കേരളം ആഗ്രഹിക്കുന്നത് മണ്ണിന്റെ മക്കളുടെ ഭരണം: കുമ്മനം

Monday 21 December 2015 11:02 pm IST

ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അരിപ്പ സമര ഭൂമി സന്ദര്‍ശിക്കുന്നു

അരിപ്പ (കൊല്ലം): മണ്ണിന്റെ മക്കളുടെ ഭരണമാണ് കേരളം ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി പ്രസിഡന്റായശേഷമുള്ള പൊതുപ്രവര്‍ത്തന തുടക്കം അരിപ്പ സമരഭൂമിയില്‍ നിന്ന് ആരംഭിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ രാഷ്ട്രീയ അയിത്തതിനെതിരെ മൂന്നാമതൊരു ബഹുജനമുന്നേറ്റത്തിനാണ് ബിജെപി നേതൃത്വം നല്‍കാന്‍ പോകുന്നത്. വൈക്കം ,ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ സമരമായി നാളെ ഇത് ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കും. അധികാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ വോട്ടുകുത്താനായി നിര്‍ത്തിയിരുന്ന ജനത അധികാരത്തിലെത്തും. കൃഷിക്കാരന് യോഗ്യമായ ഭൂമി ലഭിക്കും വരെ അവര്‍ക്കൊപ്പം തന്നെ ഉണ്ടാവുകയും ചെയ്യും. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമുദ്രാവാക്യം അരിപ്പയുള്‍പ്പടെയുള്ള സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ആയിരിക്കും.

ബിജെപിയെ അധികാരത്തിലെത്തിക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തില്‍ തന്റെ കൈമുതല്‍ സാധാരണക്കാരന്റെ സ്‌നേഹം മാത്രമാണ്.
ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം ഭൂമി ഇല്ലാത്തവന് ഭൂമി നേടികൊടുക്കുക, രാഷ്ട്രീയ രംഗത്തെ അയിത്തം അവസാനിപ്പിക്കുക തുടങ്ങിയവയാണ്. കേരളത്തിലെ ഭൂമിയില്ലാത്തവനും പിന്നാക്കക്കാരനും പാവപ്പെട്ടവനും വേണ്ടി അഞ്ച് വര്‍ഷത്തിനിടയില്‍ നിയമസഭയില്‍ ചോദ്യം ചോദിച്ചത് ഒന്നരശതമാനം മാത്രമാണെന്നത് അത്ഭുതപ്പെടുത്തി. പട്ടികജാതിക്കാരുടെ പാനലില്‍ തെരഞ്ഞെടുക്കപ്പെട്ട 16 എംഎല്‍മാര്‍ നിയമസഭയില്‍ ഉള്ളപ്പോഴാണിത്.

ശൂരനാട്ട് പട്ടികജാതിയില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തിട്ട് അവരുടെ വീട് സന്ദര്‍ശിച്ച് ആശ്വാസവാക്കുകള്‍ പറയാന്‍ എംഎല്‍എയോ എംപി യോ തയ്യാറായിട്ടില്ലന്നത് പ്രതിഷേധാര്‍ഹമാണ്. പകരം വീട്ടുകാരെ ബഹിഷ്‌കരിക്കാനാണ് ഇവര്‍ തയ്യാറാകുന്നത്.

ആദിവാസിസമരസമിതിനേതാവ് ശ്രീരാമന്‍ കൊയ്യോന്‍ അദ്ധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാനസെക്രട്ടറിമാരായ അഡ്വ: പത്മകുമാര്‍, ബി.രാധാമണി,രാജിപ്രസാദ്, കൊല്ലം ജില്ലാപ്രസിഡന്റ് എം.സുനില്‍, തിരുവന്തപുരം ജില്ലാപ്രസിഡന്റ് അഡ്വ:സുരേഷ്, ഹിന്ദുഐക്യവേദിസംസ്ഥാനസെക്രട്ടറിമാരായ തെക്കടംസുദര്‍ശന്‍,പുത്തൂര്‍ തുളസി, തഴവ സഹദേവന്‍,വിവിധ സംഘടനാനേതാക്കളായ ഗോപിനാഥന്‍നായര്‍,ആയൂര്‍ മുരളി, മഠത്തില്‍ശശി,ബൈജുചെറുപൊയ്ക, മാലുമേല്‍സുരേഷ്, അഡ്വ: പ്രശാന്ത്, ആലുചേരിജയചന്ദ്രന്‍, കെ.വി.സന്തോഷ്ബാബു, ഗോപാലകൃഷ്ണന്‍,വി.രാജന്‍, ഗോപന്‍ചെന്നിത്തല, എം.ആര്‍.ചന്ദ്രന്‍,ലതാമോഹന്‍, സുമാദേവി എന്നിവര്‍ പങ്കെടുത്തു.

പിണറായി പറയുന്നത്  പച്ചക്കള്ളം: കുമ്മനം
കൊല്ലം: ക്ഷേത്രപരിസരങ്ങളില്‍ അന്യമതസ്ഥരെ വ്യാപാരസ്ഥാപനങ്ങള്‍ നടത്താന്‍ അനുവദിക്കരുതെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. പച്ചക്കള്ളമാണ് പിണറായി വിജയനും സിപിഎമ്മും പറയുന്നത്. സംശയം ഉണ്ടെങ്കില്‍ ആര്‍ക്കും തിരുവനന്തപുരത്തെ തന്റെ പത്രസമ്മേളനത്തിന്റെ വീഡിയോ പരിശോധിക്കാം. ആരാധനാലയങ്ങള്‍ക്കു സമീപം, അത് പള്ളിയാകട്ടെ, ക്ഷേത്രമാകട്ടെ, മോസ്‌കാകട്ടെ വ്യാപാര സ്ഥാപനങ്ങള്‍ അനുവദിക്കാനുള്ള അധികാരം അതത് ഭരണസമിതികള്‍ക്കാണ്. അവിടെയെന്തു നടക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. താന്‍ പറയാത്ത കാര്യം പറഞ്ഞെന്നു പറയുന്നതെന്തിനാണ്. രാഷ്ട്രീയ മുതലെടുപ്പിനാണ് അവരുടെ ശ്രമം, കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പിന്നീട് കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോടും ഇക്കാര്യം അദ്ദേഹം വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.