നിലയ്ക്കല്‍-പമ്പ സര്‍വ്വീസില്‍ കെഎസ്ആര്‍ടിസിയുടെ തീവെട്ടിക്കൊള്ള

Wednesday 23 December 2015 1:41 pm IST

ശബരിമല: കഴിഞ്ഞ രണ്ടുദിവസമായി സന്നിധാനത്ത് രൂപപ്പെട്ട തിരക്കിന്റെ മറവില്‍ കെഎസ്ആര്‍ടിസിയുടെ തീവെട്ടിക്കൊള്ള. നിയന്ത്രണ സംവിധാനങ്ങളുടെ ഭാഗമായി നിലയ്ക്കലില്‍ പാര്‍ക്കുചെയ്യുന്ന വാഹനങ്ങളിലെത്തുന്ന അയ്യപ്പന്മാരെ കെഎസ്ആര്‍ടിസി ബസ്സിലാണ് പമ്പയിലെത്തിക്കുന്നത്. 17കിലോമീറ്റര്‍ മാത്രം ദൂരംവരുന്ന നിലയ്ക്ക ല്‍- പമ്പ സര്‍വ്വീസിന് 29രൂപയാണ് ടിക്കറ്റ് നിരക്ക്. സാധാരണനിലയില്‍ 17 കിലോമീറ്റര്‍ യാത്രയ്ക്ക് കെഎസ്ആര്‍ടിസി ഈടാക്കുന്നത് 18രൂപ മാത്രമാണ്. എന്നാല്‍ അയ്യപ്പമാരില്‍നിന്നും അമിതമായി പതിനൊന്ന് രൂപയാണ് ഈടാക്കുന്നത്. പതിനേഴ് കിലോമീറ്റര്‍ മാത്രംവരുന്ന ഈ സര്‍വ്വീസിന് ഓര്‍ഡിനറി ബസ്സുകള്‍ ഒന്നുംതന്നെ നിരത്തിലിറക്കിയിട്ടില്ല. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ മാത്രം സര്‍വ്വീസ് നടത്തിയാണ് കെഎസ്ആര്‍ടിസി അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നത്. സാധാരണ ടിക്കറ്റ് നിരക്ക് മാത്രമാണ് ഭക്തരില്‍നിന്ന് ഈടാക്കുന്നതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ ആണയിട്ട് പറയുമ്പോഴും എന്തുകൊണ്ട് ഈറൂട്ടില്‍ ഓര്‍ഡിനറി സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു എന്നതിന് ഉത്തരം പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആകുന്നില്ല. ത്രിവേണി- പമ്പറൂട്ടില്‍ മൂന്ന് ചെറിയ ബസ്സുകള്‍ മാത്രമാണ് ഓര്‍ഡിനറി നിരക്കില്‍ സ ര്‍വ്വീസ് നടത്തുന്നത്. ശനിയാഴ്ച വെളുപ്പിന് 12.05 മുതല്‍ രാത്രി 12വരെയുള്ള 24 മണിക്കൂറിനുള്ളില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനം 28,12, 506 രൂപയാണ്. 18,5,886 രൂപ ലോഫ്‌ളോര്‍ ബസ്സുകളുടെ ഇനത്തില്‍ കെയുആര്‍ടിസിയും 10,6,620 രൂപ കെഎസ്ആര്‍ടിസിയും വരുമാനമുണ്ടാക്കി. 625 ട്രിപ്പുകളിലായി 27,158 കിലോമീറ്റര്‍ മാത്രം സര്‍വ്വീസ് നടത്തിയപ്പോഴാണ് കെയുആര്‍ടിസി 18,5,886 രൂപയുടെ വരുമാനമുണ്ടാക്കിയത്. അതായത് ഒരോ കിലോമീറ്ററിനും 6.84 രൂപയുടെ വരുമാനം നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ സര്‍വ്വീസ് നടത്തിയ കലോമീറ്റിന്റെ കാര്യത്തില്‍ അധികൃതര്‍ വ്യജമായ കണക്കുകള്‍ സൃഷ്ടിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സര്‍വ്വീസ് നടത്തിയത് 625 ട്രിപ്പുകളാണെങ്കില്‍ വന്നുപോകുന്നതിന് 34 കിലോമീറ്റര്‍ വീതം കൂട്ടിയാല്‍ 21,250 കിലോമീറ്റര്‍ മാത്രമേ ഉണ്ടാകൂ. പക്ഷേ അധികൃതര്‍ നിരത്തുന്ന കണക്കില്‍ 5,908 കിലോമീറ്റര്‍ കൂടുതലാണ്. ഒരോ ട്രിപ്പിനും 2കിലോമീറ്റര്‍വീതം അധികമായി കൂട്ടിയാലും 4,658 കിലോമീറ്റര്‍ എവിടെ ഓടിയതാണെന്ന് പറയേണ്ടിവരും. അതേസമയം 22,129 കിലോമീറ്ററിലൂടെ കെഎസ്ആര്‍ടിസി നേടിയത് ഒരോ കിലോമീറ്ററിനും 4.81 രൂപയാണ്. 71 ജന്റം ബസ്സുകളും 5 എസി ബസ്സുകളുമടക്കം 76 ജന്റംബസ്സുകളും 32 ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകളുമാണ് ശനിയാഴ്ച പമ്പയില്‍നിന്നും സര്‍വ്വീസ് നടത്തിയത്. മറ്റ് ഡിപ്പോകളില്‍നിന്ന് പമ്പയിലെത്തിയ 368 സര്‍വ്വീസുകളുടെ വരുമാനം വേറെയാണ്. ഇതില്‍ 327 സര്‍വ്വീസുകള്‍ അതാത് ഡിപ്പോകളിലേക്ക് തിരച്ചയയ്ക്കുകയും ചെയ്തിട്ടുണ്ട്. പമ്പ ഡിപ്പോയില്‍നിന്നും കെഎസ്ആര്‍ടിസിക്ക് ലഭിച്ച ഇതുവരെയുള്ള വരുമാനം ഏതാണ്ട് 5.68 കോടി രൂപ കവിഞ്ഞു. അന്തര്‍ സംസ്ഥാനങ്ങളിലേക്കായി തെങ്കാശി, പഴനി, കന്യാകുമാരി, മധുര, ബംഗ്ലൂരു, തേനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.