കാണാതായ വയനാട് ഡിഎംഒ മരിച്ച നിലയില്‍

Tuesday 22 December 2015 11:28 am IST

നിലമ്പൂര്‍: രണ്ടു ദിവസം മുന്‍പ് കാണാതായ വയനാട് ഡിഎംഒ പി.വി.ശശിധരനെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു സമീപത്തു നിന്നും കത്തും പോലീസിനു ലഭിച്ചിട്ടുണ്ട്. രാവിലെ പത്തോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ക്ലിനിക്ക് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പോലീസും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എത്തി പൂട്ട് തകര്‍ത്ത് അകത്തുകയറുകയായിരുന്നു. വീട്ടിലോ ക്ലിനിക്കിലോ മറ്റാരും ഉണ്ടായിരുന്നില്ല. തന്റെ മൃതദേഹം എല്ലാവരെയും കാണിക്കണമെന്നും ഫോട്ടോ ഡിഎംഒ ഓഫീസില്‍ വയ്ക്കണമെന്നും മാത്രമാണ് കത്തില്‍ പരാമര്‍ശിക്കുന്നതെന്ന് പോലീസ് പറഞ്ഞു.മൃതദേഹത്തിനു ഒരു ദിവസത്തെ പഴക്കമുണ്ട്. രണ്ടു ദിവസം മുന്‍പാണ് ഡിഎംഒയെ കാണാതാകുന്നത്. ഇതേതുടര്‍ന്ന് ഡെപ്യൂട്ടി ഡിഎംഒ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ഡിഎംഒയുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പരിശോധിച്ചപ്പോള്‍ മുടിക്കോട് പരിസരത്തുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്നാണ് വീട്ടിലും അടുത്തുള്ള ക്ലിനിക്കിലും അന്വേഷിച്ചത്. മരണകാരണം അറിവായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.