അഴീക്കല്‍-വെള്ളനാത്തുരുത്ത് റോഡ് നിര്‍മാണം നീളുന്നു

Tuesday 22 December 2015 11:01 am IST

കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിനെ തെക്കുവടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഏകറോഡായ അഴീക്കല്‍-വെള്ളനാത്തുരുത്ത് റോഡിന്റെ നിര്‍മാണം നിലച്ചതുമൂലം സ്തംഭനാവസ്ഥയിലായ ഗതാഗതം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി. അഴീക്കല്‍ മുതല്‍ തെക്കോട്ട് 11 കിലോമീറ്റര്‍ റോഡിന്റെ പണിക്കായി 13 കോടി രൂപ അനുവദിച്ച് പണി ആരംഭിച്ചെങ്കിലും റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള മത്സരം ഇടങ്കോലായി. ഇതിനാല്‍ റോഡിന്റെ പണി പൂര്‍ത്തിയാക്കാനുമാകുന്നില്ല. റോഡിന്റെ വികസനത്തിനായി വശങ്ങളിലുള്ള വസ്തുവിന്റെ ഉടമകള്‍ വേലികളും മതിലുകളും പൊളിച്ച് മാസങ്ങളായി. ഒരു പഞ്ചായത്തിനെ മുഴുവന്‍ ബന്ധിപ്പിക്കുന്ന ഏക റോഡിന്റെ ശോച്യാവസ്ഥ കാരണം നരകയാതനയിലാണ് പ്രദേശവാസികള്‍. പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ ആശ്രയമായ ഫിഷിംഗ് ഹാര്‍ബറിന്റെ പവര്‍ത്തനം നിലച്ച മട്ടാണ്. വാഹനങ്ങള്‍ക്ക് വന്നുപോകാനുള്ള സാഹചര്യമില്ലാത്തത് കാരണം ദുരിതവും വര്‍ധിക്കുന്നു. ഇവിടെ എത്തിക്കൊണ്ടിരുന്ന വള്ളങ്ങളും ബോട്ടുകളും ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളിലാണ് മത്സ്യം ഇറക്കുന്നത്. ഇതുകാരണം നൂറുകണക്കിന് മത്സ്യതൊഴിലാളികളാണ് തൊഴില്‍നഷ്ടം അനുഭവിക്കുന്നത്. ആലപ്പാടിനെയും വലിയഴീക്കലിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തീരദേശ റോഡ് കൂടിയായ ഇവിടെ അടിയന്തിരഘട്ടത്തില്‍ എത്തിച്ചേരാനോ രോഗികളുമായി ആശുപത്രികളിലെത്താനോ സാധിക്കാത്ത സ്ഥിതിയാണ്. കൊട്ടിഘോഷിച്ചുനടത്തിയ ജങ്കാര്‍ സര്‍വീസും നിലച്ചിരിക്കുകയാണ്. സുനാമി ബാധിതപ്രദേശമായ ഇവിടെ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. എന്നിട്ടും പഞ്ചായത്തും ഇലക്ട്രിസിറ്റി ബോര്‍ഡും മറ്റും പരസ്പരം പഴിചാരി റോഡ് നിര്‍മാണം തടസപ്പെടുത്തുകയാണെന്നാണ് ആക്ഷേപം. ബന്ധപ്പെട്ട വകുപ്പുകള്‍ നിസാരകാരണങ്ങള്‍ പറഞ്ഞ് ഒഴിയാതെ അടിയന്തിരമായി പരിഹരിക്കണമെന്നാണ് ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.