സഹകരണ തട്ടിപ്പ്: രാപ്പകല്‍ സമരത്തില്‍ പ്രതിഷേധം ഇരമ്പി

Tuesday 22 December 2015 10:46 pm IST

പാലാ: പാലാ മാര്‍ക്കറ്റിംഗ് മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങളിലെ നിക്ഷേപകരും റബ്ബര്‍ പാല്‍ നല്‍കി വഞ്ചിതരായ കര്‍ഷകര്‍ പാലാ കുരിശുപള്ളി കവലയില്‍ രാപ്പകല്‍ സമരം നടത്തി. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടുകളെടുക്കുന്ന പ്രസ്ഥാനങ്ങള്‍ വിമര്‍ശനവിധേയമായി. പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ 2014-15 വര്‍ഷത്തെ ഓഡിറ്റില്‍ കണക്കില്‍ കൃത്രിമം കാണിച്ചതായും സാമ്പത്തിക തിരിമറി നടത്തിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ വലിയ ക്രമക്കേടും കൃത്രിമങ്ങളും കണ്ടെത്താനിടയുണ്ട്. 2014-15 സാമ്പത്തിക വര്‍ഷം സംഘത്തിന്റെ പ്രവര്‍ത്തന മൂലധനം പൂജ്യമാണ്. മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സംഘത്തില്‍ ഭരണനേതൃത്വത്തിലുള്ളവരുടെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് വിവരാവകാശരേഖകള്‍പോലും നല്‍കാതെ യഥാര്‍ത്ഥ വസ്തുത മറച്ചുപിടിച്ചാണ് ഇക്കൂട്ടര്‍ കര്‍ഷകരെ വിഡ്ഢിവേഷം കെട്ടിക്കുന്നത്. നിക്ഷേപ ഇനത്തിലും റബ്ബര്‍ പാല്‍ വിലയിനത്തിലും 160-ഓളം കോടിതുകയുടെ അധിക ബാധ്യതയുള്ള സംഘത്തിന്റെ പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ നിലച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി നടക്കുന്ന ക്രമക്കേടുകള്‍ അതാത് വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുള്ളതും ഉന്നത രാഷ്ട്രീയ ഇടപെടല്‍ വഴി തുടര്‍ നടപടികള്‍ എടുക്കാതെ ക്രമക്കേടുകള്‍ അനുസ്യൂതം തുടരുന്നതിനുള്ള അവസരമൊരുക്കിക്കൊടുത്തവര്‍ക്ക് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലായെന്ന് സമരസമിതി പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഫാ. തോമസ് മണ്ണൂരാംപറമ്പില്‍ എന്നിവര്‍ കര്‍ഷകസ്‌നേഹം അഭിനയിക്കുന്നവരെ തൂത്തെറിയുന്നതാണ് കര്‍ഷകര്‍ക്കഭികാമ്യം എന്ന് അഭിപ്രായപ്പെട്ടു. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ചെറുകിട കര്‍ഷകരുടെ ഇടയില്‍ സാമ്പത്തിക ഭദ്രതയുണ്ടാക്കാന്‍ ഏറെ സഹായകരമായിട്ടുണ്ടെന്നും ഇവയ്ക്ക് ഉണ്ടാകുന്ന ഏത് കോട്ടം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറഞ്ഞു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആവശ്യപ്പെട്ടു. എന്‍സിപി ട്രഷറര്‍ മാണി സി കാപ്പന്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി, ഡി.സി.സി. ജനറല്‍ സെക്രട്ടറി സാബു എബ്രാഹം, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി റ്റി.സി. വിനോദ്, ജോര്‍ജ്ജ് സി. കാപ്പന്‍, സി.കെ. മേരിടീച്ചര്‍, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകടിയേല്‍, ഐ.ആര്‍.എം.എഫ് ചെയര്‍മാന്‍ കെ.റ്റി. മാത്യു, കോണ്‍ഗ്രസ് എസ്. സംസ്ഥാന കമ്മറ്റിയംഗം കുമാരകൈമള്‍, കര്‍ഷകസംഘം കോട്ടയം ജില്ലാ മെമ്പര്‍ അഡ്വ. എസ്. ഹരി, സിപിഐ മണ്ഡലം സെക്രട്ടറി ബാബു കെ. ജോര്‍ജ്ജ്, എ.ഐ.റ്റി.യു.സി നേതാവ് പി.ആര്‍. തങ്കച്ചന്‍, ഇന്‍ഫാം കോട്ടയം ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ വെള്ളിമൂഴയില്‍, യൂത്ത് കോണ്‍ഗ്രസ് എസ്. സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ, ചെറിയാച്ചന്‍ മനയാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.