നേപ്പാളി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: ഏഴ് പേര്‍ക്ക് വധശിക്ഷ

Tuesday 22 December 2015 12:32 pm IST

രോഹ്തക്ക്: ഹരിയായില്‍ ബുദ്ധിമാന്ദ്യമുള്ള നേപ്പാളി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഏഴ് പേര്‍ക്ക് വധശിക്ഷ.ഹരിയാണയിലെ റോത്തക്കിലെ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് സീമ സിംഗാള്‍ നിരീക്ഷിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കര്‍ഷകനായ പദം സിംഗ്(39), തൊഴില്‍ രഹിതനായ മന്‍വീര്‍ സിംഗ്(21), കര്‍ഷകനായ സര്‍വര്‍ കുമാര്‍(30), ഫാക്ടറി തൊഴിലാളിയായ പവന്‍ കുമാര്‍(26), ചായക്കട നടത്തുന്ന സുനില്‍ കുമാര്‍(24), മദ്യഷോപ്പ് നടത്തുന്ന സുനില്‍ കുമാര്‍(37) എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ആവശ്യമാണെന്നും വിധി പ്രസ്താവിക്കവെ, ന്യായാധിപ സീമ സിംഗാള്‍ അഭിപ്രായപ്പെട്ടു. പ്രതികളില്‍നിന്ന് 1.75 ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി വിധിച്ചു. കഴിഞ്ഞ ഫിബ്രവരിയിലാണ് യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. രോഹ്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സക്കായി എത്തിയതായിരുന്നു യുവതി. ഫിബ്രവരി ഒന്നിനാണ് യുവതിയെ കാണാതായത്. ഫിബ്രവരി നാലിന് രോഹ്തക്കില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരെ ഒരു ഗ്രാമത്തിലെ പാടത്തുനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല ചെയ്യപ്പെടുന്നതിനുമുമ്പ് യുവതി അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്നും ബ്ലേഡും കല്ലുകളും തടിക്കഷണങ്ങളും ഗര്‍ഭനിരോധന ഉറകളും ഉള്‍പ്പെടെയുള്ളവ പോസ്റ്റ്‌മോര്‍ട്ടത്തിനിടയില്‍ ഡോക്ടര്‍മാര്‍ കണ്ടെടുത്തിരുന്നു. കേസില്‍ ഒന്‍പത് പ്രതികളാണ് ഉള്ളത്. ഒരാള്‍ ആത്മഹത്യ ചെയ്തു. പതിനഞ്ചുകാരനായ മറ്റൊരു പ്രതി ഇപ്പോള്‍ റോത്തക്കിലെ നിരീക്ഷണഭവനത്തിലാണ്. ഇയാള്‍ക്കെതിരെയും തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്ക് 21 വയസ്സെന്നായിരുന്നു നേരത്തെ പൊലീസ് കരുതിയിരുന്നത്. എന്നാല്‍ വൈദ്യപരിശോധനയില്‍ 15 വയസ്സ് മാത്രമാണ് പ്രായമെന്ന് കണ്ടെത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.