്കെതിരെ എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും ഏതു സമയവും അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാമെന്നുമാണ്‌ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്‌. അഴിമതി കേസിന്‌ പുറമെ, മന്ത്രി ഹരി ഓമിനെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസും നിലവിലുണ്ട്‌. അതേസമയം, അതിര്‍ത്തി കടന്നുള്ള വ്യാജ ഏറ്റുമുട്ടലില്‍ മന്ത്രി രാജ്പാല്‍ ത്യാഗിക്കുള്ള പങ്കിനെക്കുറിച്ച്‌ സിബിഐ അന്വേഷണം നടന്നുവരികയാണ്‌. ഉന്നത വിദ്യാഭ്യാസ മന്ത്രിയായി നദിമുദ്ദീന്‍ സിദ്ധിഖും പിന്നോക്ക ക്ഷേമ വികസന മന്ത്രിയായി ഇന്ദ്രജിത്ത്‌ സരോജും കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ മന്ത്രിയായി ചൗധരി ലക്ഷ്മിയും ചുമതലയേല്‍ക്കുമെന്ന്‌ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ മായാവതി മന്ത്രിസഭയിലെ 40 ശതമാനം മന്ത്രിമാര്‍ ലോകായുക്ത അന്വേഷണം നേരിടുകയാണ്‌. ഇതിന്‌ മുമ്പ്‌ ഏപ്രിലില്‍, ആരോഗ്യമന്ത്രി ആനന്ദ്‌ കുമാര്‍ മിശ്ര, കുടുംബക്ഷേമ മന്ത്രി ബാബുസിങ്‌ കുഷ്‌വാ എന്നിവരെ മായാവതി പുറത്താക്കിയിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടിയില്‍ അഞ്ച്‌ മറ്റ്‌ മന്ത്രിമാരേയും ലോകായുക്ത അന്വേഷണത്തെത്തുടര്‍ന്ന്‌ പുറത്താക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.